ലോകത്തിന്റെ പട്ടിണി മാറ്റാന്‍ '1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്': ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിക്കാന്‍ ശൈഖ് മുഹമ്മദിന്റെ നിര്‍ദേശം
ലോകത്തിന്റെ പട്ടിണി മാറ്റാന്‍ '1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്': ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിക്കാന്‍ ശൈഖ് മുഹമ്മദിന്റെ നിര്‍ദേശം
ദുബായ്: ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യരുടെ പട്ടിണി മാറ്റാന്‍ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ പരിശുദ്ധ റമദാനില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച '1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്' സംരംഭത്തിന് ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിക്കാന്‍ നിര്‍ദേശം. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്‌ളോബല്‍ ഇനീഷ്യേറ്റീവ്‌സിന് (എംബിആര്‍എജിഐ) കീഴിലാണ് ഈ സംരംഭം വരുന്നത്. ഏറ്റവും വലിയ ഭക്ഷ്യ സഹായ എന്‍ഡോവ്‌മെന്റ് പ്രോജക്റ്റിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും അതോടൊപ്പം ഉയര്‍ന്ന വരുമാനം നേടാനും സുസ്ഥിരമായ ഒരു ഭക്ഷ്യ ഉറവിടം സൃഷ്ടിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിക്കുന്നത് എന്‍ഡോവ്‌മെന്റിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവപ്പാണ്. അതുവഴി ഏറ്റവും ദരിദ്രരായ വ്യക്തികളില്‍ എത്തിച്ചേരാനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷ്യ സുരക്ഷ നല്‍കാനും സാധിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. അനുവദനീയമായ മൂലധനം വളര്‍ത്താനും നിക്ഷേപിക്കാനും നിക്ഷേപത്തില്‍ വരുമാനം ഉറപ്പാക്കാനും സുസ്ഥിര ഭക്ഷ്യ സഹായ സൈറ്റുകള്‍ക്കുള്ള വിവര ചെലവ് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സൃഷ്ടിക്കുന്നതിനും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചുമതലപ്പെട്ടിരിക്കുന്നു.
പട്ടിണി ഇല്ലാതാക്കാനുള്ള സുസ്ഥിര പരിപാടികള്‍ നടപ്പിലാക്കാന്‍ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെ സമാഹരിക്കുക എന്നതാണ് 1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ് സംരംഭം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.
എംബിആര്‍എജിഐ സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗവി അധ്യക്ഷനായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ 8 അംഗങ്ങളുണ്ടാകും: എമിറേറ്റ്‌സ് എന്‍ബിഡി വൈസ് ചെയര്‍മാനും എംഡിയും എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് ചെയര്‍മാനുമായ ഹിഷാം അബ്ദുല്ല അല്‍ഖാസിം, ഗ്രാന്‍ഡ് മുഫ്തിയും ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്‌മെന്റ് ഇഫ്താ വിഭാഗം മേധാവിയുമായ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്, ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അഥോറിറ്റി ചെയര്‍മാന്‍ ഡോ. ഫദല്‍ അല്‍ അലി, എംബിആര്‍എജിഐ അസി.സെക്രട്ടറി ജനറല്‍ സഈദ് അല്‍ ഇഥര്‍ അല്‍ ദന്‍ഹാനി, ദുബായ് എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ അലി അല്‍ മുതവ, ദാര്‍ അല്‍ ബിര്‍റ് സൊസൈറ്റി സിഇഒയും എംഡിയുമായ ഡോ. മുഹമ്മദ് സുഹൈല്‍ അല്‍ മുഹൈരി, ശൈഖ് മുഹമ്മദിന്റെ പ്രൈവറ്റ് ഓഫീസ് എന്‍ജിനീയറിംങ് ഓഫീസ് ഉദ്യോഗസ്ഥന്‍ ഡോ. അലി അല്‍ ഉബൈദ്‌ലി, അല്‍ ഷെരീഫ് അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്റ്‌സ് എംഡി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ ഷെരീഫ് എന്നിവരാണ് ട്രസ്റ്റി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."