ഈ വർഷത്തെ ഹാജിമാരുടെ എണ്ണം നിശ്ചയിച്ചതായുള്ള വാർത്ത ശരിയല്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി, പ്രഖ്യാപനം ഉടൻ
മക്ക: ഈ വർഷം വിദേശ ഹാജിമാരടക്കം അറുപതിനായിരം ഹാജിമാർക്ക് ഹജ്ജിനു അനുമതി നൽകുമെന്ന തരത്തിലുള്ള വാർത്ത നിഷേധിച്ച് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ഇത്തരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഹാജിമാരുടെ എണ്ണം സംബന്ധിച്ച അത്തരത്തിലുള്ള ഒരു തീരുമാനങ്ങളും കൈകൊണ്ടിട്ടില്ലെന്നും സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൽ ഫത്താഹ് അൽ മുശാത് വ്യക്തമാക്കി. റൊട്ടാന ഖലീജിയ ചാനലിലെ യഹ്‌ല പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
മൂന്ന് തരത്തിലുള്ള ഇമ്മ്യൂൺ അടിസ്ഥാനമാക്കിയായിരിക്കും അനുമതി നൽകുക. രണ്ട് ഡോസ് സ്വീകരിക്കൽ, ഒരു ഡോസ് സ്വീകരിക്കൽ, രോഗം ബേധമാകൽ എന്നീ മൂന്ന് കാറ്റഗറികൾ പരിഗണിച്ചായിരിക്കും ഹജ്ജിനുള്ള അനുമതി. വൈറസ് ഇപ്പോഴും താണ്ഡവമാടുന്ന രാജ്യങ്ങളെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന്, സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഓരോ രാജ്യങ്ങൾക്കായോ പാർട്ടികൾക്കയോ പ്രത്യേക നിയന്ത്രണങ്ങളോ നടപടികളോ പ്രഖ്യാപിക്കുകയില്ലെന്നും എത്തിച്ചേരുന്ന എല്ലാ ഹാജിമാരുടെയും സുരക്ഷാ മാത്രമാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ ഹാജിമാരുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക പ്രസ്‌താവന ഓർഗനൈസേഷൻ പ്ലാനുകൾ പൂർത്തീകരിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ വർഷം ഹാജിമാരെ അയക്കുകയില്ലെന്ന് ഇന്തോനേഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് -19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഈ തീരുമാനമെടുത്തതെന്നും സഊദി അറേബ്യ ഹജ്ജ് വിമാനങ്ങൾ തുറന്നിട്ടില്ലെന്നതും ഹജ്ജിനായി പൗരന്മാരെ അയക്കാതിരിക്കാൻ കാരണമെന്നും മന്ത്രി യാകുത് ഖലീൽ ഖുമാസ് കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ മാനുഷിക സംഗമം കൂടിയായ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ ഏറ്റവും കൂടുതൽ പൗരന്മാരെ അയക്കുന്ന രാജ്യം കൂടിയാണ് ഇന്തോനേഷ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."