HOME
DETAILS

സൂക്ഷ്മജീവിതത്തിൻ്റെ മാതൃകാപണ്ഡിതൻ

  
backup
June 17 2022 | 03:06 AM

exemplary-scholar1111vcd

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ


സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രസിഡന്റും ജാമിഅ നൂരിയ്യയിലെ പ്രധാന മുദരിസും പണ്ഡിത കുലപതിയുമായിരുന്ന കാളമ്പാടി എ. മുഹമ്മദ് മുസ്‌ലിയാർ(ന:മ) വിടപറഞ്ഞിട്ട് പത്തുവർഷം പൂർത്തിയായിരിക്കുകയാണ്. പ്രാസ്ഥാനികരംഗത്തും വൈജ്ഞാനികമേഖലയിലും അനുകരണീയമായ അനവധി മാതൃകകൾ ബാക്കിവച്ചുകൊണ്ട് കടന്നുപോയ അദ്ദേഹത്തിൻ്റെ ജീവിതത്തിൽനിന്ന് പുതിയ തലമുറക്ക് അനേകം പാഠങ്ങൾ പഠിക്കാനുണ്ട്.


സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചുവളർന്ന അദ്ദേഹം പ്രതിസന്ധികളെ മറികടന്ന് സ്വപ്രയത്‌നം കൊണ്ട് അറിവിന്റെ ഉന്നതങ്ങൾ കീഴടക്കി. ദീനീവിജ്ഞാനങ്ങളുടെ സമ്പാദനവും പ്രസരണവുമാണ് തന്റെ ജീവിത ദൗത്യമെന്ന് ചെറുപ്പം മുതൽ തിരിച്ചറിയുകയും അതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു. പാരമ്പര്യത്തിന്റെ പാതയിൽ എന്നും അടിയുറച്ചുനിൽക്കുകയും വ്യതിയാനങ്ങൾക്കെതിരേ ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു. കോട്ടുമല ഉസ്താദിനെ പോലുള്ള ഗുരുനാഥന്മാരെ വാക്കിലും നോക്കിലും പിൻപറ്റി അവരുടെ വഴിയിൽനിന്ന് അണുവിട വ്യതിചലിക്കാതെ ജീവിതാവസാനം വരെ നിലകൊണ്ടു. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതൽ പങ്കാളിയാവുകയും ഒടുവിൽ സമസ്തയുടെ അധ്യക്ഷ പദവി അലങ്കരിച്ച എട്ടുവർഷങ്ങളിൽ കാറ്റിലും കോളിലും അകപ്പെടാതെ പ്രാസ്ഥാനിക നൗകയെ സമചിത്തതയോടെ നയിച്ച് സുരക്ഷിത തീരത്തെത്തിക്കുകയും ചെയ്തു.


1934ലാണ് അരിക്കത്ത് അബ്ദുറഹ്മാൻ ഹാജി-ആയിഷ ദമ്പതികളുടെ മകനായി മലപ്പുറത്തിനടുത്തുള്ള കാളമ്പാടിയിൽ ഉസ്താദ് ജനിക്കുന്നത്. മലപ്പുറം എയ്ഡഡ് മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് മലപ്പുറം കുന്നുമ്മൽ, കൂട്ടിലങ്ങാടി, പഴമള്ളൂർ, പാലച്ചിറമാട്, പരപ്പനങ്ങാടി പനയത്തിൽ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് പഠനം നടത്തി. പുലാമന്തോൾ മമ്മുട്ടി മൊല്ലാക്ക, സൈദാലിക്കുട്ടി മുസ്‌ലിയാർ രാമപുരം, കൂട്ടിലങ്ങാടി കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, ചെറുശോല കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ, പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു ദർസ് പഠനകാലത്തെ ഉസ്താദുമാർ. കോട്ടുമല ഉസ്താദിനു കീഴിലുള്ള പരപ്പനങ്ങാടി പനയത്തിൽ പള്ളിയിലെ ദർസിൽ നിന്നാണ് 1959ൽ വെല്ലൂർ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് പോയത്. 1961ൽ ഉയർന്ന മാർക്കോടുകൂടി ബാഖവി ബിരുദം നേടി.


വെല്ലൂരിൽനിന്ന് തിരിച്ചെത്തിയ ശേഷം മൂന്ന് പതിറ്റാണ്ട് കാലം വിവിധ പ്രദേശങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു. അരീക്കോട് മൈത്ര, മുണ്ടക്കുളം, കാച്ചിനിക്കാട്, മുണ്ടുപറമ്പ്, നെല്ലിക്കുത്ത്, കിടങ്ങയം തുടങ്ങിയ സ്ഥലങ്ങളിലാണ് ദർസ് നടത്തിയത്. 1991ൽ ജാമിഅ നൂരിയ്യയിൽ അധ്യാപനം ആരംഭിച്ച അദ്ദേഹം 2012ൽ വിയോഗം സംഭവിക്കുന്നത് വരെ തന്റെ സമർപ്പിത സേവനംകൊണ്ട് ജാമിഅയെ ധന്യമാക്കി. അങ്ങനെ അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന അധ്യാപനം ജീവിതാന്ത്യം വരെ തുടരാനുള്ള അപൂർവ സൗഭാഗ്യം ഉസ്താദിന് ലഭിച്ചു.


അധ്യാപന ജീവിതം ആരംഭിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്ക് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ യോഗ്യതയും സൂക്ഷ്മതയും പാണ്ഡിത്യവും ഉന്നതരായ ഉസ്താദുമാർ വളരെ നേരത്തെതന്നെ തിരിച്ചറിഞ്ഞുവെന്ന് ഇതിൽനിന്ന് മനസിലാക്കാം. ഇതിനു മുമ്പുതന്നെ എം.എം ബഷീർ മുസ്‌ലിയാരെ പോലുള്ള ഉന്നത നേതാക്കൾക്കൊപ്പം പല പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പള്ളി ദർസുകളുടെ ഏകീകരണത്തിനുവേണ്ടി പല പ്രവർത്തനങ്ങളും അക്കാലത്തുതന്നെ അവർ മുൻകൈയെടുത്ത് നടത്തുകയുണ്ടായി.
സമസ്തയുടെ ഏറനാട് താലൂക്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികൾ ദീർഘകാലം വഹിച്ചതിനു ശേഷമാണ് 2004 ൽ അദ്ദേഹം സമസ്തയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളായിരുന്നു ഈ ഉന്നത പദവിയിലേക്ക് പേര് നിർദേശിച്ചത്. പണ്ഡിത്യം, പക്വത, പ്രായം, പാരമ്പര്യം തുടങ്ങിയ ഗുണങ്ങൾ പരിഗണിക്കുമ്പോൾ പ്രസ്തുത പദവിക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് കാളമ്പാടി ഉസ്താദ് എന്ന് ഉമറലി ശിഹാബ് തങ്ങൾ അന്ന് വ്യക്തമാക്കുകയുണ്ടായി.


ജാമിഅ നൂരിയ്യയുടെ ആദ്യ കാലം മുതൽ തന്നെ അതിന്റെ പ്രവർത്തനങ്ങളിൽ കാളമ്പാടി ഉസ്താദ് പല നിലക്കും പങ്കാളിയായിരുന്നു. ദീർഘകാലം ജാമിഅയുടെ പ്രവർത്തകസമിതിയിലും പരീക്ഷാബോർഡിലും അംഗമായി പ്രവർത്തിച്ചു. ജാമിഅയിൽ അധ്യാപകനായി സേവനം ഏറ്റെടുത്തതോടെ അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി ജാമിഅ മാറി. സമസ്ത പ്രസിഡന്റ് പദവി പോലുള്ള ഉന്നതസ്ഥാനങ്ങളിൽ എത്തിയ ശേഷവും അതുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലും ജാമിഅയിലെ ക്ലാസുകളെ ബാധിക്കാതിരിക്കാൻ അദ്ദേഹം അതീവ ശ്രദ്ധകാണിച്ചു.
പരലോക ഭയമുള്ള പണ്ഡിതനുണ്ടായിരിക്കേണ്ട ഉന്നതമായ എല്ലാ സ്വഭാവഗുണങ്ങളും ഉസ്താദിൽ സമ്മേളിച്ചിരുന്നു. പാണ്ഡിത്യത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും വിനയത്തിന്റെ മകുടോദാഹരണമായിരുന്നു മഹാനവർകൾ. ചെറിയ വിദ്യാർഥികളെ പോലും ആദരവോടെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഉസ്താദിന്റെ ശൈലി. പണക്കാരോടും പാവപ്പെട്ടവരോടുമെല്ലാം ഒരേ രീതിയിൽ പെരുമാറാൻ ശ്രദ്ധിച്ചു.


ജീവിത സുഖസൗകര്യങ്ങളോടും ആഡംബരങ്ങളോടും അദ്ദേഹം പൂർണമായി പുറംതിരിഞ്ഞുനിന്നു. എന്തു സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ സന്നദ്ധരായ അനേകായിരം അനുയായികളും ശിഷ്യഗണങ്ങളുമുണ്ടായിട്ടും ഭൗതിക പ്രമത്തത ഉസ്താദിനെ തൊട്ടുതീണ്ടിയതേ ഇല്ല. വീട് മുതൽ വസ്ത്രധാരണ രീതിവരെ ആ ലാളിത്യത്തിന്റെ നിദർശനമായിരുന്നു.
ഉസ്താദിനെ പോലുള്ള നിഷ്‌കളങ്കരും നിഷ്‌കാമകർമികളുമായ പണ്ഡിതരുടെ വേർപാട് സമൂഹത്തിൽ നികത്താനാവാത്ത വിടവുകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ പാദമുദ്ര പിന്തുടർന്ന് പാരമ്പര്യത്തിന്റെ വഴിയിൽ സഞ്ചരിക്കുകയാണ് നമുക്ക് കരണീയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago