ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍, ആശങ്കയറിയിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ വിവാദ ഭരണപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഖ്യാപിച്ച ഭരണപരിഷ്‌കാരങ്ങള്‍ രാജ്യവ്യാപകമായി ഉത്കണ്ഠ സൃഷ്ടിച്ചിരിക്കുകയാണ്. ദ്വീപ് നിവാസികളുമായി ചര്‍ച്ചചെയ്യാതെയാണ് ഇവ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കരടുനിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ തങ്ങള്‍ക്ക് അതീവ ആശങ്കയുണ്ട്. പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഭൂമിയേറ്റെടുക്കാനും കൈമാറ്റത്തിനും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ജനങ്ങളുടെ അവകാശത്തിന് ഭീഷണിയാണ്. ഗുണ്ടാ നിയമം പ്രതിഷേധം അടിച്ചമര്‍ത്താന്‍ മാത്രമുള്ളതെന്ന ആശങ്കയുണ്ട്. വര്‍ഗീയസ്വഭാവത്തോടെയുള്ള പരിഷ്‌കാരങ്ങളും കരടിലുണ്ട്. സമാധാനത്തിന് പേരുകേട്ട ദ്വീപിലെ സാമുദായിക സൗഹാര്‍ദം തകരുന്നത് ദേശീയ സുരക്ഷയ്ക്ക് തന്നെ ആപത്താണെന്നും കത്ത് ചൂണ്ടിക്കാട്ടി.
മുന്‍ കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, പ്രസാര്‍ ഭാരതി മുന്‍ സി.ഇ.ഒ ജവഹര്‍ സര്‍കാര്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ സെക്രട്ടറി ജനറല്‍ പി.എസ്.എസ് തോമസ്, മുന്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍ വജാഹത് ഹബീബുല്ല, ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ സെക്രട്ടറി തിര്‍ലോചന്‍ സിങ്, ആസൂത്രണ ബോര്‍ഡ് മുന്‍ സെക്രട്ടറി എന്‍.സി സക്‌സേന, റിസര്‍വ് ബാങ്ക് മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ രവി വീരഗുപ്ത, മുന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ശ്യം ശരണ്‍, വനം-പരിസ്ഥിതി സെക്രട്ടറിമാരായിരുന്ന മീന ഗുപ്ത ചാറ്റര്‍ജി, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി ചന്ദ്രശേഖര്‍ ബാലകൃഷ്ണന്‍, ഗതാഗത-നഗരവികസന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍. ചന്ദ്രമോഹന്‍ എന്നിവരുള്‍പ്പെടെയുള്ള 93 പ്രഗല്‍ഭരായ മുന്‍ ഉദ്യോഗസ്ഥരാണ് ദ്വീപിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവര്‍ക്കും കൂട്ടായ്മ കത്തയച്ചിട്ടുണ്ട്. മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'കോണ്‍സ്റ്റിറ്റിയൂഷനല്‍ കണ്‍ഡക്ട്' എന്ന കൂട്ടായ്മയുടെ ബാനറിലാണ് കത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."