നാട്ടറിവ് തേടിയുള്ള അബ്ദുഹാജിയുടെ യാത്രയ്ക്ക് ആറുപതിറ്റാണ്ട്
ഇന്ന് ലോക നാട്ടറിവ് ദിനം
പെരിന്തല്‍മണ്ണ: വെളുത്ത വസ്ത്രം, അതിനേക്കാള്‍ വെളുത്ത മുടിയും താടിയും, ഇളംപച്ച കലര്‍ന്ന ടര്‍ക്കിയുമണിഞ്ഞ് തെരുവോരങ്ങളിലൂടെ നടന്നുനീങ്ങുന്ന വേരുംപുലാക്കലിലെ കളത്തിങ്ങല്‍ അബ്ദുഹാജിക്ക് ഒറ്റനോട്ടത്തില്‍ പ്രത്യേകതകളൊന്നും കാണില്ല. അല്‍പനേരം അദ്ദേഹത്തോട് സംസാരിക്കുകയോ അതല്ലെങ്കില്‍ സംസാരം നിരീക്ഷിക്കുകയോ ചെയ്താല്‍ ആരും പറയും നാട്ടറിവിന്റെ വിജ്ഞാന കോശമാണ് ഈ 77 കാരനെന്ന്.
ചെറുപ്രായം മുതലേ വിവിധ നാടുകളും അവയുടെ സംസ്‌കാരവും അറിയുകയെന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു. ലോക ചരിത്രവും ഭൂപടവും ഇദ്ദേഹത്തിന് മനഃപാഠമാണ്. അഞ്ചാംക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെങ്കിലും പ്രാദേശിക ചരിത്രവും മഹായുദ്ധങ്ങളും ഇസ്‌ലാമിക ചരിത്രവും കേരള രാഷ്ടീയ ചരിത്രവും ഇദ്ദേഹത്തിന് മനഃപാഠമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്തിട്ടുള്ളതിനാല്‍ മിക്ക ഭാഷകളും ഇദ്ദേഹത്തിന് വശമുണ്ട്. പതിനൊന്നാം വയസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ വീടുവിട്ടിറങ്ങുകയായിരുന്നു. ആദ്യ യാത്ര കോഴിക്കോട്ടേക്ക്, ഒരു രൂപയ്ക്ക് മൂന്ന് ഊണും കറിയും ലഭിക്കുന്ന കാലം, ശേഷം വയനാട്ടില്‍ രണ്ടു ദിവസം താമസം, ഇതിനിടെ പൊലിസ് പിടിച്ചു, പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരെത്തി തിരികെ കൊണ്ടണ്ടുപോയി. എങ്കിലും ഊര് ചുറ്റാനുള്ള മോഹം കൈവിട്ടില്ല.
നാട് കാണാനുള്ള അമിതാവേശത്തില്‍ വീണ്ടണ്ടും പതിനേഴാം വയസില്‍ ബോംബെയിലേക്ക് ട്രെയിന്‍ കയറി. അഹമ്മദാബാദ്, ജമല്‍പൂര്‍,അജ്മീര്‍ എന്നിവിടങ്ങളില്‍ ചൂല് വ്യാപാരിയായി കഴിഞ്ഞുകൂടി. പിന്നീട് കാല്‍നടയായി ഹജ്ജിന് പോകാനായി ആഗ്രഹം. രാത്രിയും പകലുമില്ലാതെ വിശ്രമമില്ലാത്ത നടത്തം. അവസാനം പാകിസ്താന്‍ അതിര്‍ത്തിയിലെത്തി. അവിടെനിന്നും രക്ഷപ്പെടുന്നതിനിടെ ബോറള്‍ ഗോത്രക്കാരുടെ പിടിയിലായി. ഖുര്‍ആന്‍ ഓതാന്‍ അറിയാമെന്ന് മനസിലാക്കിയ ഈ വിഭാഗക്കാര്‍ അദ്ദേഹത്തെ അവരുടെ ഉസ്താദാക്കി നിര്‍ത്തി. ഇവരുടെ കണ്‍വെട്ടിച്ചോടുന്നതിനിടെ അതിര്‍ത്തി പട്ടാളം പിടിച്ചു. പട്ടാളത്തില്‍ ഭാഗ്യത്തിന് മലയാളിയുണ്ടണ്ടായിരുന്നതിനാല്‍ നാട്ടിലേക്കയച്ചു. 19ാം വയസില്‍ വിവാഹം. ഇടയ്ക്കിടെ കേരളത്തിനകത്തും പുറത്തും രാഷ്ട്രീയ സംഭവങ്ങളും തെരഞ്ഞെടുപ്പുമുണ്ടായാല്‍ ദൂരമോ പ്രായമോ കണക്കില്ലാതെ അബ്ദുഹാജി അവിടെയെത്തുമായിരുന്നു. ചെറുപ്പം മുതലേ പ്രാസംഗികനായിരുന്ന അബ്ദുഹാജിയെ അറിയാത്ത മുസ്‌ലിംലീഗ് നേതാക്കന്‍മാര്‍ ചുരുക്കമായിരിക്കും.
ജി.എം ബനാത്ത് വാല, സി.എച്ച് മുഹമ്മദ് കോയ, കെ.കെ.എസ് തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, എം.മൊയ്തീന്‍കുട്ടി ഹാജി തുടങ്ങിയവരുമായി ഇദ്ദേഹം അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
ദുബൈ, റാസല്‍ഖൈമ, ബഹറൈന്‍ എന്നിവിടങ്ങളില്‍ പല സമയങ്ങളിലായി ജോലിചെയ്ത അബ്ദുഹാജി, പിന്നീട് മക്കയും മദീനയും കാണാനുള്ള ആഗ്രഹം സഫലമാക്കിയത് 39 ാം വയസിലാണ്. 77 വയസായിട്ടും നാടു ചുറ്റലും വായനയും കൃഷിയും കച്ചവടവുമെല്ലാം ഇപ്പോഴും തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."