കുഴല്‍പ്പണക്കടത്തില്‍ വിമര്‍ശിച്ചതിന് ബി.ജെ.പി പുറത്താക്കിയ ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്
അത്താണി: കൊടകര കുഴല്‍പ്പണകേസില്‍ ബി.ജെ.പി ജില്ലാ നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയും പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്പെന്ഷന് നേരിടുകയും ചെയ്യുന്ന ഒ.ബി.സി മോര്‍ച്ച സംസ്ഥാന മുന്‍ ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി ഋഷി പല്‍പ്പു സുപ്രഭാതത്തോട് പറഞ്ഞു.
ബി.ജെ.പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇനി ആ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ല. വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ബി.ജെ.പി എന്നാണ് മനസിലാക്കേണ്ടത്. ഇത് ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ചേര്‍ന്നതാണോ എന്ന് പരിശോധിക്കേണ്ടത് ജനങ്ങളാണ്. തന്റെകൂടെ നില്ക്കുന്നവരുമായി കൂടിയാലോചിച്ച് അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നും ഋഷി പല്‍പ്പു പറഞ്ഞു. കഴിഞ്ഞ 30 നാണ് ബി.ജെ.പി. ജില്ലാ നേതൃത്വത്തിനെതിരേ അതിരൂക്ഷമായ വിമര്‍ശനവുമായി ഋഷി പല്‍പ്പു രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന വേളയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു സഹപ്രവര്‍ത്തകനെ കുത്തി അദ്ദേഹത്തിന്റെ കുടല്‍മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യപ്രവര്‍ത്തിക്ക് ജില്ലയിലെ പുണ്യാത്മാക്കളായ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യപ്രവൃത്തിയായ കൊടകര കുഴല്‍പ്പണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണെന്ന് ഋഷി ഫേസ്ബുക്ക് പോസ്റ്റിലൂടെ കളിയാക്കിയിരുന്നു.
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് മാടക്കത്തറ ഡിവിഷനില്‍ നിന്ന് മത്സരിച്ച ഋഷി വടക്കാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഋഷി പല്‍പ്പു ഫൗണ്ടേഷന്റെ ട്രസ്റ്റി കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."