സ്ഥാനക്കയറ്റ ഉത്തരവ് റദ്ദാക്കി: ഭാഷാ അധ്യാപകര്‍ക്ക് കനത്ത തിരിച്ചടി
ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ തസ്തികകളിലേക്ക് ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല
കണ്ണൂര്‍: പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന ഭാഷാധ്യാപകരുടെ സ്ഥാനക്കയറ്റ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തീരുമാനം. ഇതോടെ അറബി, ഉര്‍ദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല.
പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി (അറബി, ഉര്‍ദു, ഹിന്ദി) എന്നിവ കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന ഇതേ വിഷയങ്ങളിലുള്ള ബി. എഡ് കോഴ്‌സുകള്‍ക്ക് തുല്യമാക്കി 2013 ഫെബ്രുവരി 11 ന് ഇറക്കിയ ഉത്തരവാണ് ഓഗസ്റ്റ് ഒന്നിന് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അറബി, ഉര്‍ദു, ഹിന്ദി അധ്യാപകരില്‍ ഭൂരിഭാഗവും എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി യോഗ്യതയുള്ളവരാണ്. സീനിയോറിറ്റി പരിഗണിച്ച് ഇവര്‍ക്കു ലഭിക്കേണ്ട സ്ഥാനക്കയറ്റമാണ് പുതിയ ഉത്തരവിലൂടെ മരവിപ്പിച്ചത്.
എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി യോഗ്യത ബി.എഡിനു തുല്യമാക്കണമെന്നാവശ്യപ്പെട്ട് ഭാഷാധ്യാപകര്‍ നടത്തിയ ദീര്‍ഘകാലസമരത്തിന്റെ ഭാഗമായാണ് യു.ഡി. എഫ് സര്‍ക്കാര്‍ ഇവര്‍ക്കനുകൂലമായ നിലപാടെടുത്തത്. ഇതാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ അട്ടിമറിച്ചത്.
പുതിയ ഉത്തരവ് ഭാഷാധ്യാപകരില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാനാണ് ഇവരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."