ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നതിന് മുമ്പ് കേസ് നടപടികളുടെ തത്സമയ സംപ്രേഷണം നടത്താന്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി; സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്നതിന് മുമ്പ് കേസ് നടപടികളുടെ തത്സമയ സംപ്രേഷണം ആരംഭിക്കാനൊരുങ്ങി സുപ്രിംകോടതി. ഓഗസ്റ്റ് 26നാണ് ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നത്.
തത്സമയ സംപ്രേഷണത്തിന് സ്വന്തമായൊരു സംവിധാനമാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയുടെ ഇ കമ്മിറ്റി തയാറാക്കുന്നത്.
ഇതേ സംവിധാനം ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും ഉപയോഗിക്കാം. ഏകീകൃത മാതൃകാചട്ടം തയാറാക്കാന്‍ വിദഗ്ധ സമിതിക്ക് ഇ കമ്മിറ്റി രൂപംനല്‍കിയിരുന്നു. ഏതെല്ലാം കേസുകള്‍ തത്സമയ സംപ്രേഷണം ചെയ്യാം, എന്തെല്ലാം വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണം, ടെലകാസ്റ്റ് ചെയ്യുമ്പോഴും കേസുകളുടെ സ്വകാര്യത എങ്ങനെ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് ചട്ടത്തിലുണ്ടാകുക.
മാതൃകയാക്കാവുന്ന ചട്ടം നിലവില്‍ രാജ്യത്തെ ഹൈക്കോടതികളില്‍ നിലവിലുണ്ടോയെന്നും സുപ്രിംകോടതി രജിസ്ട്രി പരിശോധിക്കുണ്ട്.
അതോടൊപ്പം അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായവും അനിവാര്യമാണെന്ന് സുപ്രിംകോടതി രജിസ്ട്രിയിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റമറ്റ ടെലകാസ്റ്റിങ് സംവിധാനം വേണമെന്നാണ് കോടതി നിലപാട്. ഇതൊരു പരീക്ഷണം മാത്രമായി മാറരുതെന്നും കോടതിക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ ഭാവിയില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
2018 സെപ്റ്റംബറിലാണ് സുപ്രിംകോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യണമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെടുന്നത്. നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പട്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികളില്‍ യൂട്യൂബ് വഴി ലൈവ് ടെലകാസ്റ്റിങ്ങുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."