വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജ് പൊലിസ് കസ്റ്റഡിയില്‍, പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് മാറ്റി
തിരുവനന്തപുരം: സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് പൊലിസ് കസ്റ്റഡിയില്‍. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിലാണ് നടപടി.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹാജരായ പി.സി ജോര്‍ജിനെ പാലാരിവട്ടം പൊലിസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് നിന്നുള്ള പൊലിസ് സംഘം എത്തിയിട്ട് അവര്‍ക്ക് കൈമാറുമെന്നാണ് വിവരം.
കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹരജി പരിഗണിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്.
സമാനകുറ്റം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞത് കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പത്ത് ദിവസത്തിനകം ജാമ്യ വ്യവസ്ഥ ലംഘിച്ചു. കോടതി നല്കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഹിന്ദു മാഹാ സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി. ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലെത്തി. ശോഭാ സുരേന്ദ്രന് അടക്കമുള്ള നേതാക്കളാണ് ജോര്‍ജിന് പിന്തുണയുമായി തെരുവിലിറങ്ങിയത്.
പാലാരിവട്ടം സ്റ്റേഷന് മുന്നില്‍ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എത്തിയ പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."