ക്രൂരമർദനം, നൽകിയത് ഒന്നോ രണ്ടോ കഷ്ണം ബ്രഡ് മാത്രം മോഡൽ ഷഹാനയുടെ ഡയറിക്കുറിപ്പ് പുറത്ത്
കോഴിക്കോട്
വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാന ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ക്രൂരമായ പീഡനത്തിനിരയായെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകൾ പുറത്ത്. ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രമാണ് നൽകിയതെന്നും ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്.
മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദിച്ചു. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഭർത്താവ് സജാദിൽ നിന്നും ഭർതൃ വീട്ടുകാരിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന മറ്റു പീഡനങ്ങളെക്കുറിച്ചും ഷഹാനയുടെ ഡയറിയിലുണ്ട്.കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഹാനയുടേത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരേ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലിസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കയറ് ഉപയോഗിച്ച് തന്നെയാണ് ഷഹാന തൂങ്ങിമരിച്ചതെന്നാണ് നിഗമനം. നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം കൂടി കിട്ടേണ്ടതുണ്ട്. ലഹരിമാഫിയ സംഘത്തിലെ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരി വിൽപനയും നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിലവിൽ ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഭർത്താവ് സജാദിനെ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സജാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."