30 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം നീളുന്നു
നായ്ക്കട്ടി: കലക്ടറുടെ ഉറപ്പും പാഴായി, നൂല്‍പ്പുഴ കാക്കത്തോട് കോളനിക്കാരുടെ പുനരധിവാസം നീളുന്നു. മഴക്കാലത്ത് സമീപത്തെ തോട്ടില്‍ നിന്നും വെള്ളം കയറുന്നതിന്നാല്‍ എല്ലാ വര്‍ഷവും മാറ്റിപാര്‍പ്പിക്കുന്ന കോളനിയിലെ 30ഓളം കുടുംബങ്ങളാണ് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ വര്‍ഷങ്ങളായി പുനരധിവാസവും കാത്ത് കിടക്കുന്നത്.
എല്ലാവര്‍ഷവും മഴ ശക്തി പ്രാപിക്കുന്നതോടെ നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട് പണിയ കോളനി നിവാസികളുടെ നെഞ്ചിടിപ്പ് പറഞ്ഞറിയിക്കുന്നതിനേക്കാള്‍ അപ്പുറമാണ്. സമീപത്തെ തോട്ടില്‍ നിന്നും വീടിന്റെ അകത്തളങ്ങളില്‍ വരെ വെള്ളം എത്തും. പുറകെ റവന്യു വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി കൈക്കുഞ്ഞുങ്ങുളെയും മാറോടടക്കി നില്‍ക്കുന്ന അമ്മമാരേയും പ്രായമായവരേയും മറ്റും സമീപത്തെ കല്ലുമുക്ക് ഗവ എല്‍.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കും. വെള്ളം ഇറങ്ങുമ്പോള്‍ ഇവര്‍ തിരികെ കോളനിയിലെത്തി വീണ്ടും താമസം തുടങ്ങും.
ഈ സമയങ്ങളിലെല്ലാം അധികൃതര്‍ എത്തി ഉറപ്പ് നല്‍കും, അടുത്ത മഴക്കാലത്തിന് മുന്‍പ് കോളനിക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന്. 2014 ഒക്ടോബറില്‍ ജില്ലാ കലക്ടര്‍ കോളനിമിത്രം പദ്ധതിയുടെ ഭാഗമായി കോളനി സന്ദര്‍ശിക്കുകയും ഇവരുടെ ദുരിതാവസ്ഥ മനസിലായ അദ്ദേഹം ഒരു മാസത്തിനകം ഈ കുടുംബങ്ങളെ ആശിക്കും ഭൂമി പദ്ധതിപ്രാകാരം അനുയോജ്യമായ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞു. കാക്കോത്തോട് കോളനിയിലെ 30ഓളം കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. കലക്ടറുടെ സന്ദര്‍ശത്തിന് പിറകെ കോളനിക്കാര്‍ വാകേരി, അമ്പലവയല്‍, കല്ലുമുക്ക് എന്നിവിടങ്ങളില്‍ സ്ഥലം കണ്ടെത്തി വിവരങ്ങള്‍ നല്‍കുകയും ചെയ്തു.
എന്നിട്ടും ഭൂമിയുടെ വില സംബന്ധിച്ച ആശയക്കുഴപ്പം കാരണം നടപടിക്രമങ്ങള്‍ തടസപെട്ടു. വീണ്ടും ഭൂമി കണ്ടെത്തി നല്‍കിയെങ്കിലും അതും ഇതുവരെ നടപ്പിലായില്ലെന്ന് കോളനിവാസികള്‍ പറയുന്നു. നിലവില്‍ 18 വീടുകളിലായാണ് 30ഓളം കുടുംബങ്ങള്‍ താമസിക്കുന്നത്. ഇവര്‍ താമസിക്കുന്ന വീടുകള്‍ക്ക് 30 വര്‍ഷംവരെ പഴക്കമുണ്ട്. വര്‍ഷാവര്‍ഷം വെള്ളം കയറുന്നത് കാരണം തറ ഇരുന്നതിനാലും കാലപ്പഴക്കവും മൂലം വീടുകളൊന്നും താമസയോഗ്യമല്ലാതായി തീര്‍ന്നു. മഴ പെയ്താല്‍ വീടുകള്‍ ചോര്‍ന്നൊലിക്കുകയാണ്.
പല കുടുംബങ്ങളും മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചിട്ടുണ്ടങ്കിലും ഫലമില്ല. മഴ പെയ്യുമ്പോള്‍ കൈക്കുഞ്ഞുങ്ങളുമായി ജീവിതവും കൈയ്യില്‍ പിടിച്ചാണ് ഇവരുടെ നില്‍പ്. ഏത് നിമിഷമാണ് സമീപത്തെ തോട് തങ്ങളുടെ വീട്ടകങ്ങളില്‍ എത്തുക എന്നും, ഇവിടെ നിന്നും മാറിതാമസിക്കേണ്ടി വരുന്നതെന്നും ഇവര്‍ക്കറിയില്ല. അതിനിടെ, വാസയോഗ്യമല്ലാത്ത ഭൂമി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കോളനിവാസികളെ നിര്‍ബന്ധിക്കുന്നതായും ആക്ഷേപമുണ്ട്. കോളനിവാസികള്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ കോളനിവാസികള്‍ കണ്ടെത്തിയ ഭൂമി വാസയോഗ്യമല്ലെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പുനരധിവാസ നടപടികള്‍ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മഴക്കാലത്ത് കോളനിയില്‍ വെള്ളം കയറിയാല്‍ മാറിതാമസിക്കേണ്ടെന്ന തീരുമാനത്തിലാണ് കോളനിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."