അന്നമൂട്ടുന്നവരെ തീ തീറ്റിക്കരുത്
It is painful that the government's conscience does not melt even as the rice farmer's tears begin to fall on the field
അന്നമൂട്ടുന്ന നെല്‍കര്‍ഷകന്റെ കണ്ണുനീര്‍, പാടത്ത് വീഴാന്‍ തുടങ്ങിയിട്ടും സര്‍ക്കാരിന്റെ മനസ്സാക്ഷി അലിയാത്തത് വേദനാജനകമാണ്. കുട്ടനാട്ടില്‍ പുഞ്ചകൃഷിയില്‍ ഉല്‍പാദിപ്പിച്ച നെല്ലിന്റെ പണം സംഭരണം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും കര്‍ഷകരുടെ കൈയില്‍ എത്തിയില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും വായ്പയും കടവും വാങ്ങി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക്, വിറ്റ നെല്ലിന്റെ പണം കിട്ടാന്‍ വൈകുന്നത് ഉണ്ടാക്കുന്ന പ്രതിസന്ധി നെല്ലോളമല്ല. മണ്ണിനേയും കൃഷിയേയും ജീവിതതാളമായി കണ്ട നെല്‍കര്‍ഷകര്‍ അതിജീവനത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ഇതിനിടെയും വര്‍ഷാവര്‍ഷം കൃഷിയിറക്കാനുള്ള നല്ലമനസിനെ പ്രശംസിച്ചാല്‍ മാത്രം പോര, അധ്വാനത്തിന്റെ പ്രതിഫലമെങ്കിലും ആ കൈകളില്‍ എത്തിക്കാനും ഭരണാധികാരികള്‍ക്ക് ശ്രദ്ധ വേണം. സംഭരണത്തിന്റെ അനിശ്ചിതത്വം നെല്‍കര്‍ഷകരെ ഓരോ വര്‍ഷവും തീ തീറ്റിക്കുന്ന അവസ്ഥയ്ക്കും മാറ്റം വരണം.
പാടത്ത് വിത്തുകള്‍ വീണാലേ മലയാളിക്ക് അന്നമുണ്ണാന്‍ കഴിയൂ. അരിയൊക്കെ അന്യദേശത്തുനിന്ന് വരുമെന്ന അഹന്തക്കേറ്റ തിരിച്ചടിയാണ് ആന്ധ്രയില്‍നിന്ന് അരിവരവ് കുറഞ്ഞപ്പോഴുണ്ടായ ആശങ്ക. വയലുകളില്‍ കതിര്‍വിളയിക്കുന്ന കര്‍ഷകരെ സര്‍ക്കാര്‍ കരുതലോടെ ചേര്‍ത്തുപിടിക്കുക തന്നെ വേണം.
ഉല്‍പ്പന്നം മുടക്കുമുതലിനും താഴെയുള്ള വിലക്ക് വില്‍ക്കേണ്ട ഗതികേടിലാണ് വര്‍ഷങ്ങളായി സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍. സപ്ലൈക്കോയാണ് കേരളത്തിലെ നെല്ലുസംഭരണത്തിന്റെ ഔദ്യോഗിക ഏജന്‍സി. നെല്ലിന്റെ വില നല്‍കാന്‍ പണം സപ്ലൈക്കോയുടെ പക്കലില്ല എന്നതാണ് പ്രശ്‌നം. ആദ്യഘട്ട സംഭരണത്തില്‍ 170 കോടി കൊടുക്കാനുള്ളപ്പോഴാണ് രണ്ടാംവിളയുടെ സംഭരണം നടക്കുന്നതും. ഇതിനും പഴയ കുടിശ്ശിക തീര്‍ക്കാനുമായി 1500 കോടിയെങ്കിലും വേണ്ടിവരും. കേരള ബാങ്ക് അക്കൗണ്ടുവഴി നെല്ലിന്റെ സംഭരണ തുക നല്‍കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പണമെവിടെ എന്ന പ്രശ്‌നം ബാക്കിയാണ്.
കുട്ടനാട്ടില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഇതുവരെ ഒരു ലക്ഷത്തിനടുത്ത് മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. എന്നാല്‍ 28,663 ഹെക്ടര്‍ പാടത്ത് കൃഷി ചെയ്ത 34,511 പേരില്‍ 2,220 പേര്‍ക്ക് മാത്രമാണ് വില നല്‍കിയത്. 22.42 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. 32,291 പേര്‍ ഇനിയും സംഭരിച്ച നെല്ലിന്റെ വിലയും കാത്തിരിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ആദ്യമാണ് നെല്ലു സംഭരണമാരംഭിച്ചത്. കര്‍ഷകരില്‍നിന്ന് നെല്ലെടുക്കാന്‍ സ്വകാര്യ മില്ലുടമകള്‍ എത്തുമെങ്കിലും ന്യായവില കര്‍ഷകര്‍ക്ക് കിട്ടാറില്ല. ഈര്‍പ്പത്തിന്റെ പേരില്‍ വിലതാഴ്ത്തിയായിരിക്കും മില്ലുടമകളുടെ നെല്ലെടുക്കല്‍. ഇത് പലപ്പോഴും കര്‍ഷകരുമായുള്ള പ്രശ്‌നത്തിലാണ് എത്താറ്. ഇതോടെ നെല്ലെടുപ്പും പ്രതിസന്ധിയിലാകും. അവസാനം വിളവെടുത്ത നെല്ല് നശിക്കാതിരിക്കാന്‍ കര്‍ഷകര്‍ വിലതാഴ്ത്താന്‍ തയാറാവുകയുമാണ് പതിവുരീതി. സിവില്‍ സപ്ലൈയ്‌സ് വകുപ്പിന്റെ സംഭരണം ഈ കൊള്ളയ്ക്ക് അല്‍പം ആശ്വാസം വരുത്തിയിട്ടുണ്ട്. എന്നാല്‍ സമയത്തിന് പണം കിട്ടാതിരിക്കുമ്പോള്‍ ഈ മെച്ചമെല്ലാം അസ്ഥാനത്താകുകയാണ്.
നെല്ലിലെ ഈര്‍പ്പം 17 ശതമാനം വരെയെങ്കില്‍ വിലപേശലില്ലാതെ നെല്ല് സംഭരിക്കാമെന്നാണ് സ്വകാര്യ മില്ലുടമകളുടെ പക്ഷം. എന്നാല്‍ ഈര്‍പ്പം ഇതിലേറെയാണെങ്കില്‍ തങ്ങള്‍ പറയുന്നത്ര നെല്ലില്‍ കിഴിവ് നല്‍കണമെന്ന വാശി കര്‍ഷകര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ഒരു ക്വിന്റല്‍ നെല്ല് തൂക്കുമ്പോള്‍ നിശ്ചിത ശതമാനം തൂക്കം കുറയ്ക്കുന്നതാണ് കിഴിവായി പറയുന്നത്. ഇതിനെതിരേ കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സംഭരണം പ്രത്യേക നിരീക്ഷണ സംവിധാനത്തിന് കീഴിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായാതോടെ ചൂഷണത്തിന് ഇരയാവുകയാണ് നെല്‍കര്‍ഷകര്‍.
ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് സംരക്ഷണ കവചമൊരുക്കുന്ന സംഭരണം പോലും കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഒരാളുടെ അഞ്ച് ഏക്കര്‍ പാടത്തെ നെല്ല് മാത്രമേ സര്‍ക്കാര്‍ കിലോയ്ക്ക് 28.32 രൂപ നിരക്കില്‍ സംഭരിക്കുകയുള്ളൂ. ബാക്കി സ്ഥലത്തെ നെല്ല് കര്‍ഷകന്‍ സ്വന്തം നിലയ്ക്ക് വില്‍ക്കണം. സപ്ലൈക്കോയ്ക്ക് കൊടുക്കുകയാണെങ്കില്‍ തന്നെ പ്രോത്സാഹന തുകയായ 7.80 രൂപ കുറച്ച് 20.52 രൂപക്ക് വേണം നല്‍കാന്‍. സ്വകാര്യ മില്‍ ഉടമകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ വില കുറയുന്നതിനു പുറമെ കിഴിവിനത്തിലും കനത്ത നഷ്ടമുണ്ടാകും. നെല്ലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോള്‍ അഞ്ചേക്കറില്‍ ഏറെ സ്ഥലത്ത് കൃഷിയിറക്കിയാല്‍ ആ അധികനെല്ല് എടുക്കില്ലെന്ന വിചിത്ര ന്യായം പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് നെല്ലു സംഭരണത്തിന് പരിധി നിശ്ചയിച്ചതിനു പിന്നിലെങ്കിലും ഇത് തീര്‍ത്തും കര്‍ഷക വിരുദ്ധമാണ്.
സംഭരിച്ച നെല്ലിന്റെ പണം കിട്ടാന്‍ വൈകുന്നതു മാത്രമല്ല ഇത്തവണ നെല്‍കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. സ്വകാര്യ സംഭരണക്കാരില്‍നിന്ന് അമിതമായ കിഴിവാണ് കര്‍ഷകര്‍ സഹിക്കേണ്ടിവന്നത്. ഇത് പലയിടത്തും സംഘര്‍ത്തിലേക്കുവരെ എത്തി. ഏജന്റുമാരെ മര്‍ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിഷേധിച്ച് ഇടനിലക്കാര്‍ അടക്കം ഒന്നടങ്കം നെല്ല് സംഭരണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. കൊയ്ത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു കിലോ മുതല്‍ മൂന്നു കിലോ വരെ കിഴിവ് വാങ്ങി സംഭരിച്ചിരുന്നിടത്ത് അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ 10 കിലോ വരെ അധിക നെല്ല് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ എത്തിയതാണ് സംഭരണം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
മട വീഴ്ചയുടേയും ഉറവയുടേയുമെല്ലാം ഭീതി അതിജീവിച്ചാണ് നെല്‍കര്‍ഷകര്‍ വിളപാകമാക്കി കൊയ്തു പാടത്തുകൂട്ടിയത്. പാടത്തുകൂട്ടിയിട്ടിരിക്കുന്ന നെല്ലിന്റെ സംഭരണം നീണ്ടതോടെ മട വീഴ്ചയുടെ ഭീഷണി വിണ്ടും നേരിടുകയാണ്. മടവീഴ്ചയിലോ ഉറവയിലോ പാടത്ത് വെള്ളം കയറിയാല്‍ കൂട്ടിയിട്ട നെല്ലുകളൊക്കെ നശിച്ചുപോകും. കൊയ്തു മെതിച്ചാലുടന്‍ നെല്ല് സംഭരിക്കാനുള്ള സാഹചര്യം എന്നുവരുമെന്ന ആധിയിലാണ് ഓരോ വര്‍ഷവും നെല്‍കര്‍ഷകര്‍. വിള പാകമായി വിളവെടുത്താല്‍ പോലും നെല്‍കര്‍ഷകന്റെ ആശങ്ക തീരുന്നില്ലെന്നതാണ് ദുഃഖകരം. ആദ്യം സംഭരണം എന്നു നടക്കുമെന്ന ഉറപ്പില്ലായ്മ, പിന്നെ സംഭരിച്ച നെല്ലിന്റെ പണം എന്നുവരുമെന്ന വ്യക്തതയില്ലായ്മ. സംഭരണം കഴിഞ്ഞാലും കര്‍ഷകന് സമാധാനത്തോടെ ഉറങ്ങണമെങ്കില്‍ സംഭരിച്ച നെല്ലിന്റെ പണവും കൈകളില്‍ എത്തണം. നെല്ല് സംഭരിക്കുന്നതിന്റെ ഇരട്ടി വിലയ്ക്കാണ് അരി വില്‍ക്കുന്നത്. എന്നിട്ടും നെല്ലിന് മുടക്കുമുതലോ ഒരല്‍പം ലാഭമോ നിശ്ചയിച്ച് വിലയിടാനുള്ള അധികാരം പോലും കര്‍ഷകനില്ല. വിറ്റ വിളയുടെ പണം വേഗത്തില്‍ കിട്ടുന്നതിനുള്ള നടപടികളെങ്കിലും സര്‍ക്കാരില്‍നിന്ന് ഉണ്ടാകണം.
government's conscience does not melt even as the rice farmer's
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."