ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം: സിറാജ് ഇബ്രാഹിം സേട്ട്
കൊച്ചി: ലക്ഷദ്വീപിന്റെ സത്വ തന്നെ തകര്‍ക്കുന്ന തരത്തില്‍ കിരാത നടപടികള്‍ നടപ്പാക്കി കാവിവല്‍ക്കരിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ഓള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ സിറാജ് ഇബ്രാഹിം സേട്ട് ആവശ്യപ്പെട്ടു.
കാലങ്ങളായി സമാധാനപരമായി ഏറെ സന്തോഷത്തോടെ ജീവിച്ചുവന്നിരുന്ന ഒരു ജനതയ്ക്കുമേല്‍ അവകാശലംഘനം നടത്തി ഒരു സംസ്‌കാരം തന്നെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കുറ്റകൃത്യം തീരെ നടക്കാത്ത ലക്ഷദ്വീപിനെ മാതൃകയാക്കുന്നതിന് പകരം ആ നാടിനെ തന്നെ നശിപ്പിക്കാനുള്ള നീക്കം അപലപനീയമാണ്. ഒരു കുറ്റവാളി പോലുമില്ലാത്ത നാട്ടിലാണ് ഗുണ്ടാ ആക്ട് നടപ്പാക്കിയത്. ഇതിലൂടെ ആ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കേന്ദ്രഭരണകൂടം ശ്രമിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.
സ്മാര്‍ട്ട് സിറ്റിയുടെ പേര് പറഞ്ഞാണ് എഴുപതിനായിരത്തോളം പേര്‍ മാത്രം ജീവിക്കുന്ന ദ്വീപുകളില്‍ പൊളിച്ചുനീക്കല്‍ നടപടി നടത്തുന്നത്. മത്സ്യബന്ധനം ഉപജീവനം നടത്തുന്ന ദ്വീപ് നിവാസികളുടെ വരുമാനം ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് ഭരണകൂടം മനസിലാക്കണം.
കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷമെടുത്ത നടപടികള്‍ ഈ നാടിന്റെ സമാധാനം കെടുത്തിയിരിക്കുകയാണ്. മദ്യപിക്കാത്ത ജനതയ്ക്ക് മുന്നില്‍ മദ്യം വിളമ്പിയും രണ്ടിലധികം കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പുകളില്‍നിന്ന് വിലക്കിയും ബീഫ് നിരോധിച്ചും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയും ചെയ്യുന്ന അത്യന്തം നീചമായ തീരുമാനങ്ങള്‍ ലക്ഷദ്വീപിന്റെ നാശം ലക്ഷ്യം വച്ചുള്ളതാണെന്നും ഇതിനെതിരേയുള്ള പ്രതിഷേധനങ്ങള്‍ കണക്കിലെടുത്ത് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."