സഊദി നജ്‌റാനില്‍ വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണം
റിയാദ്: സഊദിയുടെ അതിര്‍ത്തി പ്രദേശമായ നജ്‌റാനില്‍ യമനിലെ ശീഈ ഹൂത്തി വിമത സേനകള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദിയും യമനും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ നജ്‌റാനില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സഊദിയെ ലക്ഷ്യമാക്കി ഹൂത്തികള്‍ റോക്കറ്റുകള്‍ തൊടുത്തുവിട്ടതെന്ന് നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും മേഖലാ നിയന്ത്രണ വിധേയമാണെന്നും നജ്‌റാന്‍ മേഖല സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ കേണല്‍ അലി ബിന്‍ ഉമൈര്‍ വ്യക്ത്തമാക്കി.
നേരത്തെ ഇതേ പ്രദേശത്തു നടന്ന റോക്കറ്റാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അടിക്കടി അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ സഊദിയുടെ ഉറക്കം കെടുത്തുന്നുണ്ട്. യമനിലെ സമാധാന ചര്‍ച്ചകള്‍ വിഫലമാകുകയും ചെയ്തതിനെ തുടര്‍ന്ന് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം യമനില്‍ ഹൂത്തികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമാക്കിയതിന്റെ ശേഷം സഊദിയുടെ അതിര്‍ത്തിയില്‍ ഹൂത്തി വിമതസേന വന്‍ നാശ നഷ്ടം വരുത്തി വെക്കുന്ന നിരവധി ആക്രമണങ്ങളാണ് നടത്തിയത്.
വെള്ളിയാഴ്ച നടന്ന റോക്കറ്റാക്രമണത്തില്‍ അഞ്ചു വിദേശ തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ചൊവാഴ്ച്ച നടന്ന ഷെല്ലാക്രമണത്തില്‍ മൂന്നു വിദേശികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. സഊദി അതിര്‍ത്തിയില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടവും മരണവും വരുത്തി വെച്ച ആക്രമണമായിരുന്നു ഇത്.
സഊദി അറേബിയയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം യമനിലെ വിഘടിത വിഭാഗമായ ഇറാന്‍ അനുകൂല ശീഈ ഹൂത്തി മലീഷികള്‍ക്കെതിരെ യുദ്ധം തുടങ്ങിയ 2015 ഏപ്രില്‍ മുതല്‍ സഊദിയെ ലക്ഷ്യമാക്കി നിരവധി മിസൈലുകളും ഷെല്ലുകളുമാണ് ഹൂത്തികള്‍ തൊടുത്തു വിട്ടത്. ഇതില്‍ ചിലത് സഊദി പ്രദേശത്തു പതിക്കുകയും നിരവധി പേര്‍ ഇതിനു മുന്‍പ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."