HOME
DETAILS
MAL
മൂന്ന് ദിവസത്തെ കൊവിഡ് ചികിത്സക്ക് 83,000 രൂപ; തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരേ പരാതി
backup
May 25 2021 | 04:05 AM
പാലക്കാട്: മൂന്ന് ദിവസത്തെ കൊവിഡ് ചികിത്സക്ക് 83000 രൂപ ഈടാക്കിയതായി പരാതി. കഴിഞ്ഞ ദിവസം മരിച്ച തൃത്താല ആലൂര്‍ കോരക്കോട്ടില്‍ ഫാത്തിമയുടെ ബന്ധുക്കളാണ് തൃശൂരിലെ മദര്‍ ഹോസ്പിറ്റലിനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഇതേ ആശുപത്രിയില്‍ ചികിത്സ തേടുന്ന ഫാത്തിമയെ തുടര്‍ ചികിത്സക്കായാണ് 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടന്ന കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാത്തിമയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഉടന്‍തന്നെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം മാതാവിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍ അറിയിച്ചുവെന്നും ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ മരിച്ചുവെന്നും ഫാത്തിമയുടെ ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് മൃതദേഹം വിട്ടു നല്‍കുന്നതിന് മുന്‍പ് 83006 രൂപയുടെ ബില്ല് നല്‍കി. ഇത് ചോദ്യം ചെയ്തപ്പോള്‍ ബില്ല് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തയാറാക്കിയിട്ടുള്ളതെന്നും കുറച്ച് നല്‍കാനാവില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പി.പി.ഇ കിറ്റ് കൂടുതല്‍ ഉപയോഗിക്കേണ്ടി വന്നതായും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. എന്നാല്‍ ഫാത്തിമയുടെ രോഗാവസ്ഥ ബന്ധുക്കളെ അറിയിക്കാനെത്തിയ ഡോക്ടറും രോഗി കിടന്നിരുന്ന ഐ.സി.യുവിലേക്ക് കയറിപ്പോയിരുന്ന നഴ്‌സുമാരൊന്നും തന്നെ പി.പി.ഇ കിറ്റ് ധരിച്ചിരുന്നില്ലെന്ന് ഫാത്തിമയുടെ മകന്‍ ജലീല്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഈ ആശുപത്രിയിലെ തന്നെ സി.സി.ടി.വി കാമറയില്‍ നിന്ന് വ്യക്തമാകുമെന്നും ജലീല്‍ പറഞ്ഞു. ഒരു ഡോക്ടറുടെ സന്ദര്‍ശനത്തിന് 2500 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ആശുപത്രിയുടെ കൊള്ളക്കെതിരെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഫാത്തിമയുടെ കുടുംബം.
അതേ സമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നല്‍കിയ ചികിത്സക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയില്‍ തന്നെയാണ് ബില്ല് തയാറാക്കിയതെന്നാണ് മദര്‍ ഹോസ്പിറ്റല്‍ അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."