പുസ്തകം തിന്നുന്ന യുവാവ്
ശാമില്‍ ചുള്ളിപ്പാറ
ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനമാണ് വായന''. 19ാം നൂറ്റാണ്ടിലെ ഇംഗ്ലിഷ് സാഹിത്യകാരന്‍ വില്യം സോമസെറ്റിന്റെ പ്രശസ്തമായ വരികളാണിത്. മലപ്പുറം തിരൂരങ്ങാടിക്കടുത്ത ചെറുമുക്കിലെ ഹനീഫയ്ക്ക് വായന കൂടപ്പിറപ്പാണ്. അതിജീവനമാണ്. ഈ യുവാവിന് ജീവിക്കാനുള്ള ഊര്‍ജം പകരുന്നത് വായിക്കാനുള്ള പുസ്തകങ്ങളാണ്. ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തകര്‍ത്തത് അപ്രതീക്ഷിതമായി സംഭവിച്ച അപകടമായിരുന്നു. രണ്ടായിരത്തിലായിരുന്നു അത്. അപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് കാലുകള്‍ കുഴഞ്ഞു. രോഗശയ്യയിലായി വീട്ടിലെ ചുവരുകള്‍ക്കിടയില്‍ ഒതുങ്ങിയപ്പോഴും വിധിയെ പഴിച്ചിരിക്കാതെ വായനയിലൂടെ നോവിന്റെ കനലുകള്‍ കെടുത്തുകയായിരുന്നു അദ്ദേഹം. 22 വര്‍ഷങ്ങള്‍ക്കിപ്പുറം ആറായിരത്തില്‍പരം പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞിരിക്കുന്നു ഈ 38കാരന്‍. വെറുതെ വായിച്ചുപോവുകയല്ല, ഇതില്‍ നാലായിരത്തില്‍പരം പുസ്തകങ്ങളെ ആസ്പദമാക്കി ആസ്വാദനവും തയാറാക്കി.
അസുഖബാധിതനായ സമയത്തുതന്നെ നിരവധി പുസ്തകങ്ങള്‍ വായിച്ചിരുന്നു. എത്ര വായിച്ചിട്ടും വിശുദ്ധ ഖുര്‍ആനിനോളം തന്നെ സ്വാധീനിച്ചതും ഇഷ്ടപ്പെട്ടതുമായ പുസ്തകമില്ലെന്ന് ഹനീഫ പറയുന്നു. മലയാള സാഹിത്യത്തില്‍ എം.ടിയും തകഴിയും ബഷീറും ചങ്ങമ്പുഴയും ഒ.എന്‍.വിയുമൊക്കെയാണ് ഹനീഫയുടെ ഇഷ്ട എഴുത്തുകാര്‍. ആധുനിക എഴുത്തുകാരായ കെ.ആര്‍ മീരയുടെയും ദീപാ നിശാന്തിന്റെയും അനിതാ നായരുടെയുമൊക്കെ സ്ഥിരം വായനക്കാരനാണ് ഹനീഫ. കുട്ടിക്കാലത്ത് ഉമ്മ വായിച്ചുകൊടുക്കാറുള്ള ടോള്‍സ്റ്റോയി കഥകളും പഞ്ചതന്ത്ര കഥകളുമാണ് ഹനീഫയിലെ വായനക്കാരനെ പുഷ്ടിപ്പെടുത്തിയത്.
വായനയുടെ ലോകത്തേക്ക്
മൂന്നിയൂര്‍ നിബ്രാസിലെ പഠനകാലം വായനയ്ക്ക് മികവ് തെളിയിക്കാന്‍ ഹേതുവായെന്ന് ഹനീഫ പറയുന്നു. അധ്യാപകരായിരുന്ന സ്വാദിഖ് വെളിമുക്ക്, മന്‍സൂര്‍ കൊളപ്പുറം, താജുദ്ദീന്‍ എന്നിവരിലൂടെയാണ് കുട്ടിക്കാലത്തെ വായന സജീവമായത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ പൊതിഞ്ഞുകിട്ടാറുള്ള ന്യൂസ് പേപ്പറില്‍ നിന്നുംനോവലുകളിലേക്കും വിവര്‍ത്തനങ്ങളിലേക്കും കഥകളിലേക്കും കവിതകളിലേക്കും വായന പടര്‍ന്നു. എം.ടി, കെ.ആര്‍ മീര തുടങ്ങിയ എഴുത്തുകാര്‍ ഒപ്പുവച്ച പുസ്തകങ്ങളും ഹനീഫയുടെ പക്കലുണ്ട്. ആല്‍ക്കെമിസ്റ്റ്, ഭഗവത്ഗീതക്ക് ജ്ഞാനേശ്വരന്‍ മറാത്തി ഭാഷയിലെഴുതിയ വ്യാഖ്യാനം,സ്വാതന്ത്ര്യസമര ചരിത്രങ്ങള്‍ എന്നിവയെല്ലാം ഹനീഫയുടെ ഇഷ്ടപുസ്തകങ്ങളാണ്. വായിച്ച പുസ്തകങ്ങളില്‍ അതിയായി ഇഷ്ടപ്പെട്ടവ സൂക്ഷിച്ചുവെക്കും. മറ്റുള്ളത് ലൈബ്രറികള്‍ക്കും വായനാപ്രിയര്‍ക്കും നല്‍കും.
അപകടത്തെ തുടര്‍ന്ന്പഠനം പാതിവഴിയായെങ്കിലും വിട്ടുകൊടുക്കാന്‍ ഹനീഫ തയാറായില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദം കരസ്ഥമാക്കി. ശാരീരിക വെല്ലുവിളികളുണ്ടായതിനാല്‍ബിരുദാനന്തര പഠനത്തിന് മുതിര്‍ന്നില്ല. പ്രാചീന മലയാള സാഹിത്യവും ആധുനിക മലയാള സാഹിത്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഉറൂബ്, കേശവ് ദേവ്, തകഴി എന്നിവരുടെ മൂല്യവത്തായ രചനകളും പുതിയ തലമുറ വായിക്കണമെന്നും ഹനീഫ പറയുന്നു. ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും രചനാ ശൈലി കൊണ്ടും പ്രാചീന മലയാള സാഹിത്യത്തില്‍ നിന്നും ആധുനിക മലയാള സാഹിത്യം ഏറെ വ്യത്യസ്തമായിരിക്കുന്നു. പ്രാചീന മലയാള സാഹിത്യത്തില്‍ കുടുംബബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണെങ്കില്‍ ആധുനിക മലയാളസാഹിത്യം വ്യക്തികേന്ദ്രീകൃതമായ ആന്തരിക സംഘര്‍ഷങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകളുടെ വേദിയാകുന്നു.
മദ്യപാനി തകര്‍ത്ത ജീവിതം
മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണ്ഒരു ജീവനും ഹനീഫയുടെ ജീവിതവും തകര്‍ത്തത്. 14 വര്‍ഷത്തെ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ പി.കെ വാര്യരുടെ ചികിത്സയാണ് ഹനീഫയെ സാധാരണ ജീവിതത്തിലേക്കെത്തിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ റെന്‍ഡിങ് ലൈബ്രറി എന്ന പേരില്‍ വീട്ടില്‍ ലൈബ്രറി സ്ഥാപിച്ചു. മൂന്ന് പുസ്തകങ്ങള്‍കൊണ്ടായിരുന്നു തുടക്കം. പിന്നീട് മൂന്നിയൂരില്‍ ടെലിഫോണ്‍ ബൂത്ത് ആരംഭിച്ചപ്പോള്‍ അതിനോട് ചേര്‍ന്ന്മദീന ഹോം ലൈബ്രറി എന്ന പേരില്‍ ഒരു പുസ്തകശാല തുടങ്ങി. ഇതിലെ 3000 പുസ്തകങ്ങളും ഹനീഫ വായിച്ചുതീര്‍ത്തു എന്നത് എടുത്തുപറയേണ്ടതാണ്. പുസ്തകം വിറ്റുകിട്ടുന്ന പണംകൊണ്ട് മറ്റു പുസ്തകങ്ങള്‍ വാങ്ങും. എന്നാല്‍ ഇതധികകാലം നീണ്ടുനിന്നില്ല. മറ്റു സാങ്കേതിക തകരാറുകള്‍ മൂലം വായനശാലയുടെ പ്രവര്‍ത്തനം നിലച്ചു.
ഉറ്റ സുഹൃത്ത്
ദിവസവും ഒരു പുസ്തകമെങ്കിലും ഹനീഫ വായിച്ചുതീര്‍ക്കും. എവിടെപ്പോകുമ്പോഴും മുച്ചക്ര വാഹനത്തില്‍ ഉറ്റസുഹൃത്തിനെ പോലെപുസ്തകങ്ങളുണ്ടാവും. കുടുംബജീവിതത്തിന് തുടക്കംകുറിച്ച ശേഷം പലരും പുസ്തകവായനയെ എതിര്‍ത്തെങ്കിലുംഹനീഫയുടെ പുസ്തകപ്രേമം നിലച്ചില്ല. കൂടുതല്‍ മികവോടെ പുസ്തകങ്ങളോടും അക്ഷരങ്ങളോടും ഹനീഫ സല്ലപിച്ചുകൊണ്ടേയിരുന്നു. വായിക്കുക മാത്രമല്ല, മറ്റുള്ളവരെ വായിപ്പിക്കാനും വീട്ടിലെത്തുന്നവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാനും ഈ യുവാവ് മറക്കാറില്ല. മലയാളത്തിലെ മിക്ക പ്രസാധകരുമായും വ്യക്തിബന്ധമുള്ളതിനാല്‍ അവരുടെ സാഹിത്യസംഗമങ്ങളില്‍ ഹനീഫ അതിഥിയായി എത്താറുണ്ട്. വായനയ്ക്കും എഴുത്തിനും പ്രോത്സാഹനം സൃഷ്ടിക്കുന്ന നിരവധി സമൂഹമാധ്യമങ്ങളിലും നൂറോളം വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഹനീഫ സജീവമാണ്.
വായനക്കാരെ സൃഷ്ടിച്ചെടുക്കുന്ന എഴുത്തോല വാട്‌സാപ്പ് ഗ്രൂപ്പിലെ മുഖ്യ അംഗമാണ് ഹനീഫ. കൂടുതല്‍പേജുകള്‍ വായിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന ഗ്രൂപ്പിന്റെ പദ്ധതി അഭിനന്ദനാര്‍ഹമാണെന്ന് ഹനീഫ പറയുന്നു. വായിച്ചുകഴിഞ്ഞ പുസ്തകങ്ങള്‍ വിവിധ കോളജുകളിലേക്കും ഇസ്്‌ലാമിക സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യും. 33 ശതമാനം വിലക്കിഴിവോടെ ഹനീഫയുടെ പക്കല്‍ നിന്നും ദിവസേന പുസ്തകങ്ങള്‍ വാങ്ങുന്നവരുമുണ്ട്. ഇതുവരെ രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവയില്‍ വിവര്‍ത്തനങ്ങള്‍, ബാലസാഹിത്യം, ഇസ്്‌ലാമിക ചരിത്രങ്ങള്‍, നോവലുകള്‍, ജീവചരിത്രം, കഥകള്‍, കവിതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
മൂന്നുവര്‍ഷം തിരൂരങ്ങാടി യങ് മെന്‍സ് ലൈബ്രറിയിലെ അസി. ലൈബ്രേറിയനായി ജോലി ചെയ്തിരുന്നു. വായന ഇഷ്ടപ്പെടുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയകളിലെ ഇ-വായന ഹനീഫക്ക് ഇഷ്ടമില്ല. പുസ്തകങ്ങളെ കുറിച്ച് എഴുതിയ ആസ്വാദനക്കുറിപ്പുകള്‍ പ്രചരിപ്പിക്കാനാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുള്ളത്. ഓണ്‍ലൈന്‍ വായനയെക്കാള്‍ കൂടുതല്‍ അറിവും വിജ്ഞാനവും നല്‍കുന്നത് പുസ്തകവായനയാണെന്നാണ് ഹനീഫയുടെ പക്ഷം.
നാടിന്റെ മാര്‍ഗദര്‍ശി
വായനയ്ക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഏറെ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വായനദിനങ്ങളില്‍ സുഹൃത്തുകള്‍ പുസ്തകങ്ങള്‍ നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം നാട്ടിലെ സാംസ്‌കാരിക സംഘടനയായ 'നാട്ടുകാര്യം' ഹനീഫയുടെ പുസ്തകങ്ങള്‍ക്ക് കൂട്ടായി ബുക്ക് ഷെല്‍ഫുകള്‍ സമ്മാനിച്ചിരുന്നു. ഹനീഫയുടെ വായനപ്രേമം പലരെയും വായനയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും സഹായിച്ചു. ഹനീഫയിലൂടെ അക്ഷരങ്ങളെയും പുസ്തകങ്ങളെയും പ്രണയിച്ച് വീട്ടില്‍ പുസ്തകങ്ങളുടെ ശേഖരം തുടങ്ങിയവരുമുണ്ട്. സമൂഹനന്മയ്ക്കുവേണ്ടി വായനയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും കൂടുതല്‍ ആളുകളെ വായനയിലേക്ക് കൊണ്ടുവരുകയും ലൈബ്രറികള്‍ സ്ഥാപിക്കുകയുമാണ്ഹനീഫയുടെ ലക്ഷ്യം. നിരവധി ഗവേഷണ വിദ്യാര്‍ഥികളും പിഎച്ച്ഡി ചെയ്യുന്നവരും റഫറന്‍സുകള്‍ക്കും അപൂര്‍വ പുസ്തകങ്ങള്‍ തേടിയും ഹനീഫയുടെ അടുക്കലെത്താറുണ്ട്. മകന്റെ വായനയ്ക്കു കൂട്ടായി പിതാവ് ഉമ്മറും മാതാവ് ആയിഷാബിയുമുണ്ട്. ഭാര്യ സലീനയും മക്കളായ ഉമയ്‌റും ആയിഷയും ഖദീജയുമൊക്കെ പിതാവിന് പിന്തുണയുമായുണ്ട്.
മുച്ചക്ര വാഹനത്തിലെ വിനോദയാത്ര
വായനയോടൊപ്പം ഹനീഫയ്ക്ക് യാത്രയും ഇഷ്ടമാണ്. നാലാം വയസില്‍ തന്നെ വല്യുപ്പയോടൊപ്പം മുംബൈയിലെ വിവിധ പ്രദേശങ്ങളിലേക്ക് യാത്രപോയി. എല്ലാ വര്‍ഷവും ഇതാവര്‍ത്തിച്ചു. 11ാം വയസില്‍ ഉംറ ചെയ്തു. ഇപ്പോള്‍ ഉപയോഗിക്കുന്ന മുച്ചക്ര വാഹനത്തില്‍ മഹാരാഷ്ട്രയിലേക്ക് സാഹസികയാത്ര നടത്തി. ഈ യാത്രയില്‍ താജ്മഹല്‍, മൈസൂര്‍ വിജയനഗര സാമ്രാജ്യം, ഹംപി, സൂഫി ദര്‍ഗകള്‍ തുടങ്ങി ചരിത്രസ്ഥലങ്ങള്‍ കാണാനും കഴിഞ്ഞു. കൊവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ രണ്ടുമൂന്ന് വര്‍ഷം യാത്രചെയ്യാനായില്ലെന്നും ഇനി യാത്രപോകണമെന്നും ഹനീഫ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."