കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരന്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. ഇന്നലെ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കോണ്‍ഗ്രസ് എം.എല്‍.എമാരെയും മറ്റു പ്രധാന നേതാക്കളെയും കണ്ട സുധാകരന്‍ കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച കണ്ണൂരില്‍നിന്ന് തിരിച്ചെത്തിയായിരിക്കും അദ്ദേഹം പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുക.
പ്രസിഡന്റായി നിയമിതനായ സുധാകരന്‍ ഇന്നലെ ഇന്ദിരാഭവനിലെത്തി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടു. രാവിലെ 11.30 ഓടെ കെ.പി.സി.സി ആസ്ഥാനത്തെത്തിയ സുധാകരനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഷാള്‍ അണിയിച്ചശേഷം കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അടച്ചിട്ട മുറിയില്‍ ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി.
കെ.പി.സി.സി പ്രസിഡന്റിന്റെ മുറിയിലേയ്ക്ക് പോകാതെ പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയുടെ മുറിയിലായിരുന്നു കൂടിക്കാഴ്ച. മുല്ലപ്പള്ളി തന്റെ ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും എക്കാലത്തും ആ പിന്തുണ ഒപ്പമുണ്ടാകുമെന്നും കൂടിക്കാഴ്ചക്കുശേഷം സുധാകരന്‍ പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ എം.എല്‍.എമാര്‍ എന്നിവരെ നിയമസഭയിലെത്തിയാണ് കെ.സുധാകരന്‍ കണ്ടത്.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ വി.എം സുധീരന്‍, തെന്നല ബാലകൃഷ്ണപിള്ള, എം.എം ഹസന്‍ എന്നിവരെയും വീടുകളിലെത്തി സുധാകരന്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."