ബംഗാരം റിസോര്‍ട്ടും കൊച്ചി ഗസ്റ്റ് ഹൗസും സ്വകാര്യമേഖലക്ക്; ലക്ഷദ്വീപുകാര്‍ പുറത്താകുന്നു
സ്വന്തം ലേഖകന്‍
ആലപ്പുഴ: ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബംഗാരം ദ്വീപിലെ ഇക്കോ ടൂറിസം റിസോര്‍ട്ടും സാധാരണക്കാരായ ദ്വീപ് നിവാസികളുടെ ആശ്രയമായ കൊച്ചിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നു. ലക്ഷദ്വീപ് നിവാസികളായ 250 ഓളം പേരെ തൊഴില്‍ രഹിതരാക്കിയാണ് നടപടി.
വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകളെ ക്ഷണിച്ചു കൊണ്ടുള്ള ഇ -ടെന്‍ഡര്‍ 28 നാണ് തുറക്കുന്നത്. സ്വകാര്യ ഗ്രൂപ്പുകളുടെ കൈയില്‍നിന്ന് നിയമ പോരാട്ടത്തിലൂടെ ലക്ഷദ്വീപ് ഭരണകൂടം തിരിച്ചുപിടിച്ച ബംഗാരത്തെ ഇക്കോ ടൂറിസം റിസോര്‍ട്ടിന്റേയും ഹട്ടിന്റേയും അഞ്ച് വര്‍ഷത്തേക്കുള്ള നടത്തിപ്പാണ് നല്‍കുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷം നീട്ടി നല്‍കുകയും ചെയ്യും. കൊച്ചിയിലെ ഗസ്റ്റ് ഹൗസിന്റെ നടത്തിപ്പ് ആദ്യം മൂന്ന് വര്‍ഷവും പിന്നീട് രണ്ട് വര്‍ഷം നീട്ടി നല്‍കുമെന്നാണ് വ്യവസ്ഥ.20 കോടി രൂപ വിറ്റുവരവുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ശൃംഖലയിലുള്ള കമ്പനികള്‍ക്ക് മാത്രമേ ബംഗാരം റിസോര്‍ട്ടിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയൂ. ഗസ്റ്റ് ഹൗസ് ടെന്‍ഡറില്‍ മൂന്ന് കോടി രൂപയുടെ വിറ്റുവരവും നിര്‍ബന്ധമാണ്. ഇതോടെ ലക്ഷദ്വീപുകാര്‍ ടെന്‍ഡറില്‍ നിന്ന് പൂര്‍ണമായും പുറത്താകും.
കൊവിഡ് വ്യാപനംമൂലം ലോക ടൂറിസം മേഖല സ്തംഭിച്ചിരിക്കുന്ന ഈ സമയത്ത് ഇ ടെന്‍ഡര്‍ വിളിച്ചത് ആസൂത്രിത നീക്കമാണെന്നാണ് ആക്ഷേപം. പ്രമുഖ ഹോട്ടലുകള്‍ ഒന്നും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലാത്തപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്നെ ടെന്‍ഡര്‍ നല്‍കാന്‍ കഴിയും. കൊച്ചിയില്‍ ചികിത്സയ്ക്കും പഠന ആവശ്യങ്ങള്‍ക്കും എത്തുന്ന ദ്വീപ് നിവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ തങ്ങാന്‍ കഴിയുന്ന ഗസ്റ്റ് ഹൗസ് സ്വകാര്യ ലോബിക്ക് കൈമാറുന്നതോടെ സാധാരണക്കാര്‍ക്ക് അന്യമായി മാറും. നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് 150 രൂപ വാടക നല്‍കിയാല്‍ മതി. 58 പേര്‍ക്ക് താമസിക്കാവുന്ന രണ്ട് ഡോര്‍മെറ്ററികളും നാല് എ.സി റൂമുകള്‍ അടക്കം 42 മുറികളാണ് ഇവിടെയുള്ളത്. കൊച്ചി നഗരത്തിലെത്തുന്നവര്‍ക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഏക ആശ്വാസ കേന്ദ്രമാണിത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഗസ്റ്റ് ഹൗസ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാരിന് കൈമാറിയതിനാലാണ് ടെന്‍ഡറില്‍ ഇടം പിടിക്കാതിരുന്നത്. ഇതും താമസിയാതെ സ്വകാര്യവല്‍ക്കരിക്കും. ലോകത്തെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങളില്‍ ഇടം പിടിച്ച ടൂറിസ്റ്റ് കേന്ദ്രമായ ബംഗാരത്തെ റിസോര്‍ട്ടില്‍ 30 മുറികളാണുള്ളത്. ടൂറിസത്തിന് മാത്രമായി മാറ്റിയിട്ടുള്ള ബംഗാരത്ത് ജനങ്ങള്‍ താമസിക്കുന്നില്ല.
ഇവിടെ മാനേജര്‍ ഉള്‍പ്പെടെ 202 പേരാണ് ജോലി ചെയ്യുന്നത്. ടൂറിസം വകുപ്പിന് കീഴില്‍ സ്‌പോര്‍ട്‌സ് എന്ന സൊസൈറ്റിയാണ് ഇപ്പോള്‍ ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടി നേരത്തെ തന്നെ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."