HOME
DETAILS

ചാര്‍മിനാറിന്റെ നാട്ടില്‍

  
backup
May 29 2022 | 09:05 AM

%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2

ഷാഫി കോട്ടയില്‍


ഹൈദരാബാദിലേക്ക് കുടുംബസമേതം ഒരു യാത്രയെന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇക്കുറി മധ്യവേനലധിക്കാലത്ത് രണ്ടുംകല്‍പ്പിച്ചു പുറപ്പെട്ടു. ഏപ്രില്‍ ആറിന് പാലക്കാട് റെയില്‍വേ ജങ്ഷനില്‍നിന്നു ശബരി എക്‌സ്പ്രസില്‍ കയറി. ട്രെയിന്‍ ടിക്കറ്റുകളും താമസിക്കാനുള്ള ഹോട്ടലും നേരത്തേ തന്നെ ബുക്ക്‌ചെയ്തിരുന്നു. മടക്കയാത്ര കച്ചിഗുഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നായതിനാല്‍ താമസിക്കാനുള്ള ഹോട്ടലും അവിടെയാണ് ബുക്ക് ചെയ്തത്.
പിറ്റേന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കു ഞങ്ങള്‍ സെക്കന്തരാബാദില്‍ എത്തി. അവിടെനിന്നു അഞ്ചു രൂപയുടെ ടിക്കറ്റെടുത്ത് മറ്റൊരു ട്രെയിനില്‍ കയറി കച്ചിഗുഡ സ്റ്റേഷനിലുമെത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ടു കി.മീ അകലെയാണ് ഹോട്ടല്‍. ഒരു ഓട്ടോ പിടിച്ചു അവിടെയെത്തി. വൈകീട്ട് അഞ്ചു മണിയോടെ ഞങ്ങള്‍ ഓട്ടോയില്‍ നേരെ ടാങ്ക്ബണ്ട് റോഡിലേക്കു പുറപ്പെട്ടു. ടാങ്ക്ബണ്ട് റോഡിനോടു ചേര്‍ന്നാണ് ഹുസൈന്‍ സാഗര്‍ തടാകം.

ഹുസൈന്‍ സാഗറില്‍

നഗരക്കാഴ്ചകള്‍ കാണാനിറങ്ങുന്ന പരദേശികള്‍ക്ക് ഒരു ദിശാസൂചിക കൂടിയാണ് ഈ തടാകം. ഹുസൈന്‍ സാഗറിന്റെ വടക്കു സെക്കന്തരാബാദും തെക്കുഭാഗം ഹൈദരാബാദുമാണ്. 1563ല്‍ ഇബ്രാഹീം കുത്തുബ്ഷായാണ് ഈ തടാകം നിര്‍മിച്ചത്. തടാകമധ്യത്തില്‍ ഒരു ബുദ്ധപ്രതിമയുണ്ട്. പ്രതിമ മനോഹരമാണെങ്കിലും തടാകജലം മലിനമാണ്. നഗരമാലിന്യങ്ങള്‍ ചെന്നുവീഴുന്നത് ഇവിടെയാണ്. സായാഹ്നത്തിലും പ്രഭാതത്തിലും ധാരാളമാളുകള്‍ ഈ തടാകക്കരയില്‍ ചെന്നിരിക്കാറുണ്ട്. ഞങ്ങളും കുറച്ചുനേരം ഇരുന്നു.
ഏഴു മണിക്ക് ലുംബിനി പാര്‍ക്കിലേക്ക് പുറപ്പെട്ടു. ഹുസൈന്‍ സാഗറിനോടു ചേര്‍ന്നാണ് ലുംബിനി പാര്‍ക്ക്. മനോഹരമായ ഒരു ലേസര്‍ ഷോ ആണ് അവിടുത്തെ ഹൈലൈറ്റ്. ഷോ കഴിഞ്ഞു പുറത്തിറങ്ങി കോട്ടക്കുന്നിലേക്ക് നടന്നുകയറി. അവിടെയാണ് ഹൈദരാബാദിലെ ബിര്‍ളാ മന്ദിര്‍. ഖജുരാഹോ ക്ഷേത്ര മാതൃകയില്‍ നിര്‍മിച്ച അവിടുത്തെ മുഖ്യ കെട്ടിടത്തില്‍ ആയിരത്തോളം ടണ്‍ മാര്‍ബിള്‍ ഉപയോഗിച്ചിട്ടുണ്ടത്രേ. സന്ധ്യാനേരമായതിനാല്‍ വൈദ്യുതദീപങ്ങളാല്‍ കുളിച്ചുനില്‍ക്കുന്ന ഹൈദരാബാദ് പട്ടണത്തിന്റെ വിഹഗവീക്ഷണം ഈ കുന്നിന്‍മുകളില്‍ നിന്നു ശരിക്കും ആസ്വദിക്കാനായി. ബിര്‍ളാ മന്ദിറില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ നല്ല ഇരുട്ടും വിശപ്പും. ഞങ്ങള്‍ ഒരു റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു നേരെ ഹോട്ടലിലേക്കു മടങ്ങി. അപ്പോഴും ഓട്ടോയ്ക്ക് 100 രൂപ തന്നെ!

ചാര്‍മിനാറും മക്കാ മസ്ജിദും

രണ്ടാം ദിവസം ഹൈദരാബാദ് സിറ്റിയിലെ കാഴ്ചകള്‍ കാണാനായിരുന്നു പ്ലാന്‍. ഹോട്ടല്‍ മാനേജര്‍ രണ്ടു കുടുംബത്തിനും കൂടി ഒരു ക്വാളിസ് ജീപ്പ് തരപ്പെടുത്തിത്തന്നു. 8 മണിക്കൂര്‍ യാത്രയ്ക്ക് 2,200 രൂപയാണ് വാടക. ഡ്രൈവര്‍ അക്രം ഞങ്ങളെ ആദ്യം ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിലേക്കു കൊണ്ടുപോയി. 1591ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഖുലി കുത്തുബ്ഷാ നിര്‍മിച്ച നാലു മിനാരങ്ങളോടുകൂടിയ ഒരു സ്തംഭസമുച്ചയമാണ് ചാര്‍മിനാര്‍. ഇതു ഹൈദരാബാദ് നഗരത്തിന്റെ ലാന്‍ഡ്മാര്‍ക്കു കൂടിയാണ്. പണ്ട് ഹൈദരാബാദ് നഗരത്തെ പ്ലേഗ് എന്ന മഹാവ്യാധി പിടികൂടിയതും ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവീണതും ഒടുവില്‍ മഹാവ്യാധിയില്‍ നിന്നും നഗരത്തിന് മോചനമായപ്പോള്‍ അതിന്റെ സ്മരണയ്ക്കായി സുല്‍ത്താന്‍ ചാര്‍മിനാര്‍ പണിയിച്ചതുമൊക്കെ അക്രം തന്നെയാണ് പറഞ്ഞുതന്നത്.
ചാര്‍മിനാറിന്റെ ഓരോ വശത്തിനും 20 മീറ്റര്‍ നീളവും ഓരോ മിനാരത്തിനും 50 മീറ്ററോളം ഉയരവുമുണ്ട്. മിനാരത്തിനകത്തെ 149 പടവുകള്‍ കയറി മുകളിലെ ബാല്‍ക്കണിയില്‍ ചെന്നെത്താം. അവിടെനിന്നു തെക്കുഭാഗത്തേക്കു നോക്കിയാല്‍ വളരെ അകലെയല്ലാതെ മക്കാമസ്ജിദ് കാണാം. 1614ല്‍ മുഹമ്മദ് കുത്തുബ്ഷാഹി ആറാമന്‍ തുടക്കംകുറിക്കുകയും 1693ല്‍ മുഗള്‍ചക്രവര്‍ത്തി ഔറന്‍ഗസീബ് പണിപൂര്‍ത്തിയാക്കുകയും ചെയ്ത മന്ദിരമാണിത്. ഒരേസമയം പതിനായിരത്തോളം പേര്‍ക്ക് ഇതിനകത്ത് നിസ്‌കരിക്കാനാകും. 75 അടി ഉയരവും 225 അടി നീളവും 180 അടി വീതിയുമുള്ള മസ്ജിദിന്റെ അന്നത്തെ നിര്‍മാണച്ചെലവ് 8 ലക്ഷം രൂപയായിരുന്നു. മസ്ജിദിന്റെ നിര്‍മാണവേളയില്‍ പടിഞ്ഞാറെ ഭിത്തിയില്‍ മക്കയില്‍നിന്നു കൊണ്ടുവന്ന ഒരു ശില സ്ഥാപിച്ചിട്ടുണ്ടത്രേ. അങ്ങനെയാണ് മക്കാ മസ്ജിദ് എന്ന പേര് ലഭിച്ചത്.
ഞങ്ങള്‍ മസ്ജിദില്‍ നിന്നു പുറത്തിറങ്ങി ചാര്‍മിനാറിന്റെ പടിഞ്ഞാറ് ഭാഗത്തെ ലാഡ്ബസാറിലേക്ക് നടന്നു. കല്യാണാവശ്യങ്ങള്‍ക്കുള്ള ആടയാഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്താറുണ്ട്. മുത്തുകളും വളകളും മാലകളും മാത്രം വില്‍ക്കുന്ന കടകളും അവിടെയുണ്ട്. സുറുമയും സുഗന്ധദ്രവ്യങ്ങളും പെട്ടിക്കടകളില്‍പോലും സുലഭം. വസ്ത്രക്കടകളുടെ നീണ്ട നിര വേറെയും. മുത്തുകള്‍ തേടി ഹൈദരാബാദിലെത്തുന്ന ഏതൊരാളും ഈ മാര്‍ക്കറ്റിലേ എത്തൂ. മുത്തുകളെ കുറിച്ചു നല്ല പരിജ്ഞാനമില്ലെങ്കില്‍ കബളിപ്പിക്കപ്പെടുമെന്നതു വേറെ കാര്യം. എങ്കിലും മുത്തുകളുടെ നാട്ടില്‍ നിന്നു അല്‍പം മുത്തുകള്‍ വാങ്ങാതിക്കാനാകുമോ? ഞങ്ങളും വാങ്ങി കുറച്ചു മുത്തുകള്‍.


സാലാര്‍ജംഗ് മ്യൂസിയത്തില്‍

ചാര്‍മിനാറില്‍ നിന്നു മടങ്ങുന്ന വഴി ഞങ്ങള്‍ അഫ്‌സല്‍ഗഞ്ചില്‍ ഇറങ്ങി. അവിടെയാണ് വിശ്വപ്രസിദ്ധമായ സാലാര്‍ജംഗ് മ്യൂസിയം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു ശേഖരിച്ച നാല്‍പതിനായിരത്തില്‍പരം കാഴ്ചവസ്തുക്കളുണ്ടിവിടെ. നൈസാം രാജാവിന്റെ കാര്യദര്‍ശികളില്‍ ഒരാളായിരുന്ന സാലാര്‍ജംഗ് മൂന്നാമനാണ് അവയില്‍ ഭൂരിഭാഗവും ശേഖരിച്ചത്. അവയെല്ലാം ഒന്നോടിച്ചു കാണാന്‍ മൂന്നു മണിക്കൂറെങ്കിലും വേണം.സാലാര്‍ജംഗ് മ്യൂസിയവും ചാര്‍മിനാറും മക്കാമസ്ജിദുമൊക്കെ ഞങ്ങള്‍ക്കു നല്ല ദൃശ്യവിരുന്നുകളാണ് സമ്മാനിച്ചത്.

ഗോൽക്കണ്ട കോട്ട

വൈകീട്ട് 5.30ന് ഞങ്ങള്‍ ഗോല്‍ക്കൊണ്ട കോട്ടയിലെത്തി. വെയില്‍ മങ്ങിത്തുടങ്ങിയിരുന്നതിനാല്‍ കോട്ടയിലെ കാഴ്ചകള്‍ ശരിക്കും കാണാനും ആസ്വദിക്കാനുമായി. ദേവഗിരിയിലെ യാദവരും വാറങ്കലിലെ കാകതീയരും ഗോല്‍ക്കൊണ്ട ഭരിച്ചതായി തെളിവുകളുണ്ട്. 1143ല്‍ കാകതീയ രാജാവായ പ്രതാപ രുദ്ര ദേവ് ഇവിടെ ഒരു കോട്ട പണിതു. 1363ല്‍ ഗോല്‍ക്കൊണ്ട ബാമിനി രാജവംശത്തിന്റെ കൈകളിലായി. 1518 മുതല്‍ 1686 വരെ ഖുത്തുബ് ഷാഹി രാജക്കന്മാരും ഭരണം നടത്തി. അക്കാലത്തെ നാലാമത്തെ രാജാവായ മുഹമ്മദ് ഖുലി കുത്തുബ്ഷാ ആണ് ഹൈദരാബാദ് സിറ്റി നിര്‍മിച്ചത്. 1587ല്‍ നിര്‍മിച്ച അന്നത്തെ പട്ടണത്തിനു ഭാഗ്നഗര്‍ എന്നായിരുന്നു പേര്. വിവിധ രാജവംശങ്ങളുടെ ഉത്ഥാനപതനങ്ങള്‍ക്കു സാക്ഷ്യംവഹിച്ചിട്ടുള്ള ആ കോട്ട ഇന്നും പഴയ പ്രതാപൈശ്വര്യങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
മലമുകളിലെ ബാലാഹിസാറില്‍ (ദര്‍ബാര്‍ ഹാള്‍) എത്തിയിട്ടും കാലുകളുടെ പെരുപ്പം ഞങ്ങളറിഞ്ഞില്ല. കോട്ടക്കകത്തെ ചരിത്രസ്മാരകങ്ങള്‍ പകര്‍ന്നുതന്ന ചരിത്രകഥകള്‍ക്ക് അത്രമാത്രം ശോകവും മാധുര്യവുമുണ്ടായിരുന്നു. കോട്ടയ്ക്കുള്ളിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയും കണ്ടശേഷമാണ് ഞങ്ങള്‍ മടങ്ങിയത്.
റൂമിലേക്കുള്ള മടക്കയാത്രയില്‍ പ്രശസ്തമായ പാരഡൈസ് റസ്റ്റോറന്റില്‍ കയറി ഹൈദരാബാദ് ബിരിയാണി കഴിക്കാനും മറന്നില്ല. ഹൈദരാബാദ് മട്ടണ്‍ ബിരിയാണിക്ക് 300 രൂപയാണ് വില. വിലപോലെ ബിരിയാണിയുടെ രുചിയും കേമം! യാത്രകഴിഞ്ഞു ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ വാഹനം അധികസമയം ഉപയോഗിച്ചെന്നു പറഞ്ഞു ഹോട്ടല്‍ മാനേജര്‍ 300 രൂപ അധികം വാങ്ങി. അന്നത്തെ യാത്രയിലെ കല്ലുകടി അതു മാത്രമായിരുന്നു.

ഫിലിംസിറ്റിയില്‍

മൂന്നാം ദിവസം റാമോജി ഫിലിംസിറ്റിയിലെ കാഴ്ചകള്‍ കാണാനായിരുന്നു പ്ലാന്‍. പോയിവരാന്‍ 2200 രൂപ വണ്ടിക്കൂലി വേണമെന്ന് ഹോട്ടല്‍ മാനേജര്‍. സമ്മതമല്ലെന്ന് ഞങ്ങളും. ഒടുവില്‍ കച്ചിഗുഡ റെയില്‍വേ സ്റ്റേഷനു മുന്നിലുള്ള ടാക്‌സി സ്റ്റാന്റില്‍ ചെന്നു 2000 രൂപയ്ക്കു ഒരു ക്വാളിസ് ജീപ്പ് ഉറപ്പിച്ചു. ഒരു ഓട്ടോവാലയാണ് ഫോണ്‍ ചെയ്ത് ആ ക്വാളിസ് ജീപ്പ് ഏര്‍പ്പാടാക്കിത്തന്നത്. ഹോട്ടലിന്റെ പേരും റൂം നമ്പറും മൊബൈല്‍ നമ്പറും നല്‍കി ഞങ്ങള്‍ വീണ്ടും ഹോട്ടലിലെത്തി. 15 മിനിട്ടു കഴിഞ്ഞില്ല ഡ്രൈവറുടെ ഫോണ്‍വിളിയെത്തി. ഞങ്ങള്‍ റൂമില്‍ നിന്നിറങ്ങി ഹോട്ടലിനു മുന്നില്‍ ചെന്നുനോക്കി. ഹോട്ടല്‍ മാനേജര്‍ ഇന്നലെ ഏര്‍പ്പാടാക്കിത്തന്ന ക്വാളിസ് ജീപ്പും അതേ ഡ്രൈവറും! പക്ഷേ വാടക പറഞ്ഞതുപോലെ 2000 രൂപ മതി!
ഫിലിംസിറ്റി തുറക്കുന്നത് രാവിലെ 9.45നാണ്. ഡ്രൈവര്‍ അക്രം അതിനു മുമ്പേ ഞങ്ങളെ അവിടെയെത്തിച്ചു. ഇന്നലെ ഹോട്ടല്‍ മാനേജര്‍ ഞങ്ങളില്‍ നിന്നു അധിക തുക വാങ്ങിച്ചതില്‍ അവന് സഹതാപമുണ്ടെന്നു തോന്നുന്നു. ഞങ്ങളെ ടിക്കറ്റ് കൗണ്ടറിലേക്ക് കൊണ്ടുപോയതും ടിക്കറ്റ് എടുത്തു തന്നതുമൊക്കെ അവനാണ്. കാഴ്ചകള്‍ എത്ര സമയമെടുത്തു കാണാമെന്നും സമയം ഒരു പ്രശ്‌നമായി കാണേണ്ടെന്നും അവന്‍ പറഞ്ഞു.
ഫിലിംസിറ്റിയിലെ കാഴ്ചകള്‍ കാണാന്‍ ഒരാള്‍ക്ക് 1150 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം അകത്തുനിന്നു വിലകൊടുത്തു വാങ്ങുകയും വേണം. അകത്തെ കാഴ്ചകള്‍ അത്യന്തം വിസ്മയിപ്പിക്കുന്നതും ഓരോ കാഴ്ചസ്ഥലവും കി.മീറ്ററുകളോളം അകലങ്ങളിലുമാണ്. ഓരോ സൈറ്റിലേക്കും എത്തിപ്പെടാന്‍ അകത്ത് നിരവധി ബസുകളുമുണ്ട്. ബസില്‍ സഞ്ചരിക്കാന്‍ പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല. നാലുമണി വരെ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. മടങ്ങുമ്പോള്‍ കോട്ടിയിലെ സുല്‍ത്താന്‍ ബസാറിലിറങ്ങി ഷോപ്പിങ് നടത്തണമെന്ന് അറിയിച്ചപ്പോള്‍ അക്രം ഞങ്ങളെ അവിടെയിറക്കി. വാഹനവാടക വാങ്ങി മടങ്ങുംമുമ്പ് അക്രം ഞങ്ങളോടു പറഞ്ഞു. മാര്‍ക്കറ്റില്‍ നിന്നു നടക്കാവുന്ന ദൂരമേ നിങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്കുള്ളൂ. അതുകൊണ്ടു തിരക്കുകൂട്ടേണ്ട. ഇഷ്ടംപോലെ ഷോപ്പിങ് നടത്താം. അതു നേരായിരുന്നു. ഞങ്ങള്‍ കുറെ നേരം കഴിഞ്ഞാണ് ഹോട്ടലിലെത്തിയത്.
കച്ചിഗുഡയില്‍ ഞങ്ങള്‍ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത് സ്വീകാര്‍ ഹോട്ടലിലാണ്. നടക്കാവുന്ന ദൂരമേയുള്ളൂ. നല്ല വൃത്തിയും വെടിപ്പുമുണ്ട്.രുചിയുള്ള ഭക്ഷണവും. വിലയും പാകം. കുളി കഴിഞ്ഞ് അങ്ങോട്ടു നടന്നു. ഭക്ഷണം കഴിച്ചു റൂമിലെത്തി വീണ്ടും സുഖനിദ്ര.
പുലര്‍ച്ച 4 മണിക്കു എഴുന്നേറ്റ് കുളികഴിഞ്ഞു ഹോട്ടലില്‍ നിന്നു പുറത്തിറങ്ങി. നന്നേ വെളുപ്പിനു തന്നെ ഓട്ടോകള്‍ ഹോട്ടലിനു മുന്നില്‍ കാത്തുനില്‍പ്പുണ്ട്. കച്ചിഗുഡ റെയില്‍വേ സ്റ്റേഷനിലേക്ക് ആളൊന്നിന് 10 രൂപയാണ് കൂലി ചോദിച്ചതും കൊടുത്തതും. മൂന്നു മിനുട്ടിനുള്ളില്‍ സ്റ്റേഷനിലെത്തി. കൃത്യം 6.00 മണിക്ക് മംഗലാപുരം എക്‌സ്പ്രസ് ഞങ്ങളെയും വഹിച്ചു കോഴിക്കോട്ടേക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago