ലീഗില്‍ മുന്‍പത്തെപോലെ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് കെ.എം ഷാജി
കോഴിക്കോട്: വിദ്യാര്‍ഥി, യുവജന സംഘടനകള്‍ തിരുത്തല്‍ ശക്തികളാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
പാര്‍ട്ടിക്കകത്ത് മുന്‍പത്തെപോലെ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഷാജി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമുള്ള സംവിധാനങ്ങളൊന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.
മുന്‍പ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് യൂത്ത് ലീഗിനും എം.എസ്.എഫിനും കൂടുതല്‍ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടായിരുന്നു. എത്ര തിരക്കുപിടിച്ച സമയമായാല്‍ പോലും അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുമായിരുന്നു.
നഷ്ടപ്പെട്ടുപോയ സീറ്റുകളേക്കാള്‍ പാര്‍ട്ടി ഗൗരവമായി കാണേണ്ടത് നഷ്ടപ്പെട്ടുപോയ വോട്ടുകളെയാണ്. ആരൊക്കെ തോറ്റുപോയി, എത്ര സീറ്റുകള്‍ കുറഞ്ഞു, എന്നാലും ഇത്രയൊക്കെ നമ്മള് പിടിച്ചല്ലോ എന്ന ആശ്വാസത്തേക്കാള്‍ വലുതാണ് ഈ കുറഞ്ഞുപോയ വോട്ടുകള്‍. അത് ഗൗരവത്തില്‍ പാര്‍ട്ടി പഠിക്കണം. ജയിക്കുന്നിടത്ത് മാത്രം പോര, ലീഗ് ഒരു കാലത്തും ജയിക്കില്ല എന്ന ഉറപ്പുള്ളിടത്തും തിരുത്തല്‍ നടപടി വേണം.
രാഷ്ട്രീയത്തില്‍ വ്യക്തിപരമായ നഷ്ടം തന്നെ സംബന്ധിച്ച് ഒരു ഘടകമേ അല്ല. തകര്‍ക്കേണ്ട ആളുകളുടെ കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിപ്ലോമാറ്റിക് കോംപ്രമൈസ് എന്നാണ് ഇത്തരം സൗഹൃദങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്.
തന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതും പണം പിടിച്ചെടുത്തതും നിഷ്കളങ്കമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."