കുതിച്ച് ജിയോയും എയര്‍ടെല്ലും, കിതച്ച് ബി.എസ്.എന്‍.എല്‍, നഷ്ടമായത് 1.5 ദശലക്ഷം വയര്‍ലസ് വരിക്കാരെ, അടച്ചുപൂട്ടാതിരിക്കാന്‍ ചെയ്യേണ്ടത് ഇതാണ്
ന്യൂഡല്‍ഹി: സ്വകാര്യ കുത്തകകളുടെ കടന്നുകയറ്റത്തില്‍ ശ്വാസം മുട്ടി ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക്.
അതിവേഗ 4ജി നെറ്റ്‌വര്‍ക്കുകള്‍ ഇതുവരെ രാജ്യത്ത് എല്ലായിടത്തും എത്തിക്കാന്‍ കഴിയാതായതോടെ ഉപഭോക്താക്കള്‍ കുത്തകകളുടെ പിറകെ പായുകയാണ്. നിരവധി ഉപയോക്താക്കളാണ് ബി.എസ്.എന്‍.എല്ലിനെ കയ്യൊഴിയുന്നത്. ഏതാണ്ട് 1.5 ദശലക്ഷം വയര്‍ലസ് വരിക്കാരെ കമ്പനിക്ക് അടുത്തകാലത്ത് നഷ്ടമായിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍. അതേ സമയം നേട്ടമെല്ലാം കൊയ്യുന്നത് റിലയന്‍സ് ജിയോയും എയര്‍ടെല്ലുമാണ്. എന്നാല്‍ വോഡാഫോണ്‍ ഐഡിയയ്ക്കും നിരവധി ഉപയോക്താക്കളെ ഈ കാലയളവില്‍ നഷ്ടമായി.
പ്രധാന നഗരങ്ങളിലെല്ലാം ജിയോ, എയര്‍ടെല്‍ ടെലികോം കമ്പനികള്‍ 5ജി നെറ്റ് വര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ബിഎസ്എന്‍എല്ലിന് 4ജി പോലും ലഭ്യമാക്കാനാകുന്നില്ല എന്നതാണ് കയ്യൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. ഇത് വലിയ വെല്ലുവിളിയും ഗുരുതരമായ പ്രശ്‌നവുമാണ്. അതിവേഗ കണക്റ്റിവിറ്റി ലഭ്യമല്ലാത്തതിനാല്‍ വര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉപയോഗിച്ചിരുന്നവര്‍ പോലും മറ്റ് നെറ്റുവര്‍ക്കിലേക്ക് മാറുകയാണ്.
വൈകാതെ തന്നെ ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് എല്ലായിടത്തും എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സിഡോട്ട്), തേജസ് നെറ്റ്‌വര്‍ക്‌സ് തുടങ്ങിയ ഇന്ത്യന്‍ ടെക് കമ്പനികളുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ രാജ്യത്തെ 26 സര്‍ക്കിളുകളില്‍ 4ജി സോഫ്റ്റ് ലോഞ്ച് ചെയ്തതായി കമ്പനി വ്യക്തമാക്കുന്നു.
2023 ജനുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച് വയര്‍ലെസ് മൊബൈല്‍ സേവന വിപണിയില്‍ ബിഎസ്എന്‍എല്ലിന്റെ വിപണി വിഹിതം 9.21 ശതമാനം ആയിരുന്നു. 37.28 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് റിലയന്‍സ് ജിയോയാണ്. ബിഎസ്എന്‍എല്‍ 2021 ജനുവരിയിലാണ് പുതിയ വയര്‍ലെസ് ഉപയോക്താക്കളെ നെറ്റ് വര്‍ക്കിലേക്ക് ചേര്‍ത്തത്. അതിനുശേഷമുള്ള എല്ലാ മാസങ്ങളിലും കമ്പനിക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."