സ്‌കൂളിലെ ഭക്ഷ്യവിഷബാധ ; അരിക്കും പയറിനും ഗുണനിലവാരമില്ല വെള്ളത്തിൽ ഇ കോളി ബാക്ടീരിയ, അരിയിൽ ചത്ത
പ്രാണികൾ
ആലപ്പുഴ
കായംകുളം പുത്തൻ റോഡ് ഗവ. യു.പി സ്‌കൂളിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം അരിയുടെയും പയറിന്റെയും ഗുണനിലവാരമില്ലായ്മയാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനാ ഫലം.
പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയും അരിയിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
അരി, പലവ്യഞ്ജനം, വെള്ളം എന്നിവ പബ്ലിക് ഹെൽത്ത് ലാബിലാണ് പരിശോധിച്ചത്. വിളവ് പാകമാകാത്ത വൻപയറാണ് ഉപയോഗിച്ചത്. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളത്തിൽ ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയതിനെ തുടർന്ന് ക്ലോറിനേഷൻ നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിച്ചു. കഴിഞ്ഞയാഴ്ച ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികൾക്കാണ് ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. തുടർന്നാണ് ഭക്ഷ്യ വസ്തുക്കൾ പരിശോധനയ്ക്ക് അയച്ചത്. ഛർദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യം കുട്ടികളിലില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."