'എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്; ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ജനിച്ച മണ്ണിനായി ഞാന്‍ പൊരുതിക്കൊണ്ടിരിക്കും': ഭീഷണിക്കും കേസിനും മുന്നില്‍ പതറാതെ ഐഷ
കവരത്തി: സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്കും ബി.ജെ.പി ഭരണകൂടത്തിന്റെ രാജ്യദ്രോഹക്കേസ് ചുമത്തലിനും മുന്നില്‍ പതറാതെ ലക്ഷദ്വീപ്കാരി ഐഷ സുല്‍ത്താന. തനിക്കെതിരെ രാജ്യദ്രോഹക്കേസെയുത്തതിന് പിന്നാലെ തന്റെ നിലപാട് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തളര്‍ത്തിയാല്‍ ളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദമുയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...തന്നെ വേട്ടയാടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു ഐഷ.
പോസ്റ്റിന്റെ പൂര്‍ണരൂപം
F.I.R ഇട്ടിട്ടുണ്ട്...
രാജ്യദ്രോഹ കുറ്റം
പക്ഷെ
സത്യമേ ജയിക്കൂ...
കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും
നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാര്‍ ആയിരിക്കും
ഇനി നാട്ടുക്കാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്...
ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം...
തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്
എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...
കഴിഞ്ഞ ദിവസം മീഡിയവണ്‍ ചര്‍ച്ചക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് പരാതി. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു പരാമര്‍ശം.
ബി.ജെ.പി ലക്ഷദ്വീപ് നേതാവ് അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിന്മേല്‍ കവരത്തി പൊലിസ് ആണ് ഐഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതെ സമയം ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഐഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം കഴിഞ്ഞദിവസം ആയിഷക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."