പകപോക്കൽ രാഷ്ട്രീയം എത്രകാലം?
ഇന്ത്യയിലെ പ്രമുഖ അന്വേഷണ ഏജൻസികളായ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റും (ഇ.ഡി) ആദായ നികുതി വകുപ്പും ബി.ജെ.പി ഭരണകൂടത്തിൻ്റെ കളിപ്പാവകളായി അധഃപതിച്ചിട്ട് എട്ട് വർഷമായി. ഒരുകാലത്ത് രാജ്യത്തിൻ്റെ അഭിമാനമായിരുന്ന ഈ സ്ഥാപനങ്ങളെല്ലാം ഇന്ന് ഭരണകൂട ചതുരംഗപ്പലകയിലെ കരുക്കളാണ്. അറസ്റ്റിലൂടെ, റെയ്ഡിലൂടെ പ്രതിപക്ഷപാർട്ടി എം.എൽ.എമാരെയും എം.പിമാരെയും ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുന്നു.
റെയ്ഡും അറസ്റ്റും പേടിച്ച് പല എം.എൽ.എമാരും എം.പിമാരും ബി.ജെ.പിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. ഇതിൽ അവസാനത്തെയാളാണ് ഹാർദിക് പട്ടേൽ. ഗുജറാത്തിൽ കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന ഹാർദിക് പട്ടേലിന്റെ കോൺഗ്രസിൽ നിന്നുള്ള രാജി ബി.ജെ.പിയുടെ ഭീഷണിയെ തുടർന്നാണ്. രാജ്യദ്രോഹക്കുറ്റമെന്ന ആയുധമെടുത്താണ് ബി.ജെ.പി ഹാർദിക് പട്ടേലിനെ പേടിപ്പിച്ച് വശത്താക്കിയത്. ഹാർദിക് ബി.ജെ.പിയിൽ ചേർന്ന് തടിരക്ഷപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. അന്വേഷണ ഭീഷണി നേരിട്ട പ്രതിപക്ഷ എം.എൽ.എമാരിലും എം.പിമാരിലും പെട്ട ചിലർ ബി.ജെ.പിയിൽ ചേരുന്നതോടെ അവർക്കെതിരേയുള്ള അന്വേഷണം നിലയ്ക്കുകയാണ്. ബി.ജെ.പിയെ വിമർശിക്കുന്നവരിലെല്ലാം രാജ്യദ്രോഹക്കുറ്റം ചാർത്തുന്നു. കാലഹരണപ്പെട്ട നിയമമാണ് രാജ്യദ്രോഹക്കുറ്റമെന്ന് സുപ്രിം കോടതി വിധിപറഞ്ഞതോടെ അത്തരം കേസുകൾ ചുമത്തുന്നതിൽ അൽപം ശമനമുണ്ടായിട്ടുണ്ട്. എങ്കിലും രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദലിതു വിഭാഗങ്ങളെ വിചാരണ കൂടാതെ നീണ്ടകാലം തടവിലിടാൻ പറ്റുന്ന യു.എ.പി.എ ഇപ്പോഴും പ്രയോഗിക്കപ്പെടുന്നുണ്ട്.
നേരത്തെ രണ്ടാംനിര പ്രതിപക്ഷ നേതാക്കൾക്കെതിരേയായിരുന്നു അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഈ വജ്രായുധം പ്രതിപക്ഷ പാർട്ടികളിലെ ഒന്നാംനിര നേതാക്കൾക്ക് നേരെ തിരിച്ചുവച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി പ്രസിഡന്റ് സോണിയാ ഗാന്ധി, മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എന്നിവർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിരിക്കുകയാണ് ഇ.ഡി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2015ലാണ് സുബ്രഹ്മണ്യം സ്വാമി പരാതി നൽകിയത്. അന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. നിരുപാധിക ജാമ്യമായിരുന്നു ഇരുവർക്കും അനുവദിച്ചത്. അന്ന് ഇ.ഡി ഡയരക്ടറായിരുന്ന രാജൻ എസ്. കടോച് കേസിൽ കഴമ്പില്ലെന്നു കണ്ട് കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് കേന്ദ്ര റവന്യൂ സെക്രട്ടറിക്ക് കത്ത് നൽകിയതാണ്. സ്വഭാവികമായും കേസ് ഒഴിവാക്കുകയായിരുന്നു കേന്ദ്ര സർക്കാരും ചെയ്യേണ്ടിയിരുന്നത്. എന്നാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് കത്തെഴുതിയ ഇ.ഡി ഡയരക്ടർ കടോചിയെ നീക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്ന് 2015 സെപ്റ്റംബറിൽ ഇ.ഡി വീണ്ടും കേസന്വേഷിക്കാൻ തുടങ്ങി. അതിന്റെ തുടർനീക്കമായാണ് സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള കത്ത് കൈമാറിയിരിക്കുന്നത്. നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം!
ഇ.ഡിയുടെ മറ്റൊരു ഇരയാണ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ. കള്ളപ്പണം വെളുപ്പിക്കൽ കേസു ചുമത്തിയാണ് രണ്ടുദിവസം മുമ്പ് സത്യേന്ദ്ര ജയിനിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഹിമാചൽ പ്രദേശിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ട ചുമതല ജയിനിനായിരുന്നു. ജയിൻ അറസ്റ്റ് ചെയ്യപ്പെട്ട ശേഷമാണ് നരേന്ദ്ര മോദി ഹിമാചലിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത്. കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റെന്നും ഡൽഹി മുഖ്യമന്ത്രി കെജ് രിവാൾ പറഞ്ഞതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിനെതിരേ പരിഹാസ ശരമെയ്തിരിക്കുകയാണ് കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി.
ബി.ജെ.പിയെ നിർഭയം വിമർശിക്കുന്ന ഇതര രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളിൽ നിരവധി പേരെ ഇതിനകം ഇ.ഡിയെ ഉപയോഗിച്ചു വേട്ടയാടിയിട്ടുണ്ട്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ മുതൽ പ്രതിപക്ഷ പാർട്ടികളിലെ നിരവധി നേതാക്കളെ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല തുടങ്ങി വിവിധ കേസുകളിൽ പെടുത്തിയിരിക്കുകയാണ്. എന്നാൽ രാജ്യത്ത് ഇന്ന് ഏറ്റവുമധികം ആസ്തിയുള്ള രാഷ്ട്രീയ പാർട്ടി ബി.ജെ.പിയാണ്. 4,847.78 കോടിയാണ് പാർട്ടിയുടെ ആസ്തി. 2014ൽ അധികാരത്തിൽ വരുമ്പോൾ ബി.ജെ.പിക്ക് ഇതിന്റെ നാലിലൊന്നു പോലും ആസ്തിയുണ്ടായിരുന്നില്ല. 2016-17 സാമ്പത്തിക വർഷം 1,213.13 കോടിയുടെ ആസ്തി മാത്രമുണ്ടായിരുന്ന പാർട്ടിക്ക് അധികാരത്തിലേറിയതോടെ ആസ്തിയിൽ 22.27 ശതമാനം വർധനവുണ്ടായതെങ്ങനെ? ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് (എ.ഡി.ആർ) ഈ കണക്കുകൾ പുറത്തുവിട്ടത്. എങ്ങനെ പാർട്ടി ഇത്രയും സമ്പന്നമായെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ബി.ജെ.പിക്കുണ്ട്. ഏഴ് രാഷ്ട്രീയ പാർട്ടികളുടെ മൊത്തം ആസ്തിയുടെ 69.37 ശതമാനം വരും ബി.ജെ.പിയുടെ മാത്രം ആസ്തിയെന്ന് എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയത്തെ പകപോക്കലിന്റെ വേദിയാക്കുകയല്ല, ആരോഗ്യകരമായ മത്സരവേദിയാക്കുകയാണ് വേണ്ടത്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പാർലമെന്റിൽ നെഹ്റുവിനെ അതിനിശിതമായി വിമർശിച്ച ജനസംഘം നേതാവായിരുന്നു എ.ബി വാജ്പേയി. പിന്നീട് പ്രധാനമന്ത്രിയായ വാജ്പേയിയിൽ നിന്ന് എത്രയോ കാതം അകലെയാണ് ഇന്നത്തെ ബി.ജെ.പി നേതാക്കളെന്ന് അവർ പ്രവൃത്തികളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരിക്കുമ്പോഴും തന്റെ പ്രധാനമന്ത്രിസ്ഥാനം രാഷ്ട്രീയ പ്രതിയോഗികൾക്ക് എതിരേ പകപോക്കാനുള്ള അവസരമാക്കിയില്ല വാജ്പേയി. ഇന്ന് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി തുടർഭരണത്തിന് തിടുക്കംകൂട്ടുന്ന ബി.ജെ.പി ഭരണകൂടം ഒരുമാത്രയെങ്കിലും വാജ്പേയിയെ ഓർക്കണം. എതിരാളികളോട് പകപോക്കാൻ അദ്ദേഹം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."