മിരിസ്റ്റിക്ക ചതുപ്പിന്റെ ജൈവ വൈവിധ്യങ്ങളുമായി ശെന്തുരുണി വനം
ചെന്തുരുണി (തെന്മല): ജൈവ വൈവിധ്യങ്ങളുടെ വന്‍ കലവറയായ ചെന്തുരുണി വനം കാട്ടറിവിന്റെ അനന്തതയുമായി വിജ്ഞാന കുതുകികളെ കാത്തിരിക്കുന്നു. ലോകത്തു തന്നെ ഏറെ അപൂര്‍വമായ മിരിസ്റ്റിക്ക ചതുപ്പും അതിനെ ചൂഴ്ന്നുനില്‍ക്കുന്ന വ്യത്യസ്ഥമായ ആവാസവ്യവസ്ഥയുമാണ് ശെന്തുരുണിയെ ലോകത്തെ തന്നെ മറ്റു വനങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത്.
ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളില്‍ മാത്രം ഇപ്പോള്‍ കാണപ്പെടുന്ന മിരിസ്റ്റിക്ക ചതുപ്പിന് മറ്റു ചതുപ്പുനിലങ്ങളില്‍ നിന്ന് വ്യത്യസ്ഥതകളേറെയാണ്. ഏതാണ്ട് വര്‍ഷം മുഴുവന്‍ ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് വൃക്ഷങ്ങളുടെയും മറ്റു സസ്യലതാദികളുടെയും വൈവിധ്യം നിറം പിടിപ്പിക്കുന്നു. ഇവിടുത്തെ വൃക്ഷങ്ങളിലധികവും മിരിസ്റ്റിക്കേസിയേ ഇനത്തില്‍പെടുന്ന പൈന്‍ മരങ്ങളാണ്. മറ്റു ചതുപ്പുകളിലൊന്നും കാണാത്ത തരത്തില്‍ പ്രത്യേകം താങ്ങുവേരുകളും ശ്വസനവേരുകളും ഇവയ്ക്കുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുക്കാനായി താഴ് വേരുകളില്‍ നിന്ന് ഭൂമിക്കു മുകളിലേക്ക് വളര്‍ന്നു പൊങ്ങുന്ന ശ്വസനവേരുകളും ഇക്കൂട്ടത്തില്‍ നിന്ന് വളഞ്ഞ് വീണ്ടും ഭൂമിയിലേക്കിറങ്ങി വൃക്ഷത്തെ സുരക്ഷിതമാക്കി നിര്‍ത്തുന്ന താങ്ങുവേരുകളും സൃഷ്ടിക്കുന്ന കാഴ്ച അതീവ കൗതുകകരവും വിസ്മയകരവുമാണ്. ഇവിടെ അധിവസിക്കുന്ന ചെറുജീവികളില്‍ പലതും ലോകത്തിന്റെ മറ്റു സ്ഥലങ്ങളില്‍ കാണാത്തവയാണെന്നതിനു പുറമെ കേരളത്തില്‍ കാണപ്പെടുന്ന ഏതാണ്ട് എല്ലാ ജീവികളുടെയും സാനിധ്യം ഇവിടെയുണ്ട്. അഞ്ചു കടുവകള്‍ ഈ വനത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. കൂടാതെ ധാരാളം ആനകളും കരടികളും അപൂര്‍വ ഇനം പക്ഷികളും ഇവിടെയുണ്ട്.
കൊല്ലം ജില്ലയിലെ തെന്മല ഡാം പ്രദേശത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ കാടിന് ചെന്തുരുണി എന്ന പേരു ലഭിച്ചത് ഇവിടെ മാത്രം കണ്ടുവരുന്ന ചെന്തുരുണി എന്ന മരത്തില്‍ നിന്നാണ്. ചെന്നൈ സ്വദേശിയും തിരുവിതാംകൂര്‍ വനം വകുപ്പില്‍ ഉദ്യോഗസ്ഥനുമായിരുന്ന കെ. കൃഷ്ണമൂര്‍ത്തിയാണ് ഈ ചതുപ്പിന്റെ വ്യത്യസ്തത കണ്ടെത്തിയത്. 1960ല്‍ 'ഇന്ത്യന്‍ ഫോറസ്റ്റി'ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ കുറിപ്പോടെയാണ് ഈ പ്രദേശത്തിന്റെ സവിശേഷത ലോകമറിഞ്ഞത്.
തെക്കന്‍ കേരളത്തില്‍ ഏതാണ്ട് അര നൂറ്റാണ്ടു മുന്‍പു വരെ ഇത്തരം ചതുപ്പുകള്‍ ഏറെയുണ്ടായിരുന്നതായും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. കുളത്തൂപ്പുഴ, അഞ്ചല്‍ പ്രദേശങ്ങളിലെ ഡാലിക്കരിക്കം, കുമരംകരിക്കം, മാത്രക്കരിക്കം, വട്ടക്കരിക്കം, കൊച്ചുകരിക്കം, തിങ്കള്‍കരിക്കം തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം ചതുപ്പുകള്‍ ഉണ്ടായിരുന്നു.
അഞ്ചല്‍, കുളത്തൂപ്പുഴ, ഭാഗങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന ഈ ചതുപ്പുകളിലധികവും റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍, എണ്ണപ്പനത്തോട്ടങ്ങള്‍, കന്നുകാലി വികസന കോര്‍പറേഷന്റെ അനിമല്‍ ഫാം എന്നിവ സ്ഥാപിക്കപ്പെട്ടതോടെയാണ് നഷ്ടമായത്. ശംഖിലിക്കടുത്തുളള ശാസ്താംനട, ഏഴംകുളത്തെ കടമാന്‍കോട്, അരിപ്പയിലെ വഞ്ചിയോട്, എന്നവിടങ്ങളിലും കര്‍ണാടകയിലെ സിദ്ധാപുര, ഗോവയിലെ സട്ടാരി എന്നിവിടങ്ങലിലും ചെറിയ തോതില്‍ മിരിസ്റ്റിക്ക ചതുപ്പുകളുണ്ടെങ്കിലും ചെന്തുരുണിയുടെ ജൈവവൈവിധ്യ സമൃദ്ധി അവിടങ്ങളിലൊന്നുമില്ല.
1984ലാണ് ഈ പ്രദേശം ചെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി സഞ്ചാരികള്‍ക്ക് ഈ പ്രദേശം കണ്ടറിയാന്‍ സൗകര്യമുണ്ട്. അതീവ ജാഗ്രതയോടെ സംരക്ഷിക്കപ്പെടേണ്ട പ്രദേശമായതിനാല്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഓരോ ദിവസവും പരിമിതമായ സഞ്ചാരികള്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്.
സഞ്ചാരികള്‍ക്ക് പ്രദേശത്തിന്റെ സവിശേഷതകള്‍ അറിയിച്ചുകൊടുക്കാന്‍ വനം വകുപ്പ് അധികൃതരെ നിയോഗിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളടക്കമുള്ള പ്രകൃതിസ്‌നേഹികള്‍ ചെന്തുരുണിയെ കണ്ടും കേട്ടുമറിയാന്‍ ഇവിടെ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."