അധ്യാപക നിയമനങ്ങള്‍ സ്‌കൂള്‍ തുറന്നതിനു ശേഷം
തിരുവനന്തപുരം: നിയമന ശുപാര്‍ശകള്‍ നല്‍കിയ അധ്യാപക തസ്തികകളില്‍ ഉള്ളവര്‍ക്ക് സ്‌കൂള്‍ തുറന്നതിനു ശേഷമേ സേവനത്തില്‍ പ്രവേശിക്കാന്‍ കഴിയൂവെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കൂടി കണക്കിലെടുത്താണ് നിയമനം ലഭിച്ചവര്‍ക്ക് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് സേവനത്തില്‍ പ്രവേശിക്കാമെന്ന നിര്‍ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് പ്രധാനാധ്യാപകന്‍, അനധ്യാപകര്‍ ഒഴികെയുള്ള നിയമനങ്ങള്‍ സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ മേഖലയില്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ 2,513 പേര്‍ക്ക് വിവിധ ജില്ലകളില്‍ അധ്യാപക തസ്തികകളില്‍ നിയമന ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്.
എയ്ഡഡ് മേഖലയില്‍ നടത്തിയ ഏകദേശം 4,800 നിയമനങ്ങളുടെ പ്രൊപോസലുകള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ പോലെ തന്നെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് മാത്രമേ എയ്ഡഡ് നിയമനങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. സ്‌കൂളുകള്‍ തുറന്ന് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്ന മുറയ്ക്ക് അധ്യാപക തസ്തികകളില്‍ നിയമന ഉത്തരവ് നല്‍കിയ എല്ലാവര്‍ക്കും സേവനത്തില്‍ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."