മുനിയാട്ടുകുന്നിലെ ചരിത്രശേഷിപ്പുകള്‍
കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ
പാലക്കാട് ജില്ലയിലെ പറമ്പിക്കുളം മുതൽ തൃശൂർ ജില്ലയിലെ ചാലക്കുടി വരെ 80 കിലോമീറ്റർ നീളത്തിലുള്ള കാട്ടുപാതയിലൂടെയാണ് കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ സഞ്ചരിച്ചിരുന്നത്. തേക്കും വീട്ടിയുമടക്കമുള്ള വിലകൂടിയ മരങ്ങളും മറ്റും എളുപ്പത്തിൽ കൊച്ചിയിലെത്തിക്കാൻ വേണ്ടിയാണു കൊച്ചി മഹാരാജാവ് ആയിരുന്ന രാമവർമ 15ാമന്റെ കാലത്ത് ഇത് നിർമിച്ചത്. 1907ൽ പ്രവർത്തനം തുടങ്ങിയ ഇതിന്റെ നിർമാണത്തിന് ബ്രിട്ടിഷ് വിദഗ്ധരാണ് നേതൃത്വം നൽകിയത്.
1907 മുതൽ 1963 വരെ സർവിസ് നടത്തിയ ഈ ട്രാംവേ വളരെ കൗതുകം നിറഞ്ഞതും അക്കാലത്തെ എൻജിനിയറിങ് വൈദഗ്ധ്യം തെളിയിക്കുന്നതുമാണ്. കൂടുതൽ ദൂരവും വനത്തിലൂടെ യന്ത്രസഹായത്തോടെ സഞ്ചരിക്കുന്ന ഇത് ചെങ്കുത്തായുള്ള പ്രദേശങ്ങളായ ആനപ്പാന്തം മുതൽ തോപ്പത്തി കവല വരെയുള്ള നാലുമൈലും പോത്തുപാറ മുതൽ കോമളപ്പാറ വരെയുള്ള രണ്ടുമൈൽ ദൂരവും ഭൂഗുരുത്വാകർഷണം ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. മലയുടെ മുകളിൽ ബന്ധിച്ച കൂറ്റൻ ഉരുക്കു വടത്തിന്റെയും കപ്പിയുടെയും സഹായത്തോടെ ഭാരം കയറ്റിയ ബോഗികൾ താഴേക്ക് ഇറങ്ങുമ്പോൾ വടത്തിന്റെ മറ്റേ അറ്റത്തു ബന്ധിച്ച ഒഴിഞ്ഞ ബോഗികൾ മുകളിലേക്ക് കയറുന്നതായിരുന്നു ഇവിടെ ഉപയോഗിച്ച സാങ്കേതികവിദ്യ.
പറമ്പിക്കുളം വനത്തിൽ നിന്ന് മരങ്ങൾ എളുപ്പത്തിലും വേഗത്തിലും ചാലക്കുടിയിൽ എത്തിക്കാനും അവിടെ നിന്ന് കൊച്ചിയിലെത്തിച്ചു കപ്പൽ വഴി കടത്താനുമാണ് ഈ പാത നിർമിച്ചത്. മുകുന്ദപുരം താലൂക്കിലെ ചൊക്കന, വെള്ളിക്കുളങ്ങര പ്രദേശങ്ങളിലൂടെ കടന്നുപോയ ഈ ട്രാംവേയുടെ വരുമാനം കൊണ്ടാണ് ആധുനിക കൊച്ചി തുറമുഖവും വെല്ലിങ്ടൺ ദ്വീപുമൊക്കെ നിർമിച്ചത്. വനനശീകരണത്തിന് കാരണമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് 1963ൽ ഈ പാത അടച്ചത്. ഇന്നത്തെ പറമ്പിക്കുളം ടൈഗർ റിസർവും ചിമ്മിനി വന്യജീവിസങ്കേതവുമൊക്കെ ഉൾക്കൊള്ളുന്നതായിരുന്നു ഇതിന്റെ പാത.
പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും ഇന്നും വനത്തിനുള്ളിൽ പലയിടത്തും ഇതിന്റെ അവശിഷ്ടങ്ങളും പാലങ്ങളും ഉണ്ട്. ഇതിനായി നിർമിച്ച പാലങ്ങൾ ചിലയിടത്ത് റോഡായി ഉപയോഗിക്കുന്നുമുണ്ട്. ഒരുകാലത്ത് ലോകം വളരെ കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന ഈ ട്രാംവേ സ്മാരകമായി നിലനിർത്താൻ പലപ്പോഴായി പല പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. നിർദിഷ്ട ട്രാംവേ മ്യൂസിയത്തിന്റെ കാര്യവും എങ്ങുമെത്തിയിട്ടില്ല. പാതയുടെ പല ഭാഗങ്ങളും ഇന്ന് കൈയേറിയിട്ടുണ്ട്. സംരക്ഷിത വനമേഖല ഒഴിവാക്കി ചാലക്കുടി മുതൽ ചിമ്മിനി വരെയെങ്കിലും ഈ പാത പുനരാവിഷ്‌കരിച്ചു നടപ്പിലാക്കിയിരുന്നുവെങ്കിൽ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഒരു റെയിൽപ്പാതയായി ഇത് മാറുമായിരുന്നു. ട്രാംവേയുടെ ഫോൺ ഓഫിസായിരുന്ന കെട്ടിടം ഇന്ന് വെള്ളിക്കുളങ്ങര സാംസ്‌കാരികനിലയവും ട്രാംവേ ജീവനക്കാരുടെ ക്വാർട്ടേഴ്‌സായിരുന്ന കെട്ടിടം ഇന്ന് വെള്ളിക്കുളങ്ങര യു.പി സ്‌കൂളുമാണ്. ബാക്കി ശേഷിപ്പുകളൊക്കെ കാടുമൂടിയും തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."