ഇമാം മുസ്‌ലിം(റ): തിരുവരുളുകളുടെ ജ്ഞാനവസന്തം
ഉനൈസ് ഹിദായ ഹുദവി
ഹദീസിന്റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്‌ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്‌ലിമിന്റെ രചയിതാവും ഇസ്‌ലാമിക ലോകത്തെ പ്രഗല്‍ഭനായ ഹദീസ് പണ്ഡിതനുമാണ് ഇമാം അബുല്‍ ഹുസൈന്‍ മുസ്‌ലിം ബിന്‍ ഹജ്ജാജ് അല്‍ ഖുശൈരി. ഹിജ്‌റ 206ല്‍ (ക്രിസ്തു വര്‍ഷം:821) ഇസ്്‌ലാമിക വിജ്ഞാനീയങ്ങളിലേക്കനവധി സംഭാവനകളര്‍പ്പിച്ച ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനില്‍ സ്ഥിതിചെയ്യുന്ന നൈസാപൂരിലെ വിശ്രുതമായ പേര്‍ഷ്യന്‍ വ്യാപാര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതന്‍ ഇമാം ശാഫിഈ ഈജിപ്തില്‍ ദിവംഗതനായിരുന്ന ദിവസത്തിലായിരുന്നു ആ ഉദയമെന്നഭിപ്രായപ്പെട്ടവരുമുണ്ട്.
വിജ്ഞാനദാഹിയായിരുന്ന പിതാവിന്റെ വഴിയേ ചെറുപ്പത്തില്‍ തന്നെ മുസ്‌ലിമും പണ്ഡിതസദസ്സുകളിലും വൈജ്ഞാനിക ചര്‍ച്ചകളിലും താല്‍പര്യം കണ്ടെത്തി. ഹദീസ് മേഖലയിലെ പ്രസിദ്ധരായ അഹ്മദ് ബിന്‍ ഹന്‍ബല്‍, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, അബൂബക്ര്‍ ബിന്‍ അബീ ശൈബ, ഇമാം അബൂ ഖുസൈമ, യഹ്‌യ ബിന്‍ യഹ്‌യന്നൈസാബൂരി, മുഹമ്മദ് ബിന്‍ മുസ്‌നി തുടങ്ങിയവരില്‍ നിന്നും പതിനായിരത്തോളം തിരുവാക്യങ്ങള്‍ ഹൃദിസ്ഥമാക്കിയപ്പോള്‍ തനിക്ക് വെറും 14 വയസ്സായിരുന്നു പ്രായം!
പിതാവില്‍ നിന്നനന്തരമായി ലഭിച്ച സമ്പത്ത് മുഴുവനായും വൈജ്ഞാനിക വഴിയില്‍ ചെലവഴിക്കണമെന്ന് ശഠിച്ച അദ്ദേഹം ഗുരുനാഥരെ തേടിയുള്ള അലച്ചിലിലാണ് തന്റെ യൗവനം കഴിച്ചുകൂട്ടിയത്. ഹദീസ് ശേഖരണം മുഖ്യഅജണ്ടയാക്കിയ ഈ പഠന പര്യടനങ്ങളില്‍ ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ ദേശങ്ങള്‍ സഞ്ചരിച്ച അദ്ദേഹം ഹദീസ് ശേഖരണാര്‍ഥം അനവധി ഗുരുവര്യരെ തേടിപ്പിടിക്കുകയും അവരില്‍ നിന്നുമായി വിവിധ വിഷയങ്ങളിലുള്ള ഹദീസുകള്‍ സ്വീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച ഈ യാത്രകള്‍ക്ക് ശേഷം തന്റെ സ്വദേശമായ നിഷാപൂരില്‍ സ്ഥിരതാമസമാക്കിയവസരത്തിലാണ് ഇമാം ബുഖാരിയുമായി സംഗമിക്കുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. അധ്യാപനത്തിലും രചനയിലുമായി ശിഷ്ടജീവിതം ചെലവഴിച്ച മുസ്‌ലിമിന്റെ സംഭാവനകള്‍ കാലാതീതമായി മാറിയതില്‍ ബുഖാരിയുടെ സ്വാധീനം നിര്‍ണായകമായിരുന്നു.
സത്യസന്ധത, നീതിനിഷ്ഠ, സ്വഭാവശുദ്ധി എന്നീ വൈശിഷ്ടങ്ങള്‍ക്കു പുറമെ ഗവേഷണ തല്‍പരത, കുശാഗ്രബുദ്ധി, ചരിത്രപാടവം, അന്വേഷണോന്മുഖത തുടങ്ങിയ ഗുണവിശേഷങ്ങള്‍ കൊണ്ടലങ്കരിക്കപ്പെട്ടതായിരുന്നു ഇമാം മുസ്‌ലിമിന്റെ ജീവിതം. ഹദീസ് രേഖീകരണത്തിന്റെ സുവര്‍ണദശയായി ഗണിക്കുന്ന മൂന്നാം ശതകത്തിലെ അമൂല്യനിധി സമ്മാനിച്ച ഇമാം ഗഹനമായ ചിന്തയിലായിരിക്കെ ഈത്തപ്പഴം അശ്രദ്ധമായി അധികം കഴിച്ചതാണ് മരണകാരണമെന്ന ഉദ്ധരണികള്‍ വരെ ചരിത്രച്ചീന്തുകളില്‍ കാണാം. രചനയിലും ക്രോഢീകരണത്തിലും ഗഹന ഭാവം വച്ചുപുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ 15 വര്‍ഷത്തെ ഗദീസ് ഗവേഷണ പഠനങ്ങളുടെ ഫലമായിരുന്നു സ്വഹീഹ് മുസ്‌ലിം എന്ന വിശ്വവിഖ്യാത ഹദീസ് ഗ്രന്ധം.
സ്വഹീഹുല്‍ ബുഖാരിക്കു ശേഷം വിശ്വാസ്യതയിലും പ്രാബല്യത്തിലും തൊട്ടടുത്തു നില്‍ക്കുന്ന ‘അല്‍ജാമിഉല്‍ മുസ്‌നദുസ്വഹീഹ്’ എന്നു പൂര്‍ണനാമുള്ള ഈ വിശ്വോത്തര ഗ്രന്ഥത്തില്‍ 3,00,000 ഹദീസുകളില്‍ നിന്ന് കടഞ്ഞെടുത്ത അമൂല്യങ്ങളായ ഹദീസുകളാണുള്ളത്. ആധികാരികതയിലും വിശ്വാസ്യതയിലും നിസ്തര്‍ക്കം പരിഗണിക്കപ്പെടുന്ന ബുഖാരി, മുസ്‌ലിം ദ്വയങ്ങളൊന്നിച്ചു സ്വീകരിച്ച ഹദീസുകളെ മുത്തഫഖുന്‍ അലൈഹി (ഇരുവരും യോജിച്ചത്) എന്ന പേരില്‍ ആധികാരിക സ്ഥാനമലങ്കരിക്കുന്നവയാണ്.
ഹദീസ് നിദാന ശാസ്ത്രത്തില്‍ ഇമാം ബുഖാരിയില്‍ നിന്നും വ്യതിരിക്തമായ പുതിയൊരു കാഴ്ചപ്പാടു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ പല ദര്‍ശനങ്ങളും പുനരാവിഷ്‌കരിച്ചു കൊണ്ടാണിത് വികസിപ്പിച്ചെടുത്തത്. പരസ്പരം കണ്ടുവെന്ന് ഉറപ്പുള്ളവരില്‍ നിന്ന് മാത്രം ഹദീസ് സ്വീകരിക്കുന്ന ബുഖാരിയുടെ ശൈലിയോടുള്ള വിയോജിപ്പ് തുറഞ്ഞ് പറഞ്ഞ് കൊണ്ട് സമകാലികരില്‍ നിന്നതാവുന്നതില്‍ വിരോധമില്ലെന്നദ്ദേഹം വിശകലനം ചെയ്തു. വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചാരംഭിച്ച് കര്‍മശാസ്ത്രരീതിയില്‍ ക്രമീകരിച്ച സ്വഹീഹീന്റെ രചനാശൈലി അതിവിശിഷ്ടവും നിത്യനവത്വം പകരുന്നതുമാണ്.
ആവര്‍ത്തനവിരസത പരമാവധിയുപേക്ഷിച്ച് നിവേദകപരമ്പരക്കിടയില്‍ നിന്നുള്ള മാറ്റമായ തഹ്‌വീലെന്ന സമ്പ്രദായം 1600ലധികം തവണയുപയോഗിച്ച് ചുരുക്കിയെഴുത്തിനൊപ്പം റിപ്പോര്‍ട്ടര്‍മാരുപയോഗിച്ച അതേ പദപ്രയോഗമടിസ്ഥാനമാക്കിയ അവരുടെ സൂക്ഷ്മത പില്‍ക്കാല ഹദീസ് പഠിതാക്കള്‍ക്കേറെ വിശകലനങ്ങള്‍ക്ക് വഴി തെളിക്കുന്നുണ്ട്.
വ്യഖ്യാനങ്ങളൊട്ടേറെയുള്ള സ്വഹീഹിന് ഇമാം നവവി(റ)യുടെ ‘അല്‍ മിന്‍ഹാജ് ഫീ ശറഹ് മുസ്‌ലിം’ആണ് പ്രഥമ ഗണനീയം. ശബീര്‍ അഹ്്മദ് ഉസ്മാനിയുടെ ‘ഫത്ഹുല്‍ മുല്‍ഹിം’ മുഹമ്മദ് തഖി ഉസ്മാനി പൂര്‍ത്തീകരിച്ചെഴുതിയ ‘തക്മിലതുഫത്ഹുല്‍ മുല്‍ഹിം’ മുതലായവ പ്രത്യേകം പ്രസ്താവമര്‍ഹിക്കുന്നു.
സ്വഹീഹ് മുസ്‌ലിമിനു പുറമെ അല്‍ മുസ്‌നദുല്‍ കബീര്‍, കിതാബുല്‍ അസ്മാഅ്, ഔഹാമുല്‍ മുഹദ്ദിസീന്‍, കിതാബുല്‍ അഖ്‌റാന്‍, കിതാബുല്‍ അഫ്‌റാദ് തുടങ്ങി ഇരുപത്തഞ്ചോളം ഗഹനമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹദീസിനു പുറമെ ചരിത്രത്തിലും അഗാധ ജ്ഞാനിയായിരുന്നു അദ്ദേഹമെന്നു ചരിത്രകാരന്മാര്‍ ശരിവയ്ക്കുന്നുണ്ട്.
ഹിജ്‌റ 261 (ക്രി.വ: 874) റജബ് അഞ്ചിന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം നൈസാപൂരില്‍ തന്നെയാണ്. ഹദീസ് ഗ്രന്ഥരചയിതാക്കളായ ഇമാം തിര്‍മിദി, ഇബ്‌നു അബിഹാതിമുറാസി, ഇബ്‌നു ഖുസൈമ എന്നിവര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പ്രമുഖരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."