പ്രവാചകനെതിരെ ബി.ജെ.പി വക്താവിന്റെ വിവാദ പ്രസ്താവന; കാണ്‍പൂരിലെ അക്രമത്തില്‍ 36 പേരെ അറസ്റ്റ് ചെയ്തു
കാണ്‍പൂര്‍: മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പി വക്താവ് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 36 പേര് അറസ്റ്റില്‍. കാണ്‍പൂരില്‍ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കാണ്‍പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് മീണ വ്യക്തമാക്കി.
കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ഗുണ്ടാനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സ്വത്തുകള്‍ കണ്ടുകെട്ടുമെന്നും പൊലിസ് പറഞ്ഞു. സംഘര്‍ഷത്തിന് പിന്നാലെ കാണ്‍പൂര്‍ നഗരത്തില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
പ്രവാചകനെ പരിഹസിച്ചുള്ള ബിജെപി നേതാവിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കാണ്‍പൂരില്‍ സംഘര്‍ഷം ഉണ്ടായത്. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗം എത്തിയതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയും കല്ലെറിയുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. അക്രമങ്ങളില്‍ ഒരു പൊലീസുകാരന് ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."