ജന്മനാട്ടില്‍നിന്ന് കുടിയിറക്ക് ഭീഷണിയിലെന്ന് ദ്വീപ് വിദ്യാര്‍ഥികള്‍
കോഴിക്കോട്: കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ടൂറിസം മേഖലയില്‍ വികസനം കൊണ്ടുവരുന്നതെന്നും ഇതോടെ തങ്ങള്‍ ജന്മനാട്ടില്‍ നിന്നു തന്നെ കുടിയിറക്കപ്പെടുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നതെന്ന് ഫാറൂഖ് കോളജ് ലക്ഷദ്വീപ് വിദ്യാര്‍ഥി അസോസിയേഷന്‍(ഫിസ) സെക്രട്ടറി അഖ്‌സദ് സാഖില്‍. ഭരണകൂടത്തിന്റെ പുതിയ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നതോടെ ദ്വീപിന്റെ സംസ്‌കാരവും പാരമ്പര്യവും നഷ്ടപ്പെടും. പുതിയ നിയമങ്ങള്‍ തങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും അഖ്‌സദ് ചൂണ്ടിക്കാട്ടുന്നു.
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുക്കുക എന്നതാണ് ഒരു ജനതയുടെ ഉന്നമനത്തിന് ആദ്യം ചെയ്യേണ്ടത്. അതില്ലാതെ എന്ത് വികസനമാണ് ദ്വീപ് ജനതയ്ക്കു വേണ്ടി ഭരണകൂടം നടപ്പാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.സമാധാനത്തിന്റെ തുരുത്തില്‍ ഇപ്പോള്‍ ഭരണകൂടം ഏകപക്ഷീയമായി നാടപ്പാക്കുന്നത് വലിയ പ്രശ്‌നങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ്. ഇത്രയും കാലം തങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ദ്വീപിനെ കുത്തകകള്‍ക്ക് തീറെഴുതാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുനിഞ്ഞിറങ്ങുമ്പോള്‍ തങ്ങളുടെ ഭാവിപോലും അനിശ്ചിതത്വത്തിലാവുമോ എന്ന ആശങ്കയിലാണ് ദ്വീപിലെ വിദ്യാര്‍ഥികള്‍.
പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി അധികാരമേറ്റെടുത്ത ശേഷം സര്‍ക്കാര്‍ ഓഫിസുകളിലെ കരാര്‍ ജീവക്കാരെ കൂട്ടത്തോടെ പിരുച്ചുവിട്ടു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് നിയമനങ്ങള്‍ നടത്തുന്നില്ല.
ഇങ്ങനെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെങ്കില്‍ തങ്ങള്‍ പഠിക്കുന്നതില്‍ എന്താണ് അര്‍ഥമെന്ന് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ഥി സഫറുല്ലാഖാന്‍ ചോദിക്കുന്നു. ദ്വീപിലെ ഉദ്യോഗാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍.ഡി, എം.എസ്.ഇ പോസ്റ്റുകളിലേക്ക് ഇപ്പോള്‍ നിയമനം നടക്കുന്നില്ല.
ഒഴിവുണ്ടായിട്ടും എന്ന് നിയമനം നടത്തുമെന്ന് വ്യക്തമാക്കാന്‍ പോലും അധികൃതര്‍ തയാറാവുന്നില്ല. മറൈന്‍വാച്ച് വിഭാഗത്തില്‍ നിന്ന് ഇരുന്നൂറോളം ജീവനക്കാരെ ഈ മാസത്തോടെ പിരിച്ചുവിട്ടതായാണ് വിവരം. ഇത് തന്നെപ്പോലുള്ള വിദ്യാര്‍ഥികളെ ഏറെ ആശങ്കയിലാക്കുന്നതായും സഫറുല്ലാ ഖാന്‍ പറയുന്നു.
ഫിസ, ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഗൂഗ്ള്‍ മീറ്റിലൂടെ വീടുകള്‍ സമര വേദിയാക്കി, ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചും തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ദ്വീപിലെ വിദ്യാര്‍ഥി സമൂഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."