യുവേഫ നേഷൻസ് ലീഗ് ഫ്രാൻസിന് കുരുക്ക് ക്രൊയേഷ്യയോട് സമനില രണ്ടാം ജയവുമായി ഡെൻമാർക്ക്
വിയന്ന/സ്പ്ലിറ്റ്
2018ലെ ലോകകപ്പ് ഫൈനലിസ്റ്റുകൾ ഒരിക്കൽ കൂടി നേർക്കുനേർ വന്നപ്പോൾ പിരിഞ്ഞത് സമനിലയോടെ. അന്ന് നിർണായക മത്സരത്തിൽ 4-2ന് പരാജയപ്പെട്ട ക്രൊയേഷ്യ ഇത്തവണ ഫ്രാൻസിനെ 1-1നാണ് കുരുക്കിയത്. മറ്റൊരു മത്സരത്തിൽ ഓസ്ട്രിയയെ 2-1ന് പരാജയപ്പെടുത്തി ഡെൻമാർക്ക് ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
83ാം മിനുട്ടിൽ അപ്രതീക്ഷിതമായെത്തിയ പെനാൽറ്റി ഗോളാണ് ഫ്രാൻസിന്റെ വിജയമോഹം തല്ലിക്കെടുത്തിയത്. രണ്ടാം പകുതിയിലെ 52ാം മിനുട്ടിൽ അഡ്രിയാൻ റാബിയറ്റ് ഫ്രാൻസിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ ഏഴു മിനുട്ട് ശേഷിക്കെ ആന്ദ്രെ ക്രാമറിച്ചിന്റെ പെനാൽറ്റി ഗോൾ ക്രൊയേഷ്യക്ക് സമനില സമ്മാനിക്കുകയായിരുന്നു.
മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പന്തടക്കത്തിലും മറിച്ചായിരുന്നില്ല സ്ഥിതി.
ഫ്രാൻസിനെതിരേ ആദ്യ മത്സരത്തിൽ പുറത്തെടുത്ത അതേ പ്രകടനമാണ് ഡെൻമാർക്ക് ഇന്നലെ ഓസ്ട്രിയക്കെതിരേയും കാഴ്ച വച്ചത്. ഫ്രാൻസിനെതിരേ അവസാന മിനുട്ടുകളിലെ ഗോളുകളിലൂടെ വിജയം നേടിയ ഡെൻമാർക്ക് പതിവുശൈലി ഇന്നലെയും പയറ്റി.
27ാം മിനുട്ടിൽ പിയറി എമിൽ ഹോയ്ബെർഗിലൂടെ ഡെൻമാർക്കാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 67ാം മിനുട്ടിൽ സാവർ ഷ്ലാഗറിലൂടെ ഓസ്ട്രിയ സമനില പിടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങവെ 84ാം മിനുട്ടിൽ ജെൻസ് സ്ട്രൈജർ ലാർസണിലൂടെ ഡെന്മാർക്ക് വിജയഗോൾ നേടി. രണ്ട് മത്സരങ്ങളിൽനിന്ന് ആറുപോയന്റാണ് ടീമിനുള്ളത്. മൂന്ന് പോയിന്റുമായി ഓസ്ട്രിയയാണ് ഗ്രൂപ്പിൽ രണ്ടാമത്. ഇതോടെ ഇനിയുള്ള മത്സരങ്ങൾ ഫ്രാൻസിനും ക്രൊയേഷ്യക്കും നിർണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."