വിധി കാത്ത് വി.ഡി സതീശന്‍
1967 മാര്‍ച്ച് ഒന്നാം തീയതി സപ്തകക്ഷി മുന്നണി നേതാക്കളായ ഇ.എം.എസ് നമ്പൂതിരിപ്പാട്, എം.എന്‍ ഗോവിന്ദന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ, പി.ആര്‍ കുറുപ്പ്, ടി.കെ ദിവാകരന്‍, ബി. വെല്ലിങ്ടന്‍, മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗവാന്‍ സഹായിയെ കണ്ടു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജയിച്ച മുന്നണിക്കുവേണ്ടി മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.എം.എസ് ഗവര്‍ണര്‍ക്കു കത്തു നല്‍കി. അന്നു വൈകിട്ടു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ 'ഐക്യമുന്നണി സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന്' ഇ.എം.എസിന്റെ പ്രഖ്യാപനം. മാര്‍ച്ച് 6ാം തീയതി ഇ.എം.എസ് മുഖ്യമന്ത്രിയായി 13 അംഗ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു.
1960ല്‍ പി.എസ്.പിയെയും മുസ്‌ലിം ലീഗിനെയും കൂട്ടി കോണ്‍ഗ്രസ് മുന്നണിയുണ്ടാക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്‌തെങ്കിലും ലീഗ് പ്രതിനിധികളെ മന്ത്രിമാരാക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. കേരളത്തില്‍ മുസ്‌ലിം ലീഗ് ഒരു പ്രധാന കക്ഷിയായി ഉയര്‍ന്നെങ്കിലും പാര്‍ട്ടിക്ക് കേരളത്തില്‍ ഭരണപങ്കാളിത്തം കിട്ടുന്നത് 1967ല്‍ മാത്രം. മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ഏഴ് കക്ഷികളുടെ സപ്തകക്ഷി മുന്നണിയുണ്ടാക്കിയാണ് ഇ.എം.എസ് 1965ലെ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന നിയമസഭയ്ക്കു ശേഷം സര്‍ക്കാരുണ്ടാക്കിയത്. മുസ്‌ലിം ലീഗിലെ സി.എച്ച് മുഹമ്മദ് കോയ, എം.പി.എം അഹമ്മദ് കുരിക്കള്‍ എന്നീ മന്ത്രിമാരുള്‍പ്പെടെ 13 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റിലെത്തി അധികാരമേല്‍ക്കുമ്പോള്‍ കെ. കരുണാകരന്‍ എട്ടു പേരുടെ നേതാവായി പ്രതിപക്ഷത്ത് ഒതുങ്ങിയിരുന്നു.
കരുണാകരന്‍ അടങ്ങിയിരുന്നില്ല. ഭരണപക്ഷത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ വൈകാതെ ശ്രമം തുടങ്ങുകയായിരുന്നു അദ്ദേഹം. ആദ്യം സി.പി.ഐയെ കൂട്ടുപിടിച്ചു. ബാക്കി കാര്യങ്ങളൊക്കെ ചെയ്തത് സി.പി.ഐ നേതാക്കള്‍, എം.എന്‍ ഗോവിന്ദന്‍ നായരും കൂട്ടരും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നണി കൊരുത്തെടുത്തു കരുണാകരന്‍. ഐക്യ ജനാധിപത്യ മുന്നണിയുടെ തുടക്കം അവിടെ നിന്നായിരുന്നു. കരുണാകരന്‍ കേന്ദ്രബിന്ദുവായി രൂപംകൊണ്ട മുന്നണി.
തൃക്കാക്കരയിലേയ്ക്കു പ്രതീക്ഷയോടെ നോക്കുകയാണ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ സതീശന്‍ തൃക്കാക്കരയിലുണ്ട്. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിന്റെ നെടുങ്കോട്ട. സതീശനും എറണാകുളം ജില്ലക്കാരന്‍ തന്നെ. ഇന്നും കോണ്‍ഗ്രസിനു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ് ജില്ല. തൃക്കാക്കര ഇതുവരെയും കോണ്‍ഗ്രസിന്റെ ശക്തിയേറിയ കോട്ടയായിരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ക്കൊക്കെ അറിയാം. കോട്ട നിലനിര്‍ത്തേണ്ടത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെയൊക്കെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും നേതാക്കളും പ്രവര്‍ത്തകരും കൂട്ടം കൂട്ടമായെത്തി. ഉമാ തോമസിനു പിന്തുണ കൊടുക്കാന്‍ അവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ആത്യന്തിക നിലനില്‍പ്പിന്റെ അടയാളമായി മാറുകയായിരുന്നു തൃക്കാക്കര. കോണ്‍ഗ്രസ് ഇതുവരെ പരാജയപ്പെട്ടിട്ടില്ലാത്ത സീറ്റാണിത്. എന്തു വിലകൊടുത്തും കോണ്‍ഗ്രസിനു തൃക്കാക്കര പിടിച്ചേ പറ്റൂ. തീപ്പൊരി നേതാവ് പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കുന്ന സീറ്റ്. കോണ്‍ഗ്രസില്‍ പടലപ്പിണക്കങ്ങളോ ഗ്രൂപ്പു വഴക്കുകളോ ഇല്ലാത്ത നല്ലകാലം.
ഇവിടെയാണ് വി.ഡി സതീശന്റെ നേതൃത്വം കനത്ത പരീക്ഷണം നേരിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടുതവണ തോല്‍വി ഏറ്റവാങ്ങിയ കോണ്‍ഗ്രസ് ആകെ ദുര്‍ബലാവസ്ഥയിലാണ്. യു.ഡി.എഫിന്റെ കാര്യം പറയുകയും വേണ്ട.ഘടകകക്ഷികളൊക്കെയും ക്ഷീണത്തില്‍ത്തന്നെ. തൃക്കാക്കര ജയിക്കാന്‍ ഒരുവശത്ത് മുന്നണിയെയും മറുവശത്ത് കോണ്‍ഗ്രസിനെയും ചേര്‍ത്തുപിടിച്ചിരിക്കുകയാണ് വി.ഡി സതീശന്‍.
ഈ നീക്കം പൊളിക്കുകയാണ് സി.പി.എം ലക്ഷ്യം. തൃക്കാക്കര മാത്രമല്ല, എറണാകുളം ജില്ല തന്നെയാണ് സി.പി.എം നോക്കിവച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാല്‍ കാര്യം മനസ്സിലാവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലൊക്കെ കോണ്‍ഗ്രസിനെ നാമാവശേഷമാക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോള്‍ ലക്ഷ്യം എറണാകുളം. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിലൂടെ തുടക്കം കുറിക്കാനാണ് ശ്രമം. കൊണ്ടുപിടിച്ച പ്രചാരണം. എല്ലാറ്റിനും അമരക്കാരനായി സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിളക്കിയുള്ള പ്രചാരണത്തിന് ചൂടും ആവേശവും മാത്രമല്ല, നിറഞ്ഞ കരുത്തും പകര്‍ന്നു പിണറായി. ജോ ജോസഫിന്റെ ബാധ്യത ചെറുതല്ല.
തൃക്കാക്കരയില്‍ പിണറായിക്കെതിരേ തലയുയര്‍ത്തി നില്‍ക്കുകയാണ് വി.ഡി സതീശന്‍. കേരളം കണ്ടിട്ടുള്ള ഏറ്റവും കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന വേദിയില്‍. പ്രതിപക്ഷത്തെ നയിക്കുന്നത് എപ്പോഴും മുന്നണിത്തലവനാണ്. അങ്കം മുറുകുമ്പോള്‍ നേതാവിന് ഒരു വീഴ്ചയും വന്നുകൂടാ. തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടേയിരിക്കണം. സൂത്രങ്ങളും സൂത്രവാക്യങ്ങളും കണ്ടുപിടിക്കണം. അനുയായികളെ എപ്പോഴും ചേര്‍ത്തുപിടിക്കണം.
ഇടതുപക്ഷത്തിന് തൃക്കാക്കര കൂടി കിട്ടിയാല്‍ നിയമസഭയിലെ അംഗബലം നൂറിലെത്തിക്കാം. നൂറിന്റെ ബലവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും നേരിടാം. അണികളെ വിജയപ്രതീക്ഷയില്‍ ഉറപ്പിച്ചുനിര്‍ത്താം.
വി.ഡി സതീശനും തൃക്കാക്കര നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. താറുമാറായി കിടക്കുന്ന കോണ്‍ഗ്രസിനെ യോജിപ്പിച്ചു ബലപ്പെടുത്തിയെടുക്കാന്‍ തൃക്കാക്കരയിലെ വിജയം നേതൃത്വത്തിനു ബലമേകും. ഐക്യ ജനാധിപത്യ മുന്നണിക്ക് ആ ജയം പുതിയ കരുത്തുപകരും. എല്ലാറ്റിനുമുപരി തൃക്കാക്കരയിലെ കോണ്‍ഗ്രസ് വിജയം വി.ഡി സതീശന്റെ സ്ഥാനത്തിനു പുതിയ തിളക്കം പകരും.
കേരള രാഷ്ട്രീയ ചരിത്രത്തിലൂടെ കടന്നുപോയാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസക്തി കാണാം. പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ മുന്‍നിര നേതാവായി വളര്‍ന്നതെന്നതു പ്രത്യേകം ശ്രദ്ധേയം. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പ്രതിപക്ഷ നേതാവായി മാറി വി.എസ്.
ഒമ്പതംഗങ്ങളുടെ നേതാവായി ഐക്യ ജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ. കരുണാകരന്‍ തന്നെയാണ് വി.ഡി സതീശനു മാതൃക. തൃക്കാക്കര പിടിച്ചാല്‍ സര്‍വ നേട്ടവും സതീശനു തന്നെയാവും. കോണ്‍ഗ്രസിനെയും ഐക്യ ജനാധിപത്യ മുന്നണിയെത്തന്നെയും ഉണര്‍ത്തിയെടുക്കാനുള്ള ബാധ്യത സതീശന്റെ ചുമലില്‍ വന്നു ചേരും. രാജ്യവും ശക്തിയും മഹത്വവും ഒന്നുചേര്‍ന്ന് സതീശനെ ബലപ്പെടുത്തും.
നിര്‍ണായകമാവുകയാണ് തൃക്കാക്കര പോര്. മുഖ്യമന്ത്രി പിണറായി വിജയനോട് മുഖത്തോടു മുഖം നോക്കി നില്‍ക്കുകയാണ് വി.ഡി സതീശന്‍. വിധി പറയാന്‍ തൃക്കാക്കര തയാറായി നില്‍ക്കുന്നു. കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഇവിടുത്തെ വിജയം അത്യാവശ്യം തന്നെ. തൃക്കാക്കര സതീശനെ തുണയ്ക്കുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."