മക്കയിലേക്കും മദീനയിലേക്കും തീർത്ഥാടകരുടെ ഒഴുക്ക്; ഉംറക്കും, റൗദ സന്ദർശനത്തിനും പെർമിറ്റ് ലഭ്യമല്ല
മക്ക: റമദാനിൽ ഇരു ഹറമുകളിലേക്കും തീർത്ഥാടക പ്രവാഹം തുടരുന്നതിനിടെ വിശുദ്ധ റമദാൻ മാസത്തിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ഉംറ തീർത്ഥാടനത്തിനോ വിശുദ്ധ മദീനയിലെ പ്രവാചകന്റെ പള്ളിയിൽ റൗദ ശരീഫ് സന്ദർശിക്കാനോ പെർമിറ്റ് ലഭിക്കാത്തത് നിരാശ സമ്മാനിക്കുന്നു. പെർമിറ്റിനായി രജിസ്‌ട്രേഷൻ നടത്തുന്ന നുസുക് ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ റമദാനിലെ തുടർ ദിവസങ്ങളിൽ പെർമിറ്റ് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. വൻ തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നതെന്നതിനാൽ റിസർവേഷൻ ലഭിക്കാൻ സാധ്യതയില്ലെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിശുദ്ധ റമദാൻ മാസത്തിലെ അവസാന പത്ത് ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും പെർമിറ്റ് ലഭ്യമല്ലെന്ന ചാരനിറത്തിലാണ് ഇപ്പോൾ പെർമിറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ കാണിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിലും ഉംറ നിർവഹിക്കുന്നതിനും റൗദ ശരീഫ് സന്ദർശിക്കുന്നതിനും പെർമിറ്റ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇരു ഹറം പള്ളികളിലും നിസ്‌കാരം നിർവഹിക്കുന്നതിന് നടത്തുന്നതിന് പെർമിറ്റ് ആവശ്യമില്ല. അതേസമയം, ചിലപ്പോൾ നേരത്തെ പെർമിറ്റ് എടുത്ത് വെച്ചവർ എന്തെങ്കിലും കാരണത്താൽ ക്യാൻസൽ ചെയ്താൽ വീണ്ടും പെർമിറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. പെർമിറ്റ് ആവശ്യമുള്ളവർ തുടർച്ചയായി ശ്രമം നടത്തികൊണ്ടിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."