HOME
DETAILS
MAL
'ഖിലാഫത്ത് ' ഉര്‍ദു പത്രത്തിലൂടെ
backup
May 30 2021 | 05:05 AM
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഗതിമാറ്റിയ ശക്തമായ മുന്നേറ്റമായിരുന്നു ഖിലാഫത്ത് - നിസഹകരണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘാടനം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രകടമായ തിരത്തള്ളലായിട്ടാണ് 1921ലെ മലബാര്‍ വിപ്ലവത്തെ കാണാന്‍ കഴിയുന്നത്. 1921ല്‍ മലബാറില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും നീതിപൂര്‍വകവും വസ്തുതാപരവുമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടില്ല. സ്വാതന്ത്ര്യസമരത്തെ ദേശീയ പരിപ്രേക്ഷ്യങ്ങളില്‍ വിലയിരുത്തിയിട്ടുള്ള അക്കാദമിക പഠനങ്ങളിലും ചരിത്ര ഗവേഷണ ഗ്രന്ഥങ്ങളിലും മലബാര്‍ പോരാട്ടം ബോധപൂര്‍വം തമസ്‌ക്കരിക്കപ്പെടുകയോ തെറ്റായി വിവക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ പുറത്ത് മലബാര്‍ പോരാട്ടത്തെ വിലയിരുത്തിയതും രേഖപ്പെടുത്തിയതും മലയാളീ സമൂഹം ഇക്കാലമത്രയും അറിയപ്പെടാതെ പോയതിന്റെ പ്രധാന കാരണം ഭാഷാപരമായ അന്യവത്ക്കരണമാണ്. കേരളീയര്‍ പൊതുവില്‍ മാതൃഭാഷയായി സ്വീകരിച്ച മലയാളത്തിന്റെ സര്‍വ സ്വീകാര്യത ഇതര ഭാഷകളെ ശ്രദ്ധിക്കാതിരിക്കാന്‍ കാരണമായി. കേരളത്തിന് പുറത്താണെങ്കില്‍ മലയാളത്തിന് ഒട്ടും പരിഗണന ലഭിക്കാതെ പോവുകയും ചെയ്തു. 1921 ല്‍ മലബാറില്‍ നടന്ന സംഭവ വികാസങ്ങളെയും ഇംഗ്ലീഷ് പത്രങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്. അതാകട്ടെ ഭൂരിഭാഗവും തെറ്റായ വിവരങ്ങളും മര്‍ദ്ദകപക്ഷ വിലയിരുത്തലുകളുമായിരുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ സവിശേഷമായും ബ്രിട്ടീഷ് അനുകൂല വീക്ഷണത്തോടെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അപൂര്‍വ്വവും വിരളവുമായി ചില പത്രങ്ങള്‍ മാത്രമാണ് സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്. അവയില്‍ തന്നെ പല സംഭവങ്ങളും അപ്രധാനമായിട്ടായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. പൊതുവില്‍ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്കിടയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വലിയ സ്വാധീനമോ വായനാ സമൂഹമോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൃത്യവും വ്യക്തവുമായി മലബാര്‍ സമരത്തിന്റെ നാനാവശങ്ങളെയും വാര്‍ത്തയും വിശകലനവുമാക്കിയ ഉര്‍ദു പത്രങ്ങളുടെ സംഭാവനകളെ തിരിച്ചറിയേണ്ടത്. ഇന്ത്യയില്‍ പൊതുവെ സംസാരിക്കപ്പെടുന്ന ഭാഷയും വായിക്കപ്പെട്ടിരുന്ന പത്രങ്ങളും ഉര്‍ദുവായിരുന്നു. മതഭേദമന്യേ ഉര്‍ദു പത്രങ്ങള്‍ക്ക് സാധാരണക്കാര്‍ക്കിടയില്‍ മികച്ച സ്വാധീനമുണ്ടായിരുന്നു.
1857ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിലും സമരാനന്തര കാലത്തും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ നിറഞ്ഞ് നിന്നതും ഇന്ത്യയില്‍ കൂടുതല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതും ഉര്‍ദുപത്രങ്ങള്‍ തന്നെയായിരുന്നു. ബോംബെയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ഭായിക്കല്ലയിലെ ഖിലാഫത്ത് ഹൗസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ഖിലാഫത്ത്' ഉര്‍ദു ദിനപത്രം ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു. ഇവിടെ നിന്ന് 'ഖിലാഫത്ത് ഉസ്മാനിയ' എന്ന പേരില്‍ ഒരു വാരികയും പുറത്തിറങ്ങിയിരുന്നു. 1921ല്‍ നടന്ന ഓരോ സംഭവങ്ങളും മലബാറില്‍ നേരിട്ടെത്തി വിലയിരുത്തിക്കൊണ്ടായിരുന്നു 'ഖിലാഫത്ത്' പത്രത്തിലും 'ഖിലാഫത്ത് ഉസ്മാനിയ' ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചിരുന്നത്. മലബാറിലെ രൂക്ഷമായ ഏറ്റുമുട്ടല്‍ കാലത്ത് പത്രങ്ങള്‍ക്ക് ഇങ്ങോട്ട് വരാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പോരാട്ടം അല്‍പം ശമിച്ചുകൊണ്ടിരിക്കെ ഇവിടെ എത്തിയ ചില ഉര്‍ദു പത്രങ്ങളാണ് വിപ്ലവത്തിന്റെ ആഴവും ഭീതിയും ലോകത്തിന് മുന്‍പില്‍ കൊണ്ടുവന്നത്. മലബാര്‍ സമരത്തെ തികച്ചും വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് ജന്മി കൂട്ടുകെട്ടിന്റെയും ഭരണാനുകൂല പത്രങ്ങളുടെയും പൊള്ളത്തരങ്ങളെ പൊളിച്ചടുക്കി യഥാര്‍ഥമായ പത്രദൗത്യം നിര്‍വഹിച്ചത് ഉര്‍ദു പത്രങ്ങളായിരുന്നു. മലബാര്‍ പോരാട്ടത്തിലെ ഇരകളുടെ ദൈന്യതയെയും ദുരവസ്ഥയെയും പരമ്പരയായി വായനക്കാര്‍ക്ക് എത്തിച്ചുകൊടുത്ത ആ പത്രങ്ങളുടെ ധീരമായ നിലപാട് വേണ്ടതുപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
പത്രത്തിലൂടെ പണപ്പിരിവ്
1922 മെയ് 5ന് പുറത്തിറങ്ങിയ 'ഖിലാഫത്ത് ഉസ്മാനിയ' യില്‍ 'മാപ്പിളസഹോദരങ്ങളുടെ സങ്കടകഥ യഥാര്‍ഥ ദേശസ്‌നേഹിയില്‍ നിന്ന്' എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വാരികയുടെ എഡിറ്റര്‍മാരായിരുന്ന അബ്ദുല്‍ ഗനിക്കും നസീര്‍ അഹമ്മദിനും ബി. പോക്കര്‍ സാഹിബും ടി.എം. മൊയ്തുവും കൂടി അയച്ച കത്തിനെ അടിസ്ഥാനമാക്കിയായിരുന്നു പ്രസ്തുത ലേഖനം തയ്യാറാക്കിയത്. മുപ്പത്തയ്യായിരം മാപ്പിള സ്ത്രീകളും കുട്ടികളും ഉടുതുണിക്ക് മറു തുണിയില്ലാതെയും വീടും ഭക്ഷണവുമില്ലാതെയും അനുഭവിക്കുന്ന കഷ്ടപ്പാടും പുരുഷന്മാര്‍ ജയിലിലടക്കപ്പെടുകയോ ക്രൂരമായി കൊല്ലപ്പെടുകയോ ചെയ്ത വേദനാജനകമായ സാഹചര്യവുമായിരുന്നു കത്തില്‍ പരാമര്‍ശിച്ചിരുന്നത്. മലബാര്‍ സ്‌പെഷ്യല്‍ കമ്മീഷന്‍ രേഖപ്പെടുത്തിയ കണക്കാണ് മേല്‍ പരാമര്‍ശിച്ചതെങ്കിലും അതിനേക്കാള്‍ എത്രയോ ഉയര്‍ന്ന സംഖ്യയാണ് യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നത്. മലബാറിലേക്ക് ഏറ്റവും ചുരുങ്ങിയത് 3 ലക്ഷം രൂപയെങ്കിലും പിരിച്ചെടുത്ത് എത്തിച്ചെങ്കില്‍ മാത്രമേ മാപ്പിളമാര്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും നല്‍കാനാകൂ എന്നാണ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ മിസ്റ്റര്‍ അബ്ബാസ് അലി പറഞ്ഞത്. ഇതിനു താഴെയായി പണം അയക്കാനുള്ള മേല്‍ വിലാസവും കൊടുത്തിട്ടുണ്ടായിരുന്നു.
B. Pocker / T.M. Moidu
Secreteries
Moplah Ameilioration Committee
233, Angappa, Noich Street, Madras
പിന്നീട് പറയുന്നതിങ്ങനെയാണ്;
'ഇന്ത്യാ രാജ്യത്ത് മാപ്പിളമാരേക്കാള്‍ നിര്‍ഭാഗ്യവാന്മാര്‍ മറ്റാരുമില്ല. പ്രയാസത്തിലായ മാപ്പിള സ്ത്രീകളും കുട്ടികളും നിരന്തരം വേട്ടയാടപ്പെടുന്നു. മലബാറിലുണ്ടായ സംഭവങ്ങളുടെ പേരില്‍ മാപ്പിളമാരെ മാത്രം കുറ്റപ്പെടുത്തുന്നു. ഹൈന്ദവ സഹോദരന്മാരില്‍ ചിലര്‍ മതം മാറ്റവുമായി ബന്ധപ്പെട്ട് മാപ്പിളമാര്‍ക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ബോംബെ ക്രോണിക്കിളില്‍ ഡോ. ബി.എസ് മുഞ്ചേ മാപ്പിള സമുദായത്തെ കുറിച്ചും ഇസ്‌ലാമിനെ കുറിച്ചും മോശം പരാമര്‍ശം നടത്തുന്നു. 1922 ഏപ്രില്‍ 25ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയത'. മറ്റൊരിടത്ത് ഇങ്ങനെ കാണാം. '1922 ഫെബ്രുവരി 24ന് മൗലാന ആസാദ് സുബ്ഹാനി മലബാറിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അദ്ദേത്തെ ഭരണകൂടം അറസ്റ്റ് ചെയ്തു. മാപ്പിളമാരെ എല്ലാ തരത്തിലും പ്രയാസപ്പെടുത്തി ദുരിതത്തിലാക്കിയിരിക്കുകയാണ്. ഞങ്ങള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. വായനക്കാരും പ്രത്യേക ശ്രദ്ധ ചെലുത്തി ഇവരെ സഹായിക്കാന്‍ സന്നദ്ധമാകണം' എന്ന അഭ്യര്‍ഥനയോടെയാണ് നിര്‍ത്തുന്നത്.
1922 മെയ് അഞ്ചിന് ഇറങ്ങിയ ഖിലാഫത്ത് ഉസ്മാനിയ ആഴ്ച്ചപ്പതിപ്പില്‍ മൗലാന ആസാദ് സുബ്ഹാനി മാപ്പിളമാരെ സഹായിക്കാനായി ബാംഗ്ലൂരില്‍ സ്ഥാപിച്ച 'പ്രൊവിന്‍ഷ്യല്‍ മാപ്പിള സഹായ കമ്മറ്റി' യുടെ ആഹ്വാനം കൊടുത്തിട്ടുണ്ടായിരുന്നു. കമ്മിറ്റിയുടെ സെക്രട്ടറിമാരായ മുഹമ്മദ് അബ്ദുല്‍ അസീസ് സിദ്ദീഖി, അബ്ദുല്‍ ഹമീദ് ഖാസിം എന്നിവരുടെ പേരില്‍ ബാംഗ്ലൂരിലെ ന്യൂ മാര്‍ക്കറ്റ് നമ്പര്‍ 4 എന്ന വിലാസത്തില്‍ ധനസഹായമെത്തിക്കാനായിരുന്നു അഭ്യര്‍ഥന. മലബാര്‍ മാപ്പിളമാരെ സഹായിക്കുന്നതിനായി മൗലാന ആസാദ് സുബ്ഹാനി ബാംഗ്ലൂരിലെ നാഷണല്‍ സ്‌കൂളില്‍ വച്ച് 3902 രൂപ സമാഹരിച്ചു. രണ്ടാം ദിവസം മൈസൂരിലെത്തി മസ്ജിദ് ആസമിലെ കമ്മിറ്റി ഭാരവാഹികളെയും മറ്റുപലരെയും വിളിച്ചു കൂട്ടി വിഷയം അവതരിപ്പിച്ചപ്പോള്‍ 153 രൂപയും പലരില്‍ നിന്നു വാഗ്ദാനമായി 2000 രൂപയും ലഭിക്കുകയുണ്ടായി.
പ്രൊവിന്‍ഷ്യല്‍ മാപ്പിള സഹായ ഫണ്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ദിവസം മൗലാന റാഹി ബന്‍ഹാരി മുന്‍ കൈയ്യെടുത്ത് 1885 രൂപ പിരിച്ചെടുത്തു. പിന്നീട് മലബാര്‍ മാപ്പിളമാര്‍ക്ക് വീട് വച്ചുകൊടുക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ആഴ്ച്ചപ്പതിപ്പിന്റെ ഒരു പേജ് നിറയെ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് നടന്ന ധനസമാഹരണത്തില്‍ പങ്കെടുത്തവരുടെ പേരും സംഖ്യയുമാണ് പ്രസിദ്ധീകരിച്ചിരുന്നത്. 1922 മെയ് 19ന് ഇറങ്ങിയ 'ഖിലാഫത്ത്' ദിനപത്രത്തിന്റെ ഏഴാം പേജില്‍ ബാംഗ്ലൂരിലെ ഹുസൈന്‍ അഹമ്മദ് റിസ്‌വിയുടെ 'മലബാറിനെ സഹായിക്കാന്‍ അഭ്യര്‍ഥന' എന്ന ശീര്‍ഷകത്തില്‍ സുദീര്‍ഘമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലേഖനത്തിലെ അഭ്യര്‍ഥന ഇപ്രകാരമായിരുന്നു. 'റമദാന്‍ മാസത്തിന്റെ വിശുദ്ധിയിലാണ് നാമെല്ലാവരും. ഇന്നലെ വരെ കൂട്ടുകൂടുംബത്തോടൊപ്പം സസന്തോഷം ജീവിച്ച ഇസ്‌ലാമികമായ ഭക്തിയോടെ കഴിഞ്ഞ ഒരു സമൂഹം നോമ്പു തുറക്കും അത്താഴത്തിനും വകയില്ലാതെ തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വസ്ത്രമില്ലാതെ കഴിയുകയാണ്. കഷ്ടതയനുഭവിക്കുന്ന സ്ത്രീകളുടെയും അനാഥമക്കളുടെയും സ്ഥിതി ദയനീയമാണ്. ഇസ്‌ലാമിക മാര്‍ഗത്തില്‍ തൗഹീദില്‍ അടിയുറച്ച് ജീവിച്ചിരുന്ന ആ ജനതയുടെ ദുരവസ്ഥ എഴുതി ഫലിപ്പിക്കാനാവില്ല. മലബാറിനെ കുറിച്ച് ഒരു കവി പറഞ്ഞതുപോലെ...
ബുല്‍ ബുലെ ഹിന്ദ് കി ഫുഗാന്‍
സഞ്ചിയെ മലബാര്‍ സുന്‍
ചല്‍ കെ ആന്‍ഖോം സെ സറാ മുസ്‌ലിം കീ ബര്‍ബാദി ഭി ദേഖ്
(മലബാറിലെ മുസ്‌ലിംകളുടെ ദുരവസ്ഥ എല്ലാവരും കാണണമെന്ന് ചുരുക്കം)
ഈ മാപ്പിള സമുദായത്തെ നാം കാണാതെ പോയാല്‍ നാളെ നാഥനോട് മറുപടി പറയേണ്ടി വരും. ഇവരിലുള്ള പുരുഷന്മാര്‍ അല്ലാഹുവിന്റെയും നബിതിരുമേനിയുടെയും പേരില്‍ ശഹീദായവരാണ്. പെരുന്നാള്‍ സമാഗതമായിരിക്കുകയാണ്. മലബാര്‍ മുസ്‌ലിംകളുടെ ഈ ദയനീയാവസ്ഥയില്‍ അവരെ മറന്ന് നമുക്കെങ്ങനെ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയും. നാം നോല്‍ക്കുന്ന നോമ്പിന്റെ പ്രതിഫലം ലഭിക്കണമെങ്കില്‍ മാസങ്ങളായി രാപ്പകല്‍ പട്ടിണി കിടക്കുന്നവരും ഇരിക്കക്കൂര ഇല്ലാത്തവരുമായ മലബാര്‍ മുസ്‌ലിംകളെ സഹായിക്കേണ്ടത് അനിവാര്യമാണ്. പട്ടിണി കിടന്ന് അവര്‍ക്ക് മരണ പരമ്പര വിധിക്കും മുന്‍പ് നാം അവരെ സഹായിക്കേണ്ടതുണ്ട്'. ഇങ്ങനെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
1922 ജൂലായ് 22ന്റെ 'ഖിലാഫത്ത്' ഉര്‍ദു പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ 'മലബാറിലെ പീഡിതരും ഈദുല്‍ അസ്ഹ' യും എന്ന തലക്കെട്ടില്‍ മാപ്പിളമാര്‍ക്ക് വേണ്ടിയുള്ള സഹായാഭ്യര്‍ഥന ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ഖുര്‍ആന്‍ വചനം 'ഏറെ പ്രിയപ്പെട്ടതായിട്ടും പാവപ്പെട്ടവനും അനാഥനും തടവുകാരനും അവര്‍ ഭക്ഷണം നല്‍കുന്നു' എന്നായിരുന്നു.
മലബാറിലെ മുസ്‌ലിംകളെക്കുറിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒന്നുമറിയുന്നില്ല. നഗ്നരായി പട്ടിണിയിലമരുന്നവരെ എല്ലാ വിധത്തിലും സഹായിക്കേണ്ടതുണ്ട്. തുടര്‍ന്ന് ഉദ്ധരിക്കുന്നത് ഹദീസ് വചനമാണ്. 'തന്റെ സഹോദരന്റെ ആവശ്യം നിറവേറ്റിക്കൊടുക്കുന്നവന്റെ ആവശ്യം അല്ലാഹു നിറവേറ്റിക്കൊടുക്കും'. എല്ലാ സഹായങ്ങളും മലബാറിലേക്കെത്തിക്കാനുള്ള അഭ്യര്‍ഥനയോടെപ്പം 'വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാവുക' എന്ന വചനത്തോടെയാണ് അവസാനിപ്പിക്കുന്നത്.
മലബാറിലെ അതിദയനീയമായ സാഹചര്യം പലപ്പോഴായി ഉര്‍ദുപത്രങ്ങളില്‍ കൊണ്ടുവന്നതില്‍ (ജെ.ഡി.ടി.ഐ) ജംഇയ്യത്ത് ദഅ്‌വത്ത് തബ്‌ലീഗ് ഇസ്‌ലാം (കോഴിക്കോട്) പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് മാപ്പിള സ്ത്രീകളുടെ ദുരവസ്ഥയും കുട്ടികളുടെ അനാഥത്വവും ഏറെ ദുഷ്‌ക്കരമായിരുന്നു. പുരുഷന്മാരെ കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുകയായിരുന്നു ബ്രിട്ടീഷുകാരുടെ നടപടി. ദാരിദ്ര്യത്തേക്കാളും പട്ടിണിയെക്കാളും വലിയ പ്രശ്‌നമായിരുന്നു നഗ്‌നത മറക്കാന്‍ ഉടയാടകള്‍ പേരിനുപോലുമില്ലാത്ത അവസ്ഥ. 1922 ജൂലൈ 26ന്റെ ഖിലാഫത്ത് പത്രത്തില്‍ ജെ.ഡി.ടി.ഐ കോഴിക്കോട് അസിസ്റ്റന്റ് സെക്രട്ടറി ഖാസി അബ്ദുല്ല വാഹിദ് ഈ ദയനീയാവസ്ഥയെ കുറിച്ച് വിശദമായി എഴുതിയിരുന്നു. മാപ്പിള മക്കള്‍ക്കായി സ്ഥാപിച്ച സ്‌കൂളിനെയും യതീംഖാനയെയും സഹായിക്കാന്‍ ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മലബാര്‍ മാപ്പിളമാരെ സഹായിക്കാന്‍ വന്ന മൊഹ്‌യുദ്ദീന്‍ ഖസൂരി 'ഖിലാഫത്ത് ദിനപത്രത്തില്‍ സുദീര്‍ഘമായ ഒരു ലേഖനമെഴുതിയിരുന്നു. ജംഇയ്യത്ത് ദഅ്‌വത്ത് തബ്‌ലീഗ് ഇസ്‌ലാമിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വീകാര്യതയും ബാംഗ്ലൂര്‍ മാപ്പിള റിലീഫ് കമ്മറ്റിയുടെ ഏഴായിരം രൂപയുടെ ധനസഹായവും 1922 ഓഗസ്റ്റ് 10ന് പുറത്തിറങ്ങിയ പത്രത്തിലെ ലേഖനത്തില്‍ വിശദമായി പരാമര്‍ശിക്കുകയുണ്ടായി. ലേഖനം തുടരുന്നത് ഇങ്ങനെയാണ് 'കഴിഞ്ഞ ആറു മാസമായി ജെ.ഡി.ടി.ഐ (പൂനെ) മലബാറിലെ മാപ്പിളമാരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ഓള്‍ ഇന്ത്യാ സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി (ബോംബെ) നിരന്തരം ജംഇയ്യത്തിനെ സഹായിക്കുന്നു. നാല്‍പതിനായിരം രൂപ വരെ ഇതിനകം സഹായമായി ലഭിച്ചു'. ബാംഗ്ലൂരില്‍ നിന്ന് ചിലര്‍ മാപ്പിളമാരെ സഹായിക്കാന്‍ ഏഴായിരം രൂപ കോഴിക്കോട്ടേക്ക് എത്തിച്ചതും പ്രസ്തുത തുക ജംഇയ്യത്തിന്റെ സൂപ്രണ്ട് ഖാസി അബ്ദുല്‍ വാഹിദിനെ ഏല്‍പിച്ചതും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ കോഴിക്കോട്ടെ ഇമ്പീരിയല്‍ ബാങ്കിന്റെ മുന്‍വശത്തുള്ള ജംഇയ്യത്ത് കോഴിക്കോട് ഓഫീസില്‍ എത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുണ്ട്. കോഴിക്കോട് പണിതുകൊണ്ടിരിക്കുന്ന യതീംഖാനയെ കുറിച്ചും മൊഹ്‌യുദ്ദീന്‍ ഖസൂരി വിവരിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വിഭാഗമായിരിക്കും യതീംഖാനയില്‍ ഉണ്ടാവുക എന്നും 45 ആണ്‍കുട്ടികള്‍ക്കും 15 പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നതാണെന്നും ഇതോടനുബന്ധിച്ച് ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും പ്രസ്തുത ലേഖനത്തില്‍ പറയുന്നു. വമാ അലൈനാ ഇല്ലല്‍ ബലാഗുല്‍ മുബീന്‍ എന്ന ഖൂര്‍ആനിക വചനം കൊണ്ടാണ് ഖസൂരി ലേഖനം അവസാനിപ്പിക്കുന്നത്.
മലബാറിന്റെ ശബ്ദമാകുന്നു
1922 ഓഗസ്റ്റ് 21ന് ഇറങ്ങിയ 'ഖിലാഫത്ത്' ദിനപത്രത്തില്‍ രണ്ടായിരം മാപ്പിളമാരുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച വാര്‍ത്തയുണ്ട്. മാപ്പിള മക്കള്‍ മാത്രം പഠിക്കുന്ന പാഠശാലകള്‍ നിര്‍ത്തരുതെന്ന് അഭ്യര്‍ഥിക്കുന്ന നിവേദനമായിരുന്നു ഇത്. പൊതുവിദ്യാലയങ്ങളില്‍ ഫീസില്ലാതെ പഠിക്കാനുള്ള അവസരം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ പത്രത്തില്‍ തന്നെ ഖിലാഫത്ത് പ്രസ്ഥാന നേതാവായിരുന്ന മൗലാന ആസാദ് സുബ്ഹാനി ഓഗസ്റ്റ് 17ന് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗവും ഉണ്ടായിരുന്നു. 'മലബാര്‍ കലാപത്തിന്റെ ഉത്തരവാദി ആരാണ്' എന്ന തലക്കെട്ടില്‍ കൊടുത്ത പ്രസംഗത്തില്‍ ആസാദ് സുബ്ഹാനി ഇങ്ങനെ പറയുന്നു. 'ഞാന്‍ ഭരണകൂടത്തോട് മലബാറിലേക്ക് പോകാനുള്ള അനുമതി ചോദിച്ചു. എനിക്ക് അനുമതി നല്‍കിയില്ല. വീണ്ടും ഞാന്‍ അപേക്ഷിച്ചു. പ്രയാസപ്പെടുന്ന മാപ്പിളമാരെ സഹായിക്കാനാണ് പോകുന്നതെന്ന് പറഞ്ഞിട്ടും അനുവാദം തന്നില്ല. അവസാനം ഞാന്‍ മദ്രാസിലെത്തി രഹസ്യമായും അല്ലാതെയും മലബാറിലെ സ്ഥിതിഗതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സസൂക്ഷ്മം അന്വേഷിച്ച് വിലയിരുത്തി. അത്തരത്തില്‍ എനിക്ക് പൂര്‍ണമായും ബോധ്യമായ കാര്യങ്ങളാണ് നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. മലബാറിലെ ഹിന്ദു, മുസ്‌ലിം വിഭാഗക്കാരെ ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് മുസ്‌ലിംകള്‍ ഒരിക്കലും കലാപത്തിനോ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ മുതിര്‍ന്നിട്ടില്ലെന്നാണ്. അവര്‍ ഒരിക്കലും അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചിട്ടില്ല. ഒരിക്കലും ക്ഷമ കൈവിട്ടിട്ടില്ല. ഭരണകൂടം അവരോട് ചെയ്ത അന്യായങ്ങളും മര്‍ക്കട മുഷ്ടിയോടെയുള്ള പെരുമാറ്റവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മുസ്‌ലിംകളുടെ മതവികാരത്തെ പുച്ഛിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ആത്മീയ നേതാക്കളെ ജയിലിലടക്കയും അതിക്രൂരമായി മതനിന്ദ കാണിക്കുകയും ചെയ്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ അതിര് വിട്ട് പ്രവര്‍ത്തിച്ചപ്പോഴാണ് മാപ്പിള മുസ്‌ലിംകള്‍ ചെറുത്തു നില്‍പിനും ആക്രമണത്തിനും മുതിരുകയുണ്ടായത്.
കലാപത്തിന് മുന്‍പ് മലബാറില്‍ ഹിന്ദു- മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയോ അകല്‍ച്ചയോ ഉണ്ടായിരുന്നില്ല. ഇരു വിഭാഗങ്ങളിലെയും ചില സ്വാര്‍ഥതാത്പര്യക്കാര്‍ ഉണ്ടാക്കിയതാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍. ഇപ്പോള്‍ മലബാറിലെ അന്‍പതിനായിരത്തോളം വരുന്ന മാപ്പിളമാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി ദയനീയമായ അവസ്ഥയിലാണ്. മാപ്പിള മുസ്‌ലിംകളെ സഹായിക്കാനായി ഞാന്‍ ഇന്ത്യാ രാജ്യമാകെ സഞ്ചരിച്ച് സഹായമഭ്യര്‍ഥിക്കാന്‍ പോവുകയാണ്'. പ്രസംഗശേഷം സുബ്ഹാനി യൂനിവേഴ്‌സിറ്റിയുടെ ഗ്രന്ഥശാല സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു. 'ഞാന്‍ ഇതിന് മുന്‍പ് മഹാത്മാ ഗാന്ധിക്കൊപ്പം ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. അന്നത്തേക്കാളേറെ പുരോഗതിയുണ്ടായിട്ടുണ്ട്. എല്ലാ പുരോഗതിയിലും നമ്മളോര്‍ക്കേണ്ടത് മാപ്പിള മുസ്‌ലിംകളെയാണ്'. തുടര്‍ന്ന് വൈകുന്നേരം അവിടെയുള്ള ജാമിഅ മസ്ജിദില്‍ മാപ്പിള മുസ്‌ലിംകള്‍ക്ക് സഹായമഭ്യര്‍ഥിച്ചുകൊണ്ട് ദീര്‍ഘനേരം പ്രസംഗിച്ചു. അലിഗഢിലെ പൗരപ്രമുഖനായ കുന്‍വര്‍ അബ്ദുല്‍ വഹാബ് ഖാന്‍ അല്‍പ ദിവസങ്ങള്‍ക്കകം ഇതിലേക്കായി രണ്ടായിരം രൂപ ശേഖരിച്ച് അയച്ചു തരാമെന്ന് സുബ്ഹാനിയോട് പറഞ്ഞു. സുബ്ഹാനിയുടെ പ്രസംഗം ശ്രവിച്ച സ്ത്രീകള്‍ തത്സമയം അവരുടെ ആഭരണങ്ങള്‍ ഊരിയെടുത്ത് ഫണ്ടിലേക്ക് നല്‍കുകയുണ്ടായി.
'ഭാരതത്തിന്റെ പൂന്തോട്ടത്തില്‍ തൗഹീദിന്റെ ആദ്യ ചെടി നട്ട് വളര്‍ത്തിയ മലബാറിലെ മുസ്‌ലിംകളുടെ അതിദയനീയ സ്ഥിതി' എന്ന ശീര്‍ഷകത്തില്‍ ഖാസി അബ്ദുല്‍ വാഹിദിന്റെ ഹൃദയസ്പര്‍ശിയായ ഒരു ലേഖനം 1922 ഓഗസ്റ്റ് 21ലെ 'ഖിലാഫത്ത്' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 'ലാഇലാഹ ഇല്ലല്ലാ' എന്ന ശബ്ദം ഇന്ത്യയില്‍ ആദ്യമായി മുഴങ്ങിക്കേട്ട മലബാറിലെ സ്ഥിതി നേരിട്ടറിയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മലബാറിന്റെ ചരിത്രം ഹ്രസ്വമായി അവതരിപ്പിച്ച ശേഷം കലാപാനാന്തര കെടുതികളെ വിവരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഭവനരഹിതരായിപ്പോയവരുടെ ദൈന്യതയും മാറ് മറക്കാനില്ലാത്തതിനാല്‍ ചെറിയ കുട്ടികളെ മാറോട് ചേര്‍ത്ത് പിടിച്ച് നഗ്നത മറക്കേണ്ടി വരുന്ന സ്ത്രീകളുടെ ദുരവസ്ഥയും ഈ ലേഖനത്തില്‍ കൃത്യമായി വിവരിച്ചിരുന്നു.
മര്‍ദ്ദകരെ തുറന്നുകാട്ടി
പീഡിതര്‍ക്കൊപ്പം
1922 ഓഗസ്റ്റ് 27ന് ഇറങ്ങിയ 'ഖിലാഫത്ത്' ദിനപത്രത്തില്‍ 'പീഡിതരായ മാപ്പിളമാരും ക്രൂരരായ ഓഫിസര്‍മാരും' എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ മാപ്പിളമാരെ കൊന്നൊടുക്കിയവരെയും പീഡിപ്പിച്ചവരെയും തുറന്നുകാട്ടുന്നുണ്ട്. വാഗണ്‍ ട്രാജഡി സംഭവത്തിന് നേതൃത്വം നല്‍കിയവരും ഒരു വിചാരണക്ക് പോലും വിധേയരാകാത്തവരും എന്നാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെ മുഴുവന്‍ സര്‍വിസ് ആനുകൂല്യങ്ങളും കൈപ്പറ്റി ഇംഗ്ലണ്ടില്‍ കഴിയുന്നവരുമായ ക്രൂരരായ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്താണ് പ്രസ്തുത ലേഖനമെഴുതിയിരിക്കുന്നത്. അതിരൂക്ഷമായി ഗവണ്‍മെന്റിനെ വിമര്‍ശിച്ചെഴുതിയ ഈ ലേഖനം പത്രത്തിന്റെ എഡിറ്റര്‍ തന്നെ എഴുതി എന്നത് ഏറെ പ്രസക്തമായിരുന്നു.
'തകര്‍ന്ന് പോയ മാപ്പിളമാരും ഇന്ത്യന്‍ മുസ്‌ലിംകളും' എന്ന ശീര്‍ഷകത്തില്‍ 1922 ഒക്ടോബര്‍ 22ന് ഖിലാഫത്ത് ദിനപത്രത്തില്‍ മസൂദുറഹ്മാന്‍ നദ്‌വി എഴുതിയ ലേഖനം പ്രൗഢഗംഭീരമായിരുന്നു. ധീരതയിലും വിശ്വാസകാര്യങ്ങളിലും മാപ്പിള സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ ഇന്ത്യയിലെ ഇതരദേശങ്ങളിലെ മുസ്‌ലിം സമൂഹം മനസിലാക്കിയിരിക്കേണ്ടതാണെന്ന ആമുഖത്തോടെയാണ് മലബാര്‍ മാപ്പിളമാരുടെ വര്‍ത്തമാനകാല സാഹചര്യം അദ്ദേഹം വിവരിക്കുന്നത്. പട്ടാളനിയമം നടപ്പാക്കി എങ്ങനെയാണ് ഒരു ജനസമൂഹത്തെ ക്രൂരമായി അടിച്ചമര്‍ത്തിയതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മാപ്പിള സമുദായത്തെ നിശ്ശേഷം തുടച്ചുനീക്കുകയെന്ന ഉന്മൂലനചിന്തയാണ് മലബാറില്‍ വെള്ളപ്പട്ടാളം നടപ്പാക്കിയതെന്ന് ലേഖനം സമര്‍ഥിക്കുന്നു. ദുരിതബാധിതരായ മാപ്പിളമാരെ സഹായിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ രംഗത്തുവരണമെന്നും ഇത് അറിഞ്ഞില്ലെന്ന് പറഞ്ഞ് പടച്ചവന്റെ മുന്‍പില്‍ കുറ്റക്കാരാകരുതെന്നും പറഞ്ഞ് ഒരു ഈരടിയിലൂടെയാണ് സുദീര്‍ഘമായ ലേഖനം അവസാനിക്കുന്നത്.
ആന്‍ഖ് ഭി ഹാലെ പരേശാന്‍
പെ ന തും നെ നം കീ
ഫിര്‍ ന കഹ്ന കെ സുമായി
ന കഹാനീ ഗം കീ
(സന്ദിഗ്ധാവസ്ഥയെ കുറിച്ചറിഞ്ഞിട്ടും കണ്ണൊന്ന് നനച്ചില്ല, ദുഃഖത്തിന്റെ കഥ കേള്‍പ്പിച്ചില്ലെന്ന് പിന്നീട് പറയരുതേ)
ഖിലാഫത്ത് പത്രത്തില്‍ ചിത്രങ്ങള്‍ അപൂര്‍വമായിട്ടായിരുന്നു കൊടുത്തിരുന്നത്. അത്തരത്തില്‍ അപൂര്‍വമായ, ഹൃദയഭേദകമായ, വായനക്കാരുടെ കണ്ണ് നനയിച്ച ഒരു ചിത്രമായിരുന്നു 1922 ഒക്ടോബര്‍ 28ന് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചിരുന്നത്. മലബാര്‍ വിപ്ലവത്തിന്റെ വേദനാജനകമായ ഒരു ദൃശ്യം എന്ന് പറഞ്ഞുകൊണ്ട് കലാപകാരികള്‍ കൈവെട്ടി മാറ്റിയ ഒരു മാപ്പിളക്കുട്ടിയുടെ ചിത്രമായിരുന്നു അത്. അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു. 'മാപ്പിള സമുദായത്തിലെ പീഡിതനായ നിഷ്‌കളങ്കനായ ഒരു കുഞ്ഞിന്റെ കൈ അക്രമികള്‍ വെട്ടിമാറ്റിയപ്പോള്‍'.
ഇതേ പത്രത്തില്‍ തന്നെ 'മലബാറില്‍ പ്രവര്‍ത്തനമാണാവശ്യം' എന്ന തലക്കെട്ടോടെ മൊഹ്‌യുദ്ദീന്‍ ഖസൂരിയുടെ ഒരു അഭ്യര്‍ഥന ഉണ്ടായിരുന്നു. മലബാര്‍ മാപ്പിളമാരുടെ ദുരവസ്ഥ വസ്തുതാപരമായി വിവരിച്ചുകൊണ്ടായിരുന്നു ഈ സഹായാഭ്യര്‍ഥന.
1922 നവംബര്‍ 19ന്റെ ഖിലാഫത്ത് പത്രത്തില്‍ 'മദ്രാസിലെ ഭരണഘടനാ നിയമസമിതിയും മാപ്പിള തടവുകാരുടെ ജീവിതാവശ്യങ്ങളും' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മാപ്പിളതടവുകാരുടെ താമസം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്കായി നാല് ലക്ഷം രൂപയുടെ അംഗീകാരം വേണമെന്ന് മിസ്റ്റര്‍ നാപ്പ് സമര്‍പ്പിച്ച നിവേദനവും അതേ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും വിശദമാക്കുന്നു.
നാപ്പിന്റെ നിവേദനത്തെ കൗണ്‍സില്‍ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. ബെല്ലാരി ജയിലില്‍ പൊലിസിന് പകരം പട്ടാളത്തെ നിയമിച്ചതെന്തിനാണെന്ന ബെല്ലാരി കൗണ്‍സില്‍ അംഗത്തിന്റെ ചോദ്യവും അതിന് കൊടുത്ത മറുപടിയും ഇതില്‍ വിശദീകരിക്കുന്നു. ബെല്ലാരി നിവാസികള്‍ മാപ്പിളമാരെ കുറിച്ച് പരാതി പറഞ്ഞതുകൊണ്ടാണ് പട്ടാളത്തെ നിയോഗിക്കേണ്ടി വന്നതെന്നാണ് മിസ്റ്റര്‍ നാപ്പിന്റെ മറുപടി.
ആവശ്യപ്പെട്ട തുക മദ്രാസ് പ്രസിഡന്‍സി അനുവദിക്കുന്നില്ലെങ്കില്‍ മാപ്പിള തടവുകാര്‍ക്ക് നഗ്നരായും പട്ടിണിയായും കിടക്കേണ്ടി വരുമെന്നാണ് മിസ്റ്റര്‍ നാപ്പ് പറയുന്നത്. ഓഗസ്റ്റ് മാസത്തോട 500 തടവുകാരെ നല്ല നടപ്പിന് മോചിപ്പിച്ചെന്നും വേറെ 500 പേരെ മോചിപ്പിക്കാന്‍ ഉത്തരവായിട്ടുണ്ടെന്നും അവര്‍ വൈകാതെ മോചിതരാകുമെന്നുമാണ് തടവുകാരെ സംബന്ധിച്ച അന്വേഷണത്തിന് മറുപടിയായി നാപ്പ് പറയുന്നത്.
മലബാര്‍ കലക്ടര്‍ മിസ്റ്റര്‍ നാപ്പിനയച്ച കത്തിനെ കുറിച്ച് ലേഖനം പ്രതിപാദിക്കുന്നു. മാപ്പിള തടവുകാരുടെ ദുരവസ്ഥയെ കുറിച്ച് കത്തില്‍ പറയുന്നുണ്ട്. തുര്‍ക്കിയിലെ വിജയം കാരണമാണ് തങ്ങള്‍ മോചിതരായതെന്ന് ജയിലില്‍ നിന്ന് പുറത്തുവിട്ട തടവുകാരെ ധരിപ്പിക്കുന്നതായി പറയുന്നു. ചിലര്‍ അങ്ങനെയാണെന്ന് വിശ്വസിച്ചിരുന്നു. വാഗ്വാദങ്ങള്‍ക്കൊടുവിലാണ് കൗണ്‍സില്‍ നാലു ലക്ഷം രൂപ പാസായിക്കിയതെന്ന വാര്‍ത്തയോടെയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
ഇങ്ങനെ മലബാര്‍ സമരം സംബന്ധിയായി നാം അറിയാതെ പോയ അനേകം വര്‍ത്തമാനങ്ങളുണ്ട്. ചരിത്രാന്വേഷകരുടെയും ഗവേഷകരുടെയും മുന്‍പില്‍ എത്താതെ പോയ നിരവധി സംഭവങ്ങളുണ്ട്. നമ്മുടെ പൂര്‍വികര്‍ നടത്തിയ ത്യാഗോജ്വലമായ ധീരകഥകളും അവരനുഭവിക്കേണ്ടി വന്ന പീഡനങ്ങളും ഇനിയമെത്രയോ അറിയാനുണ്ട്. അതിലേക്ക് വെളിച്ചംവീശുന്ന സുപ്രധാനമായ വാര്‍ത്തകളും വിശകലനങ്ങളുമാണ് 'ഖിലാഫത്ത്' ഉള്‍പ്പെടെയുള്ള ഉര്‍ദു പത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."