HOME
DETAILS

ട്രെയിൻ യാത്രയ്ക്ക്എന്ത് സുരക്ഷ

  
backup
April 04 2023 | 02:04 AM

security-of-train-travel-and-kozhikkode-train-fire

ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ കഴിഞ്ഞ ദിവസം രാത്രി സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിലാണ് മലയാളികൾ. കേരളം ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ക്രൂരമായ സംഭവമായിരുന്നു കോഴിക്കോടിനടുത്ത എലത്തൂരിൽ ട്രെയിനിൽ ഉണ്ടായത്. ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന 16307 എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ റിസർവേഷൻ കോച്ച് ഡി വണിൽ അതിക്രമിച്ചു കയറിയ ആൾ യാത്രക്കാരുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് യാത്രക്കാർക്ക് പൊള്ളലേറ്റു. ഇതിൽ ആശുപത്രിയിലുള്ള ഒരാളുടെ പരുക്ക് ഗുരുതരമാണ്. പ്രാണരക്ഷാർഥം ട്രെയിനിൽനിന്ന് ചാടിയ മൂന്നുപേരുടെ ജീവനും പൊലിഞ്ഞു. തീ ആളിപ്പടർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് ഓടുകയായിരുന്നു. ഇതിനിടെ രക്ഷപ്പെടാനായി ട്രെയിനിൽനിന്ന് രണ്ടു വയസുകാരിയെയുമെടുത്ത് ചാടിയപ്പോഴായിരിക്കണം കുഞ്ഞടക്കം മൂന്നു പേർക്കും ജീവൻ നഷ്ടപ്പെട്ടത്.


കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിൻ 15 മിനിറ്റ് കഴിഞ്ഞ് എലത്തൂർ കടന്നുപോകുമ്പോൾ 70 മുതൽ 80 വരെ കിലോമീറ്റർ വേഗതയിലായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. എലത്തൂർ ട്രെയിൻ തീവയ്പിനെക്കുറിച്ച് സമഗ്ര അന്വേഷണമാണ് നടക്കുന്നതെന്ന് സർക്കാരും റെയിൽവേയും പറയുന്നത്. പ്രതിയെ പിടികൂടി തീവയ്പിന്റെ യഥാർഥ സംഭവങ്ങൾ പുറത്തുകൊണ്ടുവരാൻ ഇനിയും താമസമുണ്ടാകരുത്. അക്രമം നടത്തിയ ഉടൻ പ്രതിക്ക് രക്ഷപ്പെടാൻ കഴിഞ്ഞതും പൊലിസിന്റെ വീഴ്ചയാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. തീവയ്പ് നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്താൻ പൊലിസിന് കഴിഞ്ഞതുമില്ല. ഇതിനിടയ്ക്ക് പതിവുപോലെ വ്യാജപ്രചാരണങ്ങളും ഉണ്ടായി. ഇതിനൊക്കെ പരിഹാരമുണ്ടാകണമെങ്കിൽ അക്രമിയുടെ കൈകളിൽ വിലങ്ങിടാൻ വൈകരുത്. പൊലിസ് നടപടികളും അന്വേഷണങ്ങളും അതിന്റെ വഴിക്കു നീങ്ങുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളാൻ സർക്കാരും റെയിൽവേയും ജാഗ്രത പാലിക്കേണ്ടതുണ്ട്.


ചെലവുകുറഞ്ഞ് വേഗത്തിൽ എത്തിച്ചേരാൻ ട്രെയിൻ യാത്രകൾ തിരഞ്ഞെടുക്കുന്നവരാണ് അധികപേരും. സൗകര്യപൂർവം യാത്ര ചെയ്യാം എന്നുള്ളതും പ്രായമായവർക്കെല്ലാം ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാമെന്നതും ട്രെയിൻ യാത്രകളെ കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. എന്നാൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ പലപ്പോഴും വിശ്വാസം തകർത്തിട്ടുള്ളവയാണ് ട്രെയിൻ. അക്രമങ്ങളും മോഷണങ്ങളും ഒക്കെ മറ്റേതു യാത്രാസംവിധാനത്തെക്കാൾ കൂടുതൽ സംഭവിക്കുന്നത് തീവണ്ടികളാണ്. ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ സംഭവിച്ചത്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വള്ളത്തോൾ നഗറിൽ സൗമ്യയെന്ന യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടശേഷം ബലാത്സംഗം ചെയ്തു കൊന്ന സംഭവം ആരും മറന്നിട്ടില്ല.

പ്രതി ഗോവിന്ദചാമിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ കഴിഞ്ഞുവെങ്കിലും ഇന്നും പല ട്രെയിനുകളിലും സ്ത്രീകൾ യാത്ര ചെയ്യുന്നത് ഏതുസമയത്തും അക്രമിക്കപ്പെടാം എന്ന ഭീതിയോടെ തന്നെയാണ്. സൗമ്യയ്ക്ക് നേരെ അക്രമം നടന്നതിനു പിന്നാലെ സുരക്ഷയ്ക്കായി റെയിൽവേ ഒരുപാട് പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കിയെങ്കിലും ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ പഴയപടിയിൽ തന്നെയാണ്. റിസർവേഷൻ കംപാർട്ടുമെന്റിൽ ഏതു യാത്രക്കാരനും കയറി ഇറങ്ങി യാത്ര ചെയ്യാനാകുമെന്നാണ് എലത്തൂർ സംഭവം വ്യക്തമാക്കുന്നത്. ഇത് പരിശോധിക്കാൻ ടി.ടി.ആറോ റെയിൽവേ പൊലിസോ ഇല്ല. ടിക്കറ്റില്ലാത്ത യാത്രക്കാരെ തെരഞ്ഞുപിടിച്ച് പിഴ ഈടാക്കാൻ പ്രത്യക പരിശോധനാ സംഘത്തിന് സഹായം നൽകാൻ മാത്രമാണ് റെയിൽവേ പൊലിസ് ശ്രദ്ധിക്കാറ്. സംശയകരമായ യാത്രക്കാരെ കണ്ടാൽപോലും പരിശോധനയോ നിരീക്ഷണമോ കാര്യമായി നടക്കാറില്ല.

റെയിൽവേ സ്‌റ്റേഷനുകളിൽ സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്താൻ റെയിൽവേ പൊലിസിനാകുന്നില്ല. ഏന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നാൽ തെളിവുണ്ടാക്കാൻ മാത്രമാണ് റെയിൽവേ സ്‌റ്റേഷനുകളിലെ സി.സി.ടി.വികളും ഉപകരിക്കുന്നത്. സ്‌റ്റേഷനുകളിൽ ട്രെയിനുകൾ വരുമ്പോഴും പോകുമ്പോഴുമെങ്കിലും ശരിയായ വിധത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചാൽ തന്നെ കുറ്റകൃത്യങ്ങൾ തടയാൻ കഴിഞ്ഞേക്കും. ട്രെയിൻ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കുറ്റകൃത്യങ്ങളും കൂടിയതായി പൊലിസ് വ്യക്തമാക്കുന്നുണ്ട്. കേരളാ റെയിൽവേ പൊലിസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും അടിയന്തരമായി ബന്ധപ്പെടാനുള്ള നമ്പറും സജ്ജമാണെങ്കിലും കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഇത് കാര്യമായ കുറവൊന്നും ഉണ്ടാക്കുന്നില്ല.


ഇന്ത്യൻ ട്രെയിനുകളിൽ പട്ടാപകൽ യാത്രചെയ്യുന്നതുപോലും ദുഷ്‌കരമാണെന്നാണ് നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ വർഷവും 30 മുതൽ 40 ശതമാനം വരെയാണ് കുറ്റകൃത്യങ്ങളുടെ വർധന. ഇന്ത്യൻ പീനൽ കോഡ് പ്രകാരം കുറ്റങ്ങളായി കണക്കാക്കിയ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് പെരുകിയത്. ആർക്കും എന്തും ചെയ്യാനുള്ള ഇടമായും ഇന്ത്യൻ റെയിൽവേ മാറിയിരിക്കുന്നുവെന്നു പറഞ്ഞാലും അതിശയോക്തിയില്ല. മദ്യപിച്ചുള്ള ട്രെയിൻ യാത്ര നിരോധിച്ചതാണെങ്കിലും യാത്രയ്ക്കിടെ പോലും സംഘം ചേർന്ന് മദ്യപിക്കാറുണ്ട് കംപാർട്ടുമെന്റുകളിൽ. ഇത്തരം മദ്യപരുടെ അതിക്രമം ഏറ്റുവാങ്ങേണ്ടിവന്ന 16 വയസുള്ള പെൺകുട്ടിയുടെ അനുഭവം മാസങ്ങൾക്കു മുമ്പാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്.

എറണാകുളത്തുനിന്ന് തൃശൂരിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. അച്ഛൻ ഉണ്ടായിരുന്നിട്ടുപോലും ആറു പേരടങ്ങുന്ന യുവാക്കളുടെ സംഘം ട്രെയിനിൽവച്ച് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യാൻ പോയ സഹയാത്രികനെയും യുവാക്കൾ മർദിച്ചു. ഇങ്ങനെ വാർത്തയായതും അല്ലാത്തതുമായ എത്രയെത്ര സംഭവങ്ങൾ കറുത്ത അധ്യായങ്ങളായി റെയിൽവേയ്‌ക്കൊപ്പം കുതിക്കുന്നുണ്ട്. യാത്രക്കാർക്ക് വിശ്വസിച്ചും ആശങ്കാരഹിതമായും യാത്രചെയ്യാവുന്ന തീവണ്ടികൾക്ക് നമ്മൾ ഇനിയും എത്ര കാലം കാത്തിരിക്കണം; നിരന്തരമായി ക്രൈം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും റെയിൽവേയുടെ കാര്യത്തിൽ നമ്മുടെ സർക്കാരുകൾ കണ്ണു തുറക്കാത്തത് എന്തുകൊണ്ടാണ്?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago