80:20 വിധി: എതിര്‍കക്ഷികളെ കോടതി കേട്ടില്ല സ്വാഭാവിക നീതിയുടെ ലംഘനമെന്ന് നിയമവിദഗ്ധര്‍
കൊച്ചി: ന്യൂനപക്ഷ മെറിറ്റ് സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് നിയമവിദഗ്ധര്‍.
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച മെറിറ്റ് സ്‌കോളര്‍ഷിപ്പ് 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം ലത്തീന്‍ കത്തോലിക്ക-പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിവന്നതിലൂടെ സമൂഹത്തിലെ നിരവധിപേരാണ് പദ്ധതിയുടെ ഭാഗമായി മാറിയത്. എന്നാല്‍ ഈ വിഭാഗങ്ങളെ കേള്‍ക്കാത്ത കോടതി, കേസില്‍ വിധിപറഞ്ഞത് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ കക്ഷിചേരുന്നതിന് കോടതിതന്നെ ഉത്തരവിറക്കി ഏതെങ്കിലും രണ്ട് ദിനപത്രങ്ങളില്‍ കേസിനെപ്പറ്റി പ്രസിദ്ധീകരിക്കുകയാണ് പതിവെന്നും എന്നാല്‍ ഈ കേസില്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും നിയമവിദഗ്ധന്‍ അഡ്വ. വി.കെ ബീരാന്‍ പറഞ്ഞു. സവര്‍ണ വിഭാഗത്തില്‍പെട്ട പരാതിക്കാരനെ മാത്രമാണ് കോടതി കേട്ടിരിക്കുന്നത്.
കേസിലെ എതിര്‍കക്ഷികളായ മുസ്‌ലിംകളെയോ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെയോ കോടതി കേട്ടിട്ടില്ല.ഒരു വിഭാഗത്തിനു ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങളാണ് ഇല്ലാതാകുന്നത്. അവര്‍ക്ക് നിയമപ്രകാരം ലഭിച്ച അവകാശം അവരില്‍നിന്ന് നിയമപ്രകാരം മാത്രമെ എടുത്തുമാറ്റാന്‍ കഴിയൂ. സ്വാഭാവികനീതിയുടെ അങ്ങേയറ്റത്തെ ലംഘനമാണ് വിധിയെന്നും സുപ്രിംകോടതിയില്‍ അപ്പീല്‍ പോയാല്‍ വിധി നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്നവര്‍ വാര്‍ത്താമാധ്യമങ്ങളിലൂടെയാണ് ആനുകൂല്യം റദ്ദ് ചെയ്തത് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കുന്നതില്‍ ഭരണമുന്നണിയിലും പ്രതിപക്ഷത്തും ആശയക്കുഴപ്പമുണ്ട്. ഭരണത്തിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മില്‍തന്നെ ഇക്കാര്യത്തില്‍ വിരുദ്ധ അഭിപ്രായങ്ങളുമുണ്ട്.
വിധിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ഇനിയും വ്യക്തമാക്കിയിട്ടുമില്ല. എന്നാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കുകയാണ്. വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്ഥാനത്തെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് അനര്‍ഹമായി ഒന്നുംതന്നെ ലഭിക്കുന്നില്ലെന്നും മുന്‍വിദ്യാഭ്യാസ മന്ത്രിയായ എം.എ ബേബി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉറച്ചനിലപാടുമായി സംസ്ഥാനസര്‍ക്കാര്‍ മേല്‍കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ വിധി അസ്ഥിരപ്പെടുമെന്നാണ് നിയമകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."