പഞ്ചവത്സര പദ്ധതി രേഖ കായികാധ്യാപകരെയും ലൈബ്രറേറിയൻമാരെയും തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമിക്കാം
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
സംസ്ഥാനത്ത് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കായികാധ്യാപകരെയും ലൈബ്രറേറിയൻമാരെയും താൽക്കാലികമായി നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. ലൈബ്രറേറിയൻമാരെ ഓരോ അധ്യയന വർഷത്തിലും 10 മാസത്തേക്ക് പ്രതിമാസം 12,000 രൂപയിൽ അധികരിക്കാത്ത വേതനം നൽകി നിയമിക്കാം. ജില്ലാ പഞ്ചായത്തുകളും നഗരസഭകളും ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാനാണ് നിർദേശം. കായികാധ്യാപകരില്ലാത്ത യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഇവരെ നിയമിക്കാനും അനുമതിയുണ്ട്. കായികാധ്യാപകർക്ക് 15,000 രൂപ വരെ പ്രതിമാസം നൽകാം. ബി.പി.എഡ്, എം.പി.എഡ് തതുല്യ യോഗ്യതയുള്ളവരെയാണ് നിയമിക്കേണ്ടത്. ഇതിനായി സ്‌പോർട്‌സ് കൗൺസിൽ, അംഗീകാരമുള്ള സ്‌പോർട്‌സ് അക്കാദമി എന്നിവയുടെ സേവനം തേടാം. സ്‌കൂൾ കുട്ടികളുടെ കായികക്ഷമത മെച്ചപ്പെടുത്താനും കായിക താരങ്ങളെ പരിശീലിപ്പിച്ച് വിവിധ തലത്തിലുള്ള മത്സരങ്ങൾക്ക് സജ്ജരാക്കുകയുമാണ് ലക്ഷ്യം. കായിക താരങ്ങളെ വാർത്തെടുക്കാൻ എൽ.പി സ്‌കൂളിൽ ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിൽ കമ്യൂണിറ്റി സ്‌പോർട്‌സ് ലീഡേഴ്‌സിന്റെ സഹായത്തിൽ പദ്ധതി നടപ്പിലാക്കാനും അനുമതി നൽകി. സ്റ്റുഡന്റ് പൊലിസ് കാഡറ്റ് പരിശീലനത്തിന് സ്‌കൂൾ ഒന്നിന് 20,000 രൂപവരെ വിനിയോഗിക്കാനാകും. ജില്ലാ പഞ്ചയാത്തുകൾക്കും നഗരസഭകൾക്കുമാണ് ഇത്തരം പദ്ധതികൾ തയാറാക്കി നടപ്പിലാക്കാൻ അനുമതി നൽകിയത്. സാനിറ്ററി നാപ്കിൻ വെന്റിങ് മെഷിൻ, സാനിറ്ററി നാപ്കിൻ ബേണിങ് മെഷിനുകളും സ്‌കൂളിൽ സ്ഥാപിക്കാനുള്ള ഫണ്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതിയായി കൊണ്ടുവരാമെന്നും പഞ്ചവത്സര പദ്ധതി രേഖയിൽ നിർദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."