HOME
DETAILS

ഓര്‍മകളുടെ ചുരം കയറുമ്പോള്‍

  
backup
June 05 2021 | 18:06 PM

9520445235153-2

പിണങ്ങോട് എന്ന് മലയാളി മുസ്‌ലിം സമൂഹവും പോക്കര്‍ ഹാജിയെന്ന് പിണങ്ങോട്ടുകാരും സ്‌നേഹ ബഹുമാനത്തോടെ വിളിച്ചിരുന്ന പിണങ്ങോട് അബൂബക്കര്‍ സാഹിബിന്റെ വിയോഗം അക്ഷരാര്‍ഥത്തില്‍ കനത്ത നഷ്ടം തന്നെയാണ്. പരിചയപ്പെടുന്നവര്‍ക്ക് മറക്കാന്‍ കഴിയാത്ത സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉടമയായ പിണങ്ങോട് കൈവെക്കാത്ത മേഖലകളില്ല. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന വയനാടന്‍ മല മടക്കിലെ പിണങ്ങോട് എന്ന കുഗ്രാമത്തില്‍ സാധാരണ കര്‍ഷക കുടുംബാംഗമായ പള്ളിക്കണ്ടി ഇബ്‌റാഹിമിന്റേയും മണ്ണില്‍ ഖദീജയുടേയും ഏഴു മക്കളില്‍ മൂന്നാമനായി 1956 മാര്‍ച്ച് 24 നാണ് ജനനം. 1966ല്‍ തന്റെ പത്താം വയസില്‍ 5-ാം ക്ലാസ് പൊതുപരീക്ഷയില്‍ റാങ്ക് വാങ്ങിയതിന് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കരങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി തുടങ്ങിയതാണ് പിണങ്ങോടിന്റെ ജൈത്രയാത്ര.


കമ്പളക്കാട്, കാപ്പുണ്ടിക്കല്‍ പള്ളിദര്‍സുകളില്‍ പഠനം നടത്തിയതിന് ശേഷം കല്‍പ്പറ്റ റൈഞ്ച് സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തന മേഖലയിലേക്ക് കടന്നുകയറിയത്. എസ്.വൈ.എസ്, എസ്.എം.എഫ് തുടങ്ങി സമസ്തയുടെ പോഷക ഘടകങ്ങളുടെ യൂനിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ വഹിക്കാത്ത പദവികളില്ല. പ്രഭാഷകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, ചിന്തകന്‍ എന്നീ മേഖലകളിലെല്ലാം നിറഞ്ഞുനിന്ന അബൂബക്കര്‍ എന്നും മറ്റുള്ളവരില്‍ നിന്ന് ഒരു വ്യത്യസ്തത കാത്തുസൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. സമയനിഷ്ട തന്നെയായിരുന്നു അതില്‍ പ്രധാനം. യോഗമാവട്ടെ, പ്രഭാഷണങ്ങളാവട്ടെ അതില്‍ പിണങ്ങോട് ഹാജരായെങ്കില്‍ കൃത്യസമയത്ത് ആരംഭിക്കും.
ന്യായത്തിന്റെ കൂടെ നില്‍ക്കാന്‍ ഒട്ടും വൈമനസ്യം കാണിച്ചില്ല. തന്റെ പ്രദേശത്തിന്റെ മഹല്ല് പ്രസിഡണ്ടായി പതിറ്റാണ്ടുകളായി തുടരുന്ന പിണങ്ങോട് രഹസ്യമായി അശരണരേയും ആലംബഹീനരുടേയും കണ്ണീരൊപ്പുന്നതില്‍ ഏതു സമ്പന്നനേയും കടത്തിവെട്ടുമായിരുന്നു. നിരവധി പ്രസിദ്ധീകരണങ്ങളാണ് പലമേഖലകളിലായി ആ തൂലികയില്‍ നിന്ന് വെളിച്ചം കണ്ടത്. ബഹ്‌റൈനില്‍ ഡിഫന്‍സ് സര്‍വിസിലും അദ്ദേഹം തന്റെ സേവനം വിനിയോഗിച്ചിട്ടുണ്ട്. അതിനുശേഷം നാട്ടിലെത്തിയ പിണങ്ങോട് പൊഴുതന ആറാം മൈലിലെ പലചരക്ക് കച്ചവടക്കാരനുമായി.


പാകിസ്താന്‍, ഫലസ്തീന്‍, ഈജിപ്ത്, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, യു.എ.ഇ, മലേഷ്യ, സിംഗപ്പൂര്‍, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളൊക്കെ സന്ദര്‍ശിച്ച പിണങ്ങോട് അവിടങ്ങളിലെ ചരിത്രങ്ങളും സംസ്‌കാരങ്ങളുമൊക്കെ തന്റെ തൂലികയിലൂടെ മാലോകര്‍ക്ക് പകര്‍ന്നുനല്‍കിയിട്ടുമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടത്തിയ തന്റെ ആദ്യത്തെ ഹറം യാത്രക്കു ശേഷമാണ് മാസ്റ്റര്‍പീസായ കഅ്ബാലയം എന്ന ഗ്രന്ഥം പിറവികൊണ്ടത്.


വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയുടെ സ്ഥാപിത കാലം മുതല്‍ ട്രഷററായ പിണങ്ങോടിന്റെ സാന്നിധ്യം സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ശംസുല്‍ ഉലമാ അക്കാദമിയെന്ന പേര് തന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്. 1989 കാലഘട്ടത്തില്‍ തന്റെ സ്വന്തം ജീപ്പ് ഡ്രൈവ് ചെയ്ത് ജില്ലയിലെ മഹല്ലുകളിലൂടെ പര്യടനം നടത്തി ഉലമാക്കളേയും ഉമറാക്കളേയും സമസ്തയുടെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണ്. ഒടുവില്‍ സമസ്ത മാനേജര്‍ പദവിയില്‍ നിന്നും സുപ്രഭാതം എഡിറ്റര്‍ പോസ്റ്റില്‍ നിന്നും ഔദ്യോഗികമായി വിരമിച്ച് ശിഷ്ടകാല ജീവിതം കുടുംബത്തോടൊപ്പം കഴിയാമെന്ന് കരുതിയ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സംഘടനാ രംഗത്ത് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ അധ്യക്ഷനായി ജില്ലയില്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്.


ജില്ലയെ നക്കിത്തുടച്ച പ്രളയാനന്തരം സമസ്ത ഘടകങ്ങളെ ഒരുമിച്ച് കൂട്ടി ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റുണ്ടാക്കി നിരവധി വീടുകളുണ്ടാക്കി കൊടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിച്ച് പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിക്കുന്നതില്‍ തന്റെ മികവ് എടുത്തുപറയേണ്ടതു തന്നെയാണ്. നാനാ ജാതി മതസ്ഥരും വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍ പെട്ടവരും വിവിധ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി പിണങ്ങോടിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. മഹാരഥന്മാരായ നേതാക്കളുമായും പാണക്കാട് കുടുംബവുമായും അദ്ദേഹത്തിനുണ്ടായിരുന്ന ഇഴയടുപ്പം എടുത്തുപറയേണ്ടതാണ്. മഹാന്മാരുടെ ലളിതജീവിതം കാണുകയും അത് പ്രചരിപ്പിക്കുകയും കൂടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതില്‍ വിജയംവരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പിണങ്ങോടിന്റെ വിജയം.


വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തംഗമായും പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ടായും മത പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും തന്റെ മികവ് തെളിയിച്ചതിലൂടെ അക്ഷരാര്‍ഥത്തില്‍ സകലകലാപ്രതിഭ എന്ന വിശേഷണം അദ്ദേഹം സ്വന്തമാക്കി. സമ്പന്നരോടും ദരിദ്രരോടും സമൂഹത്തിലെ ഉയര്‍ന്നവരോടും താഴ്ന്നവരോടും മുതിര്‍ന്നവരോടും ചെറിയവരോടും ഒരേ രീതിയില്‍ പെരുമാറാന്‍ കഴിയുകയെന്നത് അദ്ദേഹത്തിന് ജന്മനാ കിട്ടിയ ഒരു വൈശിഷ്ടഗുണം തന്നെയാണ്. അറുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച പിണങ്ങോടിന്റെ പ്രഭാഷണങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ഓരോ പ്രഭാഷണങ്ങളും വേറിട്ട ചിന്തകള്‍ പങ്കുവയ്ക്കുന്നതും ശ്രോതാക്കളെ മറ്റൊരു ലോകത്തെത്തിക്കുന്നതും ഉപകാരപ്രദങ്ങളും ഒരിക്കലും മടുപ്പുളവാക്കാത്തതുമായിരുന്നു. ഒരു വിഷയത്തില്‍ ഒരു ദിവസം മൂന്ന് വേദികളില്‍ പ്രസംഗിക്കേണ്ടി വന്നപ്പോഴും മൂന്നിടങ്ങളിലും പിണങ്ങോടിന്റെ പ്രഭാഷണം വിഷയത്തിലൊതുങ്ങി മൂന്ന് രീതിയിലാണെന്നത് പുതിയ പ്രഭാഷകര്‍ക്കൊരു മാതൃകയാണ്.

ആകാശത്തിനു ചുവട്ടിലെ ഏതു വിഷയങ്ങളെ കുറിച്ചും കനപ്പെട്ട ലേഖനമെഴുതാന്‍ പിണങ്ങോടിന് കേവലം നിമിഷങ്ങള്‍ മതിയെന്നത് അദ്ദേഹത്തിന്റെ പരന്ന വായനയുടെ മകുടോദാഹരണമാണ്. പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിക്കും പിണങ്ങോടിന്റെ പ്രഭാതം. നേരം പുലരുവോളം എഴുത്തും വായനയുമായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. നല്ലൊരു നിമിഷ കവിയും പ്രഗത്ഭനായ ഒരു തല്‍സമാത്ത് ചികിത്സകനുമായിരുന്നു പിണങ്ങോട് അബൂബക്കറെന്നതും നവ സമൂഹത്തില്‍ ഗോപ്യമായ കാര്യങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago