തോല്‍വിക്കു പിന്നാലെ കുഴല്‍പ്പണ വിവാദവും: കെ. സുരേന്ദ്രന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു, പകരക്കാരനായി ഇ. ശ്രീധരന്‍
തിരുവനന്തപുരം: ബി.ജെ.പിക്ക് കനത്ത തോല്‍വി സമ്മാനിച്ച തെരഞ്ഞെടുപ്പിനു പിന്നാലെ കുഴല്‍പ്പണ വിവാദവും വന്നതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് കെ. സുരേന്ദ്രനെ മാറ്റാന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നതായി സൂചന. സുരേന്ദ്രനെ മാറ്റി പകരം ഇ. ശ്രീധരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും പിന്നാലെ വന്ന വിവാദങ്ങളും വലിയ ആഘാതമാണ് പാര്‍ട്ടിക്ക് ഏല്‍പ്പിച്ചതെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഇ. ശ്രീധരനെ കൊണ്ടുവന്നാല്‍ 'കളങ്കം' ഇല്ലാത്തയാള്‍ അധ്യക്ഷസ്ഥാനത്തെന്ന പ്രതീതിയുണ്ടാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.
കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ. സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവരുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം തടയിടാന്‍ നേതാക്കള്‍ ശ്രമിക്കുന്നതായിട്ടാണ് സൂചന. ഇ ശ്രീധരന്‍ താല്‍ക്കാലികമായി സ്ഥാനമേറ്റെടുക്കും, പ്രശ്‌നങ്ങള്‍ ഒതുങ്ങിയ ശേഷം കുമ്മനം രാജശേഖരന് സ്ഥാനമേല്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തീരുമാനം പ്രാവര്‍ത്തികമായാല്‍ സുരേന്ദ്രന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകും.
കഴിഞ്ഞ രണ്ടു തവണ ബി.ജെ.പി അധ്യക്ഷസ്ഥാനത്തുള്ളവരെ മാറ്റുമ്പോള്‍ മിസോറാമിലേക്ക് ഗവര്‍ണറായി നിയമിച്ചായിരുന്നു മാറ്റം. കുമ്മനം രാജശേഖരനെയും പി.എസ് ശ്രീധരന്‍പിള്ളയെയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് മിസോറാമിന്റെ ഗവര്‍ണറായി നിയമിച്ചുകൊണ്ടായിരുന്നു. സുരേന്ദ്രന്റെ കാര്യത്തില്‍ എന്തു തീരുമാനമായിരിക്കും ഉണ്ടാവുകയെന്ന് സൂചനയില്ല.
സ്ഥാനാര്‍ഥിയെ സ്വാധീനിച്ച് പത്രിക പിന്‍വലിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേതൃസ്ഥാനം കൈമാറാന്‍ കെ. സുരേന്ദ്രന് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക സ്ഥാനത്തേക്ക് ഇ ശ്രീധരനെ പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. സന്ദീപ് വാര്യരെ നിര്‍ണായക സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."