വരുംവര്‍ഷങ്ങളില്‍ കടല്‍ക്ഷോഭം വര്‍ധിക്കുമെന്ന് വിദഗ്ധര്‍
കൊച്ചി: വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ തീരത്ത് കടല്‍ക്ഷോഭം വര്‍ധിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ധിച്ച് അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ട് കടല്‍ പ്രക്ഷുബ്ധമാകുന്ന അവസ്ഥ വരുംനാളുകളില്‍ കൂടാനാണ് സാധ്യത. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് കടലില്‍ ചൂട് വര്‍ധിക്കുന്നത്.
കടലിനോട് ചേര്‍ന്ന് കിടക്കുന്ന ജൈവ-ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍നിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിര്‍ത്താമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിച്ച വെബിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന സ്റ്റോം സര്‍ജ് എന്ന പ്രതിഭാസം തീരക്കടലുകളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് കാരണമാകും. കടല്‍ കയറുന്നതിനും തീരമേഖലകളില്‍ പ്രളയത്തിനും ഇത് കാരണമാകും. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ ഫലമായുണ്ടായ ഈ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളതീരത്ത് നാശം വിതച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയും അല്ലാതെയും നഷ്ടപ്പെട്ട ജൈവവൈവിധ്യങ്ങളുടെ ശരിയായ പുനരുജ്ജീവനമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരദേശ സംരക്ഷണത്തിനുള്ള പ്രകൃതിദത്തമായ പോംവഴി. ഇതിന്റെ ഭാഗമായി കേരളത്തിന്റെ തീരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കണമെന്ന് വെബിനാര്‍ ആവശ്യപ്പെട്ടു.
മുംബൈയുമായി ചേര്‍ന്നുനില്‍ക്കുന്ന സ്ഥലങ്ങളില്‍ കടല്‍ക്ഷോഭങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കണ്ടല്‍ക്കാടുകള്‍ സഹായകരമായതായി പഠന റിപ്പോര്‍ട്ടുകളുണ്ട്. കണ്ടല്‍ വനവല്‍ക്കരണം നടത്തുന്നതിനും അതുവഴി കടല്‍തീരങ്ങളിലെ ജൈവ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി ജന പങ്കാളിത്തത്തോടെയുള്ള സാമൂഹിക വനവല്‍ക്കരണ മാതൃകയിലുള്ള പദ്ധതികളാണ് വേണ്ടത്. കടലോരത്തെ എല്ലാ പ്രദേശങ്ങളും കണ്ടല്‍ വനവല്‍ക്കരണത്തിന് യോജിക്കുന്നതല്ല.
അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് പഠനം ആവശ്യമാണ്. തീരദേശത്തെ ഹരിത കവചമാക്കി മാറ്റുന്നതിനും അവയുടെ പരിപാലനത്തിനും റിമോട്ട് സെന്‍സിങ് പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്നും വെബിനാര്‍ നിര്‍ദേശിച്ചു.
മഹാരാഷ്ട്ര വനവികസന കോര്‍പറേഷന്‍ മാനേജിങ് ഡയരക്ടര്‍ ഡോ.എന്‍. വാസുദേവന്‍ മുഖ്യാതിഥിയായി. കിഴക്കന്‍ മേഖല ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ പി .പി പ്രമോദ്, ചൈന്നൈയിലെ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ കോസ്റ്റല്‍ റിസര്‍ച്ച് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ആര്‍. രാമസുബ്രമണ്യന്‍, സി.എം.എഫ്.ആര്‍.ഐ ഡയരക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന്‍, ഡോ.പി. കലാധരന്‍, സാര്‍ക് സീനിയര്‍ പ്രോഗ്രാം സ്‌പെഷലിസ്റ്റ് ഡോ. ഗ്രിന്‍സന്‍ ജോര്‍ജ്, ഡോ.പി. വിനോദ്, ഡോ.രതീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."