ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അന്തരിച്ചു
കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്‍ക്കത്ത, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നു.സംസ്‌കാരം വൈകിട്ട് 5 മണിക്ക് എറണാകുളം പച്ചാളം ശ്മശാനത്തില്‍ നടക്കും.
2004 ലാണ് കേരള ഹൈക്കോടതി ജഡ്ജിയായത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ ചീഫ് ജസ്റ്റിസ് എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിയോഗിച്ച കമ്മീഷന്‍ അധ്യക്ഷനായിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി അധ്യക്ഷന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ അഭിഭാഷകരായ എന്‍. ഭാസ്‌കരന്‍ നായരുടെയും കെ. പാറുക്കുട്ടി അമ്മയുടെയും മകനായി 1959 ഏപ്രില്‍ 29നാണ് രാധാകൃഷ്ണന്‍ ജനിച്ചത്. കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ്, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം ആര്യ സെന്‍ട്രല്‍ സ്‌കൂള്‍, ട്രിനിറ്റി ലൈസിയം, കൊല്ലം എഫ്.എം.എന്‍. കോളേജ്, കോലാറിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1983 ഡിസംബറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."