എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത ടിക്കറ്റെടുക്കാൻ ഇന്ത്യ
കൊൽക്കത്ത
അടുത്ത വർഷം നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ടൂർണമെന്റിന് ടിക്കറ്റെടുക്കാൻ ഇന്ത്യ. മൂന്നാം റൗണ്ടിലെ യോഗ്യതാ മത്സരങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ ഗ്രൂപ്പ് ഡിയിലെ ആദ്യ ജയത്തിനായി ഇന്ത്യ കംബോഡിയയെ നേരിടും. രാത്രി 8.30ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.
ഫിഫ റാങ്കിങ്ങിൽ കംബോഡിയയെക്കാൾ മുന്നിലുള്ള ഇന്ത്യ ജയം മാത്രം പ്രതീക്ഷിച്ചാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ 106ാം സ്ഥാനത്തും കംബോഡിയ 171ാം സ്ഥാനത്തുമാണ്. കംബോഡിയയെക്കൂടാതെ ഹോങ്കോങും അഫ്ഗാനിസ്താനുമാണ് ഗ്രൂപ്പ് ഡിയിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ.
ഈ ടൂർണമെന്റോടെ വിരമിക്കൽ സൂചന നൽകിയ നായകൻ സുനിൽ ഛേത്രിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്തുവില കൊടുത്തും ഇന്ത്യയ്ക്ക് യോഗ്യത നേടിക്കൊടുക്കുമെന്ന് താരം നേരത്തേ അറിയിച്ചിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിൽ 126 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളുമായി സജീവ കളിക്കാരിൽ മൂന്നാമതുണ്ട് ഈ സ്‌ട്രൈക്കർ.
ഇന്നത്തെ മത്സരത്തിൽ ഛേത്രിയിലൂടെ തന്നെ ഇന്ത്യക്ക് വിജയഗോൾ വീഴുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഗ്രൂപ്പ് ഡിയിൽ എതിരാളികൾ താരതമ്യേന ദുർബലരാണെന്നതിനാൽ അഞ്ചാം എ.എഫ്.സി ഏഷ്യൻ കപ്പ് പ്രവേശം കൈയെത്തും ദൂരത്തെന്നാണ് പ്രവചനം. എന്നാൽ എതിരാളികളെ അങ്ങനെ എഴുതിത്തള്ളാൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും കൂട്ടരും ഒരുക്കമല്ല.
കഴിഞ്ഞ മൂന്ന് സൗഹൃദ മത്സരങ്ങളിലും സമ്പൂർണ പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യയുടെ യോഗ്യതാ പ്രവേശം. കൂടാതെ ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളിലും ടീമിന് സന്തോഷിക്കാൻ വകയുണ്ടായില്ല. ഏഴു മാസം മുമ്പാണ് ടീം അവസാനം ജയിച്ചു കയറിയത്. അതും അയൽവാസികളായ നേപ്പാളിനെതിരേ 3-0ന്.
1972ലാണ് കംബോഡിയ അവസാനമായി എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത സ്വന്തമാക്കിയത്. ജാപ്പനീസ് ജോടികളായ കെയ്‌സുക്കോ ഹോണ്ട, റയു ഹിറോസെ എന്നിവരുടെ പരിശീലക തന്ത്രങ്ങളാണ് അവരുടെ മുതൽക്കൂട്ട്.
സ്‌ട്രൈക്കർ റഹീം അലിയുടെ പരുക്കാണ് ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. മുന്നേറ്റത്തിൽ ആദ്യ ഇലവനിലേക്ക് ഛേത്രി മടങ്ങിയെത്തുമ്പോൾ ഉദാന്ത സിങ്, ലിസ്റ്റൻ കൊളാസോ, മൻവീർ സിങ് എന്നിവരിൽ ആർക്കൊക്കെ അവസരം നൽകുമെന്നത് പരിശീലകനെ അലട്ടുന്നുണ്ട്. പ്രതിരോധത്തിൽ മതിൽ കെട്ടാൻ സന്ദേശ് ജിങ്കനും സുബാഷിശ് റോയിയുമൊക്കെ അണിനിരക്കുന്നുണ്ടെങ്കിലും അവസാന നിമിഷങ്ങളിൽ വഴങ്ങുന്ന ഗോളുകൾക്ക് പരിഹാരം കാണേണ്ടതുണ്ട്. മത്സരം ഇന്ത്യൻ മണ്ണിലായതിനാൽ നീലപ്പട ജയപ്രതീക്ഷയിലാണ്.
ടീമിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ഇടം നേടിയിട്ടുണ്ട്. കംബോഡിയയ്‌ക്കെതിരായ മത്സരത്തിനുശേഷം ഇന്ത്യ ഈ മാസം 11ന് അഫ്ഗാനിസ്താനെയും 14ന് ഹോങ്കോങ്ങിനെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."