ക്യാംപ് സ്പെയ്ഷ്യര് കൂട്ടക്കൊല 36 ഐ.എസുകാരെ ഇറാഖ് തൂക്കിലേറ്റി
ബഗ്ദാദ്: 2014ല്‍ മുന്‍ യു.എസ് സൈനിക താവളത്തിലെ 1,700ലേറെ സൈനിക റിക്രൂട്ടുകളെ കൊലപ്പെടുത്തിയ കേസില്‍ 36 ഐ.എസുകാരെ ഇറാഖ് തൂക്കിലേറ്റി. തിക്രിത്തിനടുത്തെ ക്യാംപ് സ്പെയ്ഷ്യറിലാണ് കൂട്ടക്കൊല നടന്നത്. വടക്കന്‍ ഇറാഖിലെ മേഖല പിടിച്ചെടുത്ത ഐ.എസുകാര്‍ സൈനിക റിക്രൂട്ടുകളെ കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
2014ലെ കൂട്ടക്കൊലയുടെ ഫോട്ടോയും വീഡിയോയും ഐ.എസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇറാഖ് സേന നടത്തിയ തെരച്ചിലില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി.
ഇറാഖ് സര്‍ക്കാര്‍ ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ച സ്ഥലത്താണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. 2015ലാണ് ഈപ്രദേശം ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചത്. കേസില്‍ അറസ്റ്റിലായവരില്‍ 36 പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെന്ന് ദിഖാര്‍ ഗവര്‍ണറുടെ വക്താവ് പറഞ്ഞു. ദിഖാര്‍ പ്രവിശ്യയില്‍ മാത്രം 400 സൈനിക റിക്രൂട്ടുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
കൂട്ടക്കൊല നടക്കുമ്പോള്‍ തങ്ങള്‍ തിക്രിത്തിനടുത്ത് ഉണ്ടായിരുന്നില്ലെന്നാണ് ചില പ്രതികള്‍ വാദിച്ചത്. ക്രൂരമായ പീഡനത്തിനു വിധേയരാക്കിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് മറ്റു ചിലര്‍ കോടതിയില്‍ പറഞ്ഞു.
ഇന്നലെയാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കുമ്പോള്‍ നീതിന്യായ മന്ത്രി ഹൈദര്‍ അല്‍ സാമിലിയും സന്നിഹിതനായിരുന്നു. തീവ്രവാദക്കേസിലെ കുറ്റവാളികളെ വേഗത്തില്‍ വിചാരണ ചെയ്യുമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."