ഷാര്‍ജ കുട്ടികളുടെ വായനോല്‍സവത്തിന് നാളെ തുടക്കം
ഷാര്‍ജ കുട്ടികളുടെ വായനോല്‍സവത്തിന് നാളെ തുടക്കം
ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ (എസ്‌സിആര്‍എഫ് 2023)ന് നാളെ (ബുധനാഴ്ച) തുടക്കമാകും. 66 രാജ്യങ്ങളില്‍ നിന്നുള്ള 457 അതിഥികള്‍ ഇത്തവണ മേളക്കെത്തും. കുഞ്ഞു മനസ്സുകളെ വിശാലമാക്കാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളും ശില്‍പശാലകളും പരിപാടികളും 12 ദിവസം നീളുന്ന വായനോല്‍സവത്തിലുണ്ടാകും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന ഈ സാംസ്‌കാരികോത്സവം കുട്ടികളെയും യുവജനങ്ങളെയും 12 ദിവസത്തെ വൈജ്ഞാനിക തലത്തിലേക്ക് ഉയര്‍ത്തും.
ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായ ഷാര്‍ജ രാജ്യാന്തര പുസ്തക മേളക്ക് പുറമെ, കുരുന്നുകളിലെ വായനാശീലം പോഷിപ്പിക്കാനും അറിവ് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് എസ്‌സിആര്‍എഫ് ആരംഭിച്ചത്. കുട്ടികളുടെ വായനോല്‍സവം 14ാം വര്‍ഷമാണിത് നടക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശന സമയം. പ്രവൃത്തി ദിനങ്ങളില്‍ സന്ദര്‍ശകര്‍ക്ക് രാവിലെ 9 മുതല്‍ രാത്രി 8 വരെ സന്ദര്‍ശനം നടക്കും. വാരാന്ത്യങ്ങളില്‍ രാത്രി 9 മണി വരെ സന്ദര്‍ശന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയാണ് സമയം. എഴുത്തുകാര്‍, കലാകാരന്‍മാര്‍, ചിത്രകാരന്മാര്‍, വിദഗ്ധര്‍, ഇന്‍ഫഌവന്‍സര്‍മാര്‍ എന്നിവരുള്‍പ്പെടെ 457 അതിഥികളെ ഈ വര്‍ഷത്തെ സാംസ്‌കാരിക മാമാങ്കം ഒരു വേദിയില്‍ കൊണ്ടുവരികയാണ്.
ആറ് ഇടങ്ങള്‍
പ്രസാധക പവലിയനുകള്‍, കുട്ടികളുടെ പുസ്തകങ്ങളുടെ ചിത്രീകരണ പ്രദര്‍ശനം, ശില്‍പശാലകള്‍, കുക്കറി കോര്‍ണര്‍, സോഷ്യല്‍ മീഡിയ സ്റ്റേഷന്‍, കോമിക്‌സ് കോര്‍ണര്‍ എന്നിങ്ങനെ ആറ് ഇടങ്ങളിലായാണ് ആക്റ്റിവിറ്റികള്‍ വ്യാപിച്ചിരിക്കുന്നത്. കൂടാതെ, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും തിയ്യറ്റര്‍ പ്രൊഡക്ഷനുകളും ആര്‍ട്ട് ഷോകേസുകളും റോമിംഗ് ഷോകളും സാഹിത്യ ചര്‍ച്ചകളും സാംസ്‌കാരിക സെഷനുകളും ആസ്വദിക്കാം.
141 പ്രസാധകര്‍
നോവലുകള്‍ മുതല്‍ വിദ്യാഭ്യാസ പുസ്തകങ്ങളും സര്‍ഗാത്മക വിഭാഗങ്ങളും വരെയുള്ള വിസ്തൃതമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ബാലസാഹിത്യ മേഖലയിലെ 141 പ്രസാധകരെ ഒരുമിച്ച് കൊണ്ടുവരുന്ന കുട്ടികളുടെ പുസ്തക മേളയാണിത്. ഏറ്റവും പുതിയ ബാലസാഹിത്യ കൃതികള്‍ ഇവിടെ പ്രകാശനം ചെയ്യുന്നതാണ്.
സാംസ്‌കാരിക ചര്‍ച്ചകള്‍
എസ്‌സിആര്‍എഫ് 2023ല്‍ ഇരുപത്തൊന്ന് അറബ്, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 68 അതിഥികള്‍ പങ്കെടുക്കുന്ന 21 പാനല്‍ ചര്‍ച്ചകള്‍ അരങ്ങേറും. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അജണ്ടയില്‍ 'ചെറുപ്പത്തില്‍ തന്നെ ബുദ്ധി വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം' ഉള്‍പ്പെടുന്നു. യുഎഇയില്‍ നിന്നുള്ള ഡോ. മയാ അല്‍ഹുവി, ലൂര്‍ക സബൈതി (ലബനാന്‍), ഡോ. ലൂയിസ് ലംബാര്‍ട്ട് (കാനഡ) എന്നിവര്‍ സംബന്ധിക്കും.
അജണ്ടയിലെ മറ്റൊരു പാനല്‍ ചര്‍ച്ച 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വിദ്യാഭ്യാസ പാഠ്യപദ്ധതി, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം' എന്നതിലാണ്. യുഎഇയില്‍ നിന്നുള്ള ഡോ. കരീമ മതര്‍ അല്‍മസ്‌റൂയി, ഈജിപ്തില്‍ നിന്നുള്ള അമല്‍ ഫറ, ബ്രിട്ടനില്‍ നിന്നുള്ള റോസ് വെല്‍ഫോര്‍ഡ് പങ്കെടുക്കും. അതേസമയം, സിറിയയില്‍ നിന്നുള്ള ഡോ. ഹൈഥം അല്‍ ഖവാജ, ഇന്ത്യയില്‍ നിന്നുള്ള റോയ്സ്റ്റണ്‍ ആബേല്‍, യുഎഇയില്‍ നിന്നുള്ള ഷരീഫ മൗസ എന്നിവരുള്‍പ്പെടെയുള്ള എഴുത്തുകാര്‍ 'വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ തിയ്യറ്റര്‍ പഠനങ്ങള്‍ നടപ്പാക്കല്‍' എന്ന തലക്കെട്ടിലുള്ള സംവാദത്തില്‍ സംസാരിക്കും.
നാടക, കലാ പ്രകടനങ്ങള്‍
കലാ, കായിക, ശാസ്ത്ര, സാങ്കേതിക വിഷയങ്ങള്‍ കുട്ടികള്‍ക്കായുള്ള ശില്‍പശാലകളില്‍ ഉള്‍പ്പെടുത്തും. 16 രാജ്യങ്ങളില്‍ നിന്നുള്ള 16 അതിഥികള്‍ നയിക്കുന്ന 136 നാടക പ്രകടനങ്ങള്‍, റോമിംഗ് ഷോകള്‍, അക്രോബാറ്റ്, സംഗീത കച്ചേരികള്‍ എന്നിവയും ഫെസ്റ്റിവലിലുണ്ടാകും.
ഏറ്റവും ശ്രദ്ധേയമായ ആക്റ്റിവിറ്റികളില്‍ എസ്ബിഎ നിര്‍മിച്ച കുട്ടികളുടെ നാടകം 'എലോണ്‍ അറ്റ് ഹോം' ഉള്‍പ്പെടുന്നു. മെയ് 12, 13 തീയതികളില്‍ രാത്രി 7.30നും 14ന് വൈകിട്ട് 6നും ഹാസ്യ നാടകം, മെയ് 7ന് വൈകിട്ട് 4ന് മറ്റൊരു കോമഡി നാടകമായ 'അക്ബര്‍ ദി ഗ്രേറ്റ് നഹി രഹേ', കുട്ടികളുടെ ഷോ 'മസാക കിഡ്‌സ്', ഫെസ്റ്റിവലിലൂടെ വൈവിധ്യങ്ങളിലേക്കുള്ള ശ്രദ്ധ വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന 'ആഫ്രികാന' എന്നിവ നടക്കും.
കുക്കറി കോര്‍ണര്‍
ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ 12 ഷെഫുകള്‍ അവതരിപ്പിക്കുന്ന 33ലധികം പാചക പ്രവര്‍ത്തനങ്ങളുമായി ജനപ്രിയ കുക്കറി കോര്‍ണര്‍ ഈ പതിപ്പിലുകും. ന്യൂസിലാന്‍ഡ്, യുഎസ്, ഇന്ത്യ, പോര്‍ച്ചുഗല്‍, ലബനാന്‍, മൊറോക്കോ, ജോര്‍ദാന്‍, യുഎഇ, ഗാബോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എസ്‌സിആര്‍എഫിന്റെ 14ാം പതിപ്പില്‍ പങ്കെടുക്കുന്ന ഷെഫുകള്‍.
കോമിക്‌സ് കോര്‍ണര്‍
4 രാജ്യങ്ങളില്‍ നിന്നുള്ള 15 സര്‍ഗപ്രതിഭകള്‍ നയിക്കുന്ന വര്‍ക്‌ഷോപ്പുകള്‍, പാനല്‍ ചര്‍ച്ചകള്‍, റോമിംഗ് ഷോകള്‍ എന്നിവയുള്‍പ്പെടെ 323ലധികം ആക്റ്റിവിറ്റികളിലൂടെ കോമിക്‌സിന്റെ ലോകം പര്യവേക്ഷണം ചെയ്യാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും. 35 പ്രാദേശിക പ്രതിഭകളും അവരുടെ സൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്ന വര്‍ക്‌ഷോപ്പുകളും സംവേദനാത്മക പ്രവര്‍ത്തനങ്ങളും കൂടാതെ, അക്രോ അഡ്വഞ്ചേഴ്‌സ്, നിന്‍ജ ടെസ്റ്റുകള്‍ എന്നിവയും കോമിക്‌സ് കോര്‍ണറിലെ ഏറ്റവും പ്രധാനപ്പെട്ട ആക്റ്റിവിറ്റികളില്‍ ഉള്‍പ്പെടുന്നു.
സോഷ്യല്‍ മീഡിയ സ്റ്റേഷന്‍
ഡിജിറ്റല്‍ പഌറ്റ്‌ഫോമുകളിലും ഉള്ളടക്കം സൃഷ്ടിക്കാനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലേക്ക് വെളിച്ചം വീശുന്ന വിസാം ഖുതുബ്, ഷെഫ് ഫൈസല്‍ അല്‍ ഖാലിദി, അസ്സ അല്‍ മുഗൈരി, ജമാല്‍ അല്‍ മുല്ല എന്നിവരുള്‍പ്പെടെ ഇന്‍ഫഌവന്‍സര്‍മാരും ഉള്ളടക്ക സ്രഷ്ടാക്കളും നയിക്കുന്ന 72 ആക്റ്റിവിറ്റികള്‍ സോഷ്യല്‍ മീഡിയ സ്‌റ്റേഷനിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."