HOME
DETAILS

തള്ള്‌

  
backup
May 29 2022 | 09:05 AM

%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%8d%e2%80%8c

അബൂബക്കര്‍ കാപ്പാട്

അഞ്ചു തലമുറയോളം വലുതായിക്കഴിഞ്ഞ സുല്‍ത്താന്‍വീടു തറവാട്ടിലെ അംഗങ്ങളും കെട്ട്യോന്മാരും കെട്ട്യോളുമാരുമായി നൂറിലേറെപ്പേര്‍ കടലോരത്തെ ആ റിസോര്‍ട്ടില്‍ സന്നിഹിതരായിരുന്നു. സ്ഥലത്തില്ലാത്തതുകൊണ്ടും മറ്റു അസൗകര്യങ്ങളാലും എത്തിച്ചേരാന്‍ കഴിയാത്തവര്‍ അതിലും കൂടുതലായിരുന്നു. ഒരു കുടുംബമേള കൊഴുപ്പിക്കാനുള്ള എല്ലാ കാര്യങ്ങളും അവിടെ ഒരുക്കിയിരുന്നു. റോഡിനോടു ചേര്‍ന്നുകിടക്കുന്ന റിസോര്‍ട്ടിന്റെ അങ്കണത്തിലൊരുക്കിയ സ്റ്റേജും മറ്റലങ്കാരങ്ങളും പാര്‍ക്കിങ് ഭാഗത്ത് നിരന്നുകിടക്കുന്ന മുന്തിയ ഇനം കാറുകളും അംഗങ്ങളുടെ വേഷഭൂഷാദികളും കണ്ടാലറിയാം അവരൊക്കെയും തറവാട്ടുപേരിനെ അന്വര്‍ത്ഥമാക്കുംവിധം വലിയ കൊമ്പന്മാരാണെന്ന്.


ഉദ്ഘാടകനായ മന്ത്രി എത്തിച്ചേര്‍ന്നതോടെ തലനരച്ച കാരണവന്മാരും ഏറ്റവും മൂത്ത പുതിയാപ്പിളമാരും അദ്ദേഹത്തോടൊപ്പം സ്റ്റേജിലേക്കു നീങ്ങി. മറ്റുള്ളവര്‍ മുന്നില്‍ നിരത്തിയ സോഫകളിലേക്കും. തറവാട്ടിലെ മൂന്നാം തലമുറയില്‍പ്പെട്ടവനും അവിടെയുമിവിടെയുമായി ചിലതൊക്കെ എഴുതി പ്രസിദ്ധീകരിക്കുകവഴി ബുദ്ധിജീവിപ്പട്ടം ചാര്‍ത്തിക്കിട്ടിയവനും കുടുംബത്തിലെ ഒരേയൊരു അധ്യാപകനുമായതു കാരണം മേളയുടെ മുഖ്യ സംഘാടകന്റെ പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബദറുദ്ദീന്‍ കോയ സ്വാഗതപ്രസംഗത്തിനായി മൈക്കിനു മുന്നിലേക്കു നീങ്ങി. ഒരു ബുദ്ധിജീവിക്ക് തീര്‍ത്തും യോജിച്ച ഖദര്‍ ജുബ്ബയും മുണ്ടുമായിരുന്നു അയാളുടെ വേഷം. പല ഉദ്യോഗസ്ഥന്മാരും വന്നിട്ടുണ്ട് അവിടെ. മാമൂല്‍ പ്രകാരം മന്ത്രിയെയും വേദിയിലെ മറ്റുള്ളവരെയും സംബോധന ചെയ്തശേഷം അയാള്‍ പറഞ്ഞു:''നമ്മുടെ തറവാടിന്റെ സ്ഥാപകനായ വല്ലിപ്പാപ്പ ഈ പ്രദേശത്തെ ഒരു സുല്‍ത്താന്‍ തന്നെയായിരുന്നു. നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നതും അങ്ങനെ തന്നെ. തറവാടിന്റെ യഥാര്‍ഥ പേര് 'മാളിയേക്കല്‍' എന്നായിരുന്നു. എന്നാല്‍ സുല്‍ത്താന്റെ വീട് എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. പിന്നീടത് സുല്‍ത്താന്‍ വീടായി മാറി.
വല്ലിപ്പാപ്പാന്റെ തറവാടും ഏറെ കേളിയും പെരുമയുമുള്ളതായിരുന്നു. ഖാന്‍ ബഹാദൂറും അക്കാലത്തെ വല്യവല്യ ഉദ്യോഗസ്ഥന്മാരുമൊക്കെയുണ്ടായിരുന്നു ആ തറവാട്ടില്‍. അന്നത്തെ തുക്ക്ടി സായ്‌വ്(ഇന്നത്തെ ജില്ലാ കലക്ടര്‍) മുതല്‍ മേലോട്ടുള്ള കൊമ്പന്മാരായ ഉദ്യോഗസ്ഥര്‍ നിത്യസന്ദര്‍ശകരായിരുന്നു അവിടെ.


മണവാളനായി വല്ലിപ്പാപ്പ വല്ലിമ്മാമ്മാന്റെ വീട്ടിലേക്ക് പോയത് ആനപ്പുറത്തായിരുന്നു. ബാന്റ് സംഘവും കോല്‍ക്കളിക്കാരും വട്ടപ്പാട്ടുകാരുമൊക്കെയായി ഒരുത്സവ ഘോഷയാത്ര തന്നെയായിരുന്നു അത്. ഖാളിയാരും നാട്ടുപ്രമാണിമാരുമടക്കമുള്ള വലിയൊരു ജനാവലിയുടെ അകമ്പടിയോടെ ശരിക്കുമൊരെഴുന്നള്ളത്ത്. ചുവന്ന തുര്‍ക്കിത്തൊപ്പിയും കറുത്ത കോട്ടും ഷൂസും ധരിച്ച് എണ്ണമറ്റ പെട്രോമേക്‌സ് വിളക്കുകളുണ്ടാക്കിയ വെളിച്ചപ്രളയത്തില്‍, പിന്നിലിരിക്കുന്നയാള്‍ ഉയര്‍ത്തിപ്പിടിച്ച സത്യക്കുടക്കു താഴെ ചിരിക്കുന്ന മുഖവുമായി ഇരുന്ന വല്ലിപ്പാപ്പ അസ്സലൊരു രാജകുമാരനെപ്പോലെ തോന്നിച്ചുവെന്നാണ് ആ ഇരിപ്പും പോക്കുമൊക്കെ നേരില്‍ കണ്ട ഉത്താന്‍കോയക്കയും മറ്റും പറഞ്ഞത്.


വല്ലിമ്മാമ്മയുടെ തറവാട്ടുകാരും ഒട്ടും പിന്നിലായിരുന്നില്ല. എണ്ണിയെണ്ണിപ്പറയാന്‍ ഒരുപാടു മികവുകളുണ്ടായിരുന്നു അവര്‍ക്കും. പഴമക്കാരുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, ബങ്കീശവും ഖുറൈശിത്തരവും തികഞ്ഞവര്‍ തന്നെയായിരുന്നു അവരും. അന്നൊക്കെ കല്യാണം കഴിഞ്ഞാലും പുതുപെണ്ണ് അവളുടെ വീട്ടില്‍ തന്നെയാണ് കഴിയുക. രാത്രിയാവുന്നതോടെ അവളുടെ അടുത്ത ബന്ധുക്കളാരെങ്കിലും മണവാളന്റെ വീട്ടില്‍ പോയി അയാളെ കൂട്ടിക്കൊണ്ടുവരും. ബന്ധപ്പെട്ട വീട്ടുകാരുടെ സാമ്പത്തികശേഷിക്കും പ്രമാണിത്തത്തിനുമനുസരിച്ച് ഈ കൂട്ടിക്കൊണ്ടുപോകല്‍ ദിവസങ്ങളോളം നീളും. നാല്‍പതു ദിവസമാണ് വല്ലിപ്പാപ്പയെ ഇങ്ങനെ കൊണ്ടുപോയത്. ഇതിനു വേണ്ടി മോട്ടോര്‍ വാഹനങ്ങള്‍ വിരളമായിരുന്ന അക്കാലത്ത് നാട്ടുമ്പുറത്തുകാര്‍ക്കിടയിലെ ഏറ്റവും വലിയ ആഡംബര വാഹനമായിരുന്ന വില്ലു കെട്ടിയ കുതിരവണ്ടി വിലയ്ക്കുവാങ്ങുകയായിരുന്നു വല്ലിമ്മാമ്മയുടെ ബാപ്പ. ഈ നാല്‍പതു ദിവസവും പുതിയാപ്പിളക്കായി ഒരുക്കിയ തീറ്റസാധനങ്ങളുടെ പേരുകളും അവയുടെ മജയും വര്‍ണിക്കാന്‍ നിന്നാല്‍ എന്റെ പ്രസംഗം നീണ്ടുപോകുമെന്നതിനാല്‍ അതു ഞാന്‍ നിങ്ങളുടെയൊക്കെ ഊഹത്തിനു വിടുന്നു.


വല്ലിപ്പാപ്പയെക്കാള്‍ പ്രായമുണ്ടായിരുന്നവര്‍ പോലും അദ്ദേഹത്തെ പേര് വിളിച്ചിരുന്നില്ല. അവരും വിളിച്ചിരുന്നത് 'സുല്‍ത്താന്‍' എന്നു തന്നെ. കുറേയാളുകള്‍ 'സുല്‍ത്താനാജി'യെന്നും വിളിച്ചു. ഒന്നും രണ്ടുമല്ല, അഞ്ചു തവണയാണ് അദ്ദേഹം ഹജ്ജു ചെയ്തത്. അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെ എളുപ്പമുള്ള ഒരു സംഗതിയായിരുന്നില്ല ഹജ്ജിനുപോക്ക്. ആഴ്ചകളോളം കപ്പലില്‍ നരകിച്ചു കഴിഞ്ഞിട്ടു വേണം മക്കയിലെത്താന്‍. തിരിച്ചുവരില്ലെന്ന് ഏറക്കുറേ ഉറപ്പിച്ചുകൊണ്ടുള്ള ഒരു പോക്കായിരുന്നു അത്.
അന്ന് ഇന്നത്തെപ്പോലെയല്ല. നാട്ടുകാര്‍ക്കിടയില്‍ എന്തു പ്രശ്‌നമുണ്ടായാലും അതൊക്കെ പറഞ്ഞുതീര്‍ക്കാന്‍ ഒന്നോ രേണ്ടാ നാട്ടുകാരണവന്മാരുണ്ടാവും. വല്ലിപ്പാപ്പ മരിക്കുന്നതുവരെ മൂപ്പരായിരുന്നു ഇവിടുത്തെ എല്ലാം. മൂപ്പര് പറഞ്ഞാല്‍ കേള്‍ക്കാത്തവനോ അനുസരിക്കാത്തവനോ ആയി ഒരുത്തനുമില്ല. ഏതു കുഴഞ്ഞുമറിഞ്ഞ പ്രശ്‌നത്തിനും അദ്ദേഹം പരിഹാരമുണ്ടാക്കും. അദ്ദേഹമൊരു തീര്‍പ്പു പറഞ്ഞാല്‍പ്പിന്നെ മറുചോദ്യം പോലുമില്ലാതെ അതംഗീകരിക്കപ്പെടും. അന്ന് നമ്മളെ സ്റ്റേഷനില്‍ വരുന്ന എസ്.ഐമാരും പൊലിസുകാരും വന്ന വേഗത്തില്‍ത്തന്നെ സ്ഥലംമാറ്റം വാങ്ങിപ്പോകും. 'എല്ലാ കേസുകളും സുല്‍ത്താനാജി കൈകാര്യംചെയ്യുന്നതുകൊണ്ട് ഞങ്ങക്കിവിടെ ഒരു പണിയുമില്ല. വെറുതേ ചൊറിയും കുത്തി ഇരിയ്ക്കാനല്ലാലോ യൂനിഫോമിട്ടത്. അതുകൊണ്ട് പണിയുള്ള വല്ലേടത്തേക്കും പോവുകയാണ്' എന്നാണ് അവര്‍ പറഞ്ഞത്.


വല്യ സല്‍ക്കാരപ്രിയനായിരുന്നു വല്ലിപ്പാപ്പ. 'സുല്‍ത്താന്‍ വീട്ടില്‍ എന്നും കല്യാണമാണ് 'എന്ന് നാട്ടുകാര്‍ക്കിടയില്‍ ഒരു പറച്ചില്‍തന്നെയുണ്ടായിരുന്നു. എന്നും പത്തും ഇരുപതും വിരുന്നുകാരുണ്ടാകും. പൊലിസോഫിസര്‍മാരും മറ്റു വല്യവല്യ ഉദ്യോഗസ്ഥരും നേതാക്കന്മാരുമായിരുന്നു കൂടുതലും. കൂട്ടത്തില്‍, നാട്ടിലും പുറത്തുമുള്ള മൂപ്പരുടെ മറ്റു സുഹൃത്തുക്കളും.''
വേദിയിലെ മറ്റുള്ളവരൊക്കെ സ്വാഗത പ്രഭാഷകന്റെ ഓരോ വാക്കും കേട്ട് നിര്‍വൃതിയടയുകയായിരുന്നെങ്കിലും മന്ത്രി അസ്വസ്ഥതയോടെ ഇടക്കിടെ വാച്ചില്‍ നോക്കിക്കൊണ്ടിരുന്നു. തങ്ങളുടെ കണ്ണുരുട്ടലും മറ്റു നിയന്ത്രണശ്രമങ്ങളും അവഗണിച്ച് കുട്ടികള്‍ കലപിലകൂട്ടാന്‍ തുടങ്ങിയതിനാല്‍ പല ഉമ്മമാരും ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലായിരുന്നു. പല പുതിയാപ്പിളമാരുടെയും മുഖങ്ങളില്‍ നീരസവും അക്ഷമയും പ്രകടമായിരുന്നു. ഇതൊന്നുമറിയാതെ സ്വാഗതപ്രഭാഷകന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു:
''ഗള്‍ഫുകാരും പുതിയ കുറേ പൈസക്കാരുമുണ്ടായതുകൊണ്ട് ഇന്ന് നമ്മുടെ വല്യപള്ളിയുടെയും മദ്‌റസയുടെയും മറ്റു പള്ളികളുടെയും നടത്തിപ്പിനും മറ്റു ചെലവുകള്‍ക്കും വേണ്ട പണം തന്നു സഹായിക്കാന്‍ ഒരുപാടാളുകളുണ്ട്. എന്നാല്‍, വല്ലിപ്പാപ്പയുടെ കാലത്ത് അദ്ദേഹം ഒറ്റയ്ക്കായിരുന്നു എല്ലാം ചെയ്തിരുന്നത്. ഖത്തീബടക്കം പള്ളിയിലെ ഉസ്താദുമാര്‍ക്കു മുഴുവന്‍ മൂന്നുനേരവും ഭക്ഷണം നമ്മുടെ തറവാട്ടിലായിരുന്നു.


ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞെങ്കിലും വല്ലിപ്പാപ്പ മരിക്കുന്നതു വരെ നമ്മുടെ തറവാട്ടിലെ ഒരാണിനു വേണ്ടിയും പെണ്ണിനു വേണ്ടിയും പെണ്ണിനെയും ചെറുക്കനെയും അങ്ങോട്ടന്വേഷിക്കുന്ന പതിവുണ്ടായിരുന്നില്ല. വല്യവല്യ തറവാട്ടുകാരും പ്രമാണിമാരും കല്യാണാലോചനയുമായി ഇങ്ങോട്ടു വരുകയായിരുന്നു.


വല്ലിപ്പാപ്പയെപ്പോലെ തന്നെ വല്ലിമ്മാമ്മയും നാട്ടുകാരുടെ മുഴുവന്‍ സ്‌നേഹ-ബഹുമാനങ്ങള്‍ക്കു പാത്രമായിരുന്നു. പേര് 'നഫീസബി' എന്നായിരുന്നെങ്കിലും 'ബീത്താത്ത' എന്നാണ് എല്ലാവരുമവരെ വിളിച്ചിരുന്നത്. ഏത് പെണ്‍കൂട്ടത്തിനിടയിലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുംവിധത്തിലുള്ള തലയെടുപ്പും തേജസുള്ള മുഖവും അതിശയകരമായ അഴകും കാരണം പല പെണ്ണുങ്ങള്‍ക്കും അവരോട് ആരാധനയായിരുന്നു. ദുഷ്ടത കലരാത്ത അസൂയയുള്ളവരുമുണ്ടായിരുന്നൂന്നും കേട്ടിട്ടുണ്ട്.
വല്ലിപ്പാപ്പാനെ സംബന്ധിച്ചുള്ള വേറൊരു പ്രധാന സംഗതി പറയാന്‍ വിട്ടുപോയി. അന്നത്തെ ബി.എക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ മുന്തിയ സര്‍ക്കാറുദ്യോഗം കിട്ടാന്‍ എളുപ്പമായിരുന്നു. പക്ഷേ, മൂപ്പര്‍ക്കതില്‍ തീരേ താല്‍പര്യമുണ്ടായില്ല. അഴിത്തല മുതല്‍ തുവ്വക്കല്ലുവരെ പരന്നുകിടക്കുന്ന പറമ്പും കൃഷീം നോക്കിനടത്താന്‍ പിന്നെയാരുണ്ടാകുംന്നാ മൂപ്പര് ചോദിച്ചത്.
നല്ല തണ്ടും തടിയുമുള്ള ഒന്നാന്തരം കളരിയഭ്യാസി കൂടിയായിരുന്നു അദ്ദേഹം. നാട്ടിലെ വല്യ കുപ്പിക്കണ്ടങ്ങളും പോക്കിരിവീരന്മാരും പോലും അദ്ദേഹത്തെ പേടിച്ചിരുന്നു. അദ്ദേഹത്തെ ശരിക്കും മനസിലാക്കാതെ മുട്ടാന്‍ ചെന്നിട്ടുണ്ട് ചില പോഴന്മാര്‍. എന്നാല്‍, അവരൊന്നും പിന്നെ നേരെ ചൊവ്വെ എണീറ്റു നടന്നിട്ടില്ല.


വല്ലിപ്പാപ്പയുടെ പിന്മുറക്കാരായ, ഈ വേദിയെ അലങ്കരിക്കുന്ന നമ്മുടെ കാര്‍ന്നോമ്മാരും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരും ആദരണീയരും സര്‍വോപരി നാട്ടുകാരണവന്മാരായി അംഗീകരിക്കപ്പെട്ടവരുമാണെന്ന കാര്യം ഞാന്‍ നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവരെ ഇരുത്തിക്കൊണ്ട് അവരുടെ വലുപ്പം വിസ്തരിക്കുന്നത് ഭംഗികേടായും തോന്നുന്നു.
ഇന്നിപ്പോള്‍ നമ്മുടെ തറവാടിന്റെ വിവിധ ശാഖകളിലായി വല്യ ബിരുദങ്ങള്‍ നേടിയവരും സര്‍ക്കാറുദ്യേഗസ്ഥരും ഡോക്ടറും വക്കീലും എഞ്ചിനിയറുമൊക്കെയുണ്ട്. അതിന്റെയൊന്നും വിശദമായ വിവരണത്തിന് ഞാന്‍ മുതിരുന്നില്ല. അവരെ ആദരിക്കുന്ന ചടങ്ങില്‍ അക്കാര്യങ്ങളൊക്കെ വിശദമായി പരാമര്‍ശിക്കും. ബഹുമാനപ്പെട്ട നമ്മുടെ മന്ത്രിക്ക് മറ്റു പല പരിപാടികളിലും പങ്കെടുക്കാനായി വളരെ പെട്ടെന്നു തന്നെ പോകേണ്ടതുള്ളതിനാല്‍ ഞാനിനിയും നീട്ടി സംസാരിക്കുന്നത് ഒട്ടും ഉചിതമല്ലെന്നറിയാം. ആയതിനാല്‍ ഞാനെന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കുകയാണ്.


അതിനു മുമ്പ്, വല്ലിപ്പാപ്പയോടും നമ്മുടെ തറവാടിനോടും നാട്ടുകാര്‍ക്കുള്ള ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും പരിഗണനയുടെയും ഏറ്റവും വലിയ തെളിവായി നമ്മുടെ മുന്നിലുള്ള ഒരു കാര്യത്തെക്കുറിച്ചു കൂടി പറഞ്ഞുകൊള്ളട്ടെ. വല്ലിപ്പാപ്പയെയും വല്ലിമ്മാമ്മയെയും മറവുചെയ്തത് എവിടെയാണെന്ന് നമ്മുടെ ഇളമുറക്കാര്‍ക്ക് അറിയുമോ എന്നറിയില്ല. വല്യപള്ളിയുടെ മിഹ്‌റാബിനു തൊട്ടു പുറത്തായി തൊട്ടുതൊട്ടു കിടക്കുന്ന രണ്ടു ഖബറുകളിലാണവര്‍ കിടക്കുന്നത്. വല്ലിപ്പാപ്പ മരിച്ച് കുറേ കൊല്ലങ്ങള്‍ക്കു ശേഷമാണല്ലോ വല്ലിമ്മാമ്മ മരിച്ചത്. അതുവരേക്കും ഇപ്പോള്‍ വല്ലിമ്മാമ്മ മറവുചെയ്യപ്പെട്ടു കിടക്കുന്ന സ്ഥലത്ത് മറ്റാരെയും ഖബറടക്കണമെന്ന ആവശ്യം ഒരാളില്‍നിന്നും ഉയരുകയുണ്ടായില്ല. സുല്‍ത്താന്റെ ഖബറിനടുത്തുള്ള സ്ഥലം ബീത്താത്താക്കുള്ളതാണ് എന്ന് നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.''


പെട്ടെന്ന് ഗേറ്റിലൂടെ ഉള്ളിലേക്ക് തലയിട്ട് സ്റ്റേജിനു നേരെ നോക്കിക്കൊണ്ട് ഒരാള്‍ വിളിച്ചുപറഞ്ഞു:
''നിസ്‌കരിക്കാന്‍ വരുന്നോരാരെങ്കിലും മിഹ്‌റാബിനടുത്തുള്ള ജനാലയിലൂടെ പൊറത്തേക്ക് തുപ്പുകയാണെങ്കില്‍ അത് തെറിച്ചുവീഴുന്ന ആ സ്ഥലത്ത് അവനോന്റെ ഉറ്റോരേം ഒടയോരേം മറമാടാന്‍ ആര്‍ക്കും ഇഷ്ടല്ലാത്തതുകൊണ്ടാണ് മാഷേ ആ സ്ഥലം കാലിയായിക്കെടന്നത്.''



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago