HOME
DETAILS

നാഷനല്‍ ഹെറാള്‍ഡ്: പകപോക്കലിന്റെ രാഷ്ട്രീയം

  
backup
June 20 2022 | 20:06 PM

national-horald321362452111

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോട് ഇഴചേര്‍ന്നുകിടക്കുന്ന 'നാഷനല്‍ ഹെറാള്‍ഡ്' എന്ന മഹത്തായ നാമത്തെ ഇകഴ്ത്തിയും ആ പത്രത്തിന് കൈത്താങ്ങ് നല്‍കാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയുമുള്ള നടപടികളാണ് മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറുന്നത്. അല്ലെങ്കിലും മഹാനായ പണ്ഡിറ്റ് നെഹ്‌റുവിന്റെ കൈയൊപ്പുള്ള എന്തിനെയും പ്രതികാരത്തോടെ നോക്കുകയും കാണുകയും ചെയ്യുന്ന അപകര്‍ഷതാബോധത്തിന്റെ അടിമകളായ മോദി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നാഷനല്‍ ഹെറാള്‍ഡിന്റെ കാര്യത്തിലും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല. 2012ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് പരാതി നല്‍കിയ സുബ്രഹ്മണ്യം സ്വാമി പോലും വിസ്മൃതിയിലേക്ക് തള്ളിവിട്ട കേസ് വീണ്ടും പൊടിതട്ടി കൊണ്ടുവരുന്നതിന് പിന്നില്‍ മോദിക്കും അമിത് ഷായ്ക്കും കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. ഒന്നാമതായി, കോണ്‍ഗ്രസ് നേതൃനിരയെ നിര്‍വീര്യമാക്കി ഉടന്‍ നടക്കാന്‍ പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംഭവിച്ചേക്കാമെന്ന് ബി.ജെ.പി ഭയക്കുന്ന പ്രതിപക്ഷ ഐക്യം പൊളിക്കുക. രണ്ടാമതായി, അടുത്ത ഓഗസ്റ്റിലോ സെപ്റ്റംബറിലോ കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകള്‍ക്ക് തടയിടുക.


ദേശീയതയുടെ മുഖപത്രം


ഇന്ത്യയിലെ മിക്കവാറും എല്ലാ ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ക്കും അവരുടേതായ മുഖപത്രങ്ങളുണ്ട്. പക്ഷേ അതില്‍നിന്നെല്ലാം നാഷനല്‍ ഹെറാള്‍ഡിനെ വേര്‍തിരിച്ചുനിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ മുഖപത്രം എന്നതിനേക്കാളുപരിയായി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ആശയവാഹിനിയായിരുന്നു ഈ മാധ്യമം എന്നതായിരുന്നു. 'വേണ്ടിവന്നാല്‍ എന്റെ കുടുംബസ്വത്തായ സ്വാരാജ് ഭവന്‍ വിറ്റിട്ടാണെങ്കിലും പത്രം തുടങ്ങാനുള്ള പണം സമാഹരിക്കും' എന്ന് പരസ്യമായി പ്രഖ്യാപിച്ച നെഹ്‌റുവിന് ആംഗലേയ പത്രങ്ങള്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഭാരത മണ്ണില്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ദീപശിഖയായി സ്വന്തമായി ഒരു പത്രത്തിന്റെ പ്രാധാന്യം വളരെ നേരത്തെതന്നെ മനസ്സിലായിരുന്നു. കാലണ അംഗത്വവരി മാത്രം സമ്പാദ്യമായുള്ള കോണ്‍ഗ്രസിന് സ്വാതന്ത്ര്യസമരത്തിന്റെ നെരിപ്പോടിനുള്ളില്‍ ഒരു പത്രം തുടങ്ങാന്‍പോയിട്ട് സ്വപ്നംപോലും കാണാന്‍ കഴിയില്ലെന്ന് അറിയാമായിരുന്ന നെഹ്‌റു സ്വന്തം സമ്പാദ്യവും രാജ്യമെമ്പാടുമുള്ള അയ്യായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഹൃദയരും ഓഹരികളായി നല്‍കിയ പണവും സ്വരുക്കൂട്ടിയാണ് 1937ല്‍ രൂപീകരിച്ച അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന് തുടക്കമിടുന്നത്. ഉര്‍ദുവില്‍ ഖൗമി ആവാസും ഹിന്ദിയില്‍ നവജീവനും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ചിരുന്നു.
'സ്വാതന്ത്ര്യം അപകടത്തിലാണ്, നിങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കുക' എന്ന തലവാചകവുമായി പുറത്തിറങ്ങുന്ന നാഷനല്‍ ഹെറാള്‍ഡും സഹോദരപത്രങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പോര്‍മുനയായി മാറി. മറ്റു പത്രമാധ്യമങ്ങളെയെല്ലാം കവച്ചുവയ്ക്കുന്ന വലിയ സ്വീകാര്യതയാണ് നാഷനല്‍ ഹെറാള്‍ഡിന് ലഭിച്ചത്. പ്രചാരണത്തില്‍ ഒരു പടിമുന്നില്‍ ഖൗമി ആവാസായിരുന്നു. സൗമ്യമായ വാക്കുകളില്‍ അതേസമയം സ്വാതന്ത്ര്യവാഞ്ഛയുടെ മുഴുവന്‍ വികാരവും ആവാഹിച്ച് നെഹ്‌റുവിന്റെ തൂലികയില്‍നിന്ന് പിറന്നുവീണ മുഖപ്രസംഗങ്ങള്‍ ജനകോടികളെ ചെറുതൊന്നുമല്ല ആവേശം കൊള്ളിച്ചത്.


1942ലെ ക്വിറ്റ് ഇന്ത്യ സമരത്തോടുള്ള പ്രതികാരം ബ്രിട്ടീഷ് അധികാരികള്‍ കോണ്‍ഗ്രസ് നേതാക്കളോടുമാത്രമല്ല വീട്ടിയത്. സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത പലര്‍ക്കും പത്രമാധ്യമങ്ങള്‍ തുടങ്ങാന്‍ ആവോളം പ്രതിഫലം ആംഗലേയ ഖജനായില്‍ നിന്ന് ഒഴുകിയപ്പോള്‍ നാഷനല്‍ ഹെറാള്‍ഡ് അതിക്രൂരമായി വേട്ടയാടപ്പെട്ടു. ഓഫിസുകള്‍ അടച്ചുപൂട്ടി. ഡല്‍ഹിയിലെ ബഹാദൂര്‍ സഫര്‍ മാര്‍ഗിലുള്ള ഹെറാള്‍ഡ് ഹൗസില്‍നിന്ന് ഒരു കീറ പേപ്പറില്‍പ്പോലും വാര്‍ത്തകള്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബ്രിട്ടീഷ് പട്ടാളം കാവല്‍ക്കിടന്നു. പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമാണ് പത്രം പുനരാരംഭിക്കാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രിയായതിനുശേഷം നെഹ്‌റുവിന്റെ ഒഴിവില്‍ ഇന്ത്യയിലെ മാധ്യമരംഗത്തെ കുലപതികളെന്ന് പേരെടുത്തവരാണ് ഒരു വ്യാഴവട്ടത്തോളം പത്രത്തെ നയിച്ചത്. എം. ചലപതി റാവു മുതല്‍ കുഷ്‌വന്ത് സിങ്ങുവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.


പ്രതിസന്ധികളുടെ നടുവില്‍


1990കളില്‍ ഇന്ത്യയിലെ മാധ്യമരംഗത്ത് വന്‍തോതില്‍ വിദേശനിക്ഷേപം ഇറങ്ങുകയും കോര്‍പറേറ്റുവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോള്‍ പതിയേ നാഷനല്‍ ഹെറാള്‍ഡും ഭീമമായ കടക്കെണിയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. കുറേ നാളത്തേക്കുകൂടി തട്ടിയും മുട്ടിയും മുന്‍പോട്ടുപോയെങ്കിലും പ്രസിദ്ധീകരണത്തിന്റെ 70ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിന് അച്ചടി നിര്‍ത്തേണ്ടിവന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗവും കോണ്‍ഗ്രസിന്റെ പൈതൃകസ്വത്തുമായ പത്രം അനാഥമാകുന്നത് കൈയും കെട്ടി നോക്കിനില്‍ക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. ജീവനക്കാര്‍ക്കുള്ള ശമ്പളകുടിശ്ശികകളും മറ്റു ബാധ്യതകളുമുള്‍പ്പെടെ 91 കോടിയോളം രൂപ പാര്‍ട്ടി ഫണ്ടില്‍നിന്ന് ചെലവിട്ട് പത്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതാണ് മഹാപാപവും വലിയ കുറ്റകൃത്യവുമായി സുബ്രഹ്മണ്യം സ്വാമി പറയുന്നത്. പാര്‍ട്ടിയുടെ പബ്ലിക് ഫണ്ടിലെ തുക സ്വകാര്യ കമ്പനിക്ക് നല്‍കിയെന്നാണ് സ്വാമിയുടെ ആക്ഷേപം. പക്ഷേ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് സ്വകാര്യ കമ്പനി മാത്രമല്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണനാമമാണെന്നും സ്വാമി സൗകര്യപൂര്‍വം മറക്കുകയാണ് ചെയ്തത്. തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയിലാണ് പാര്‍ട്ടി ഫണ്ടില്‍നിന്ന് 90 കോടി രൂപ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് നല്‍കിയത്.


കോണ്‍ഗ്രസ് നല്‍കിയ തുകയില്‍ 50 കോടിയും ചെലവഴിച്ചത് 200ല്‍ പരം ജീവനക്കാര്‍ക്ക് വോളന്ററി റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ്. പത്രം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും ബാധ്യതകള്‍ കൂടിക്കൂടി വന്നതല്ലാതെ ഒരു ഫലവുമുണ്ടായില്ല. കൂടാതെ വായ്പ്പ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യവുമായി. വായ്പ്പയ്ക്ക് പകരമായി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാം എന്നുവച്ചാല്‍ അതിന് നിയമപരമായി കഴിയില്ല താനും.


കഴമ്പില്ലാത്ത ആരോപണങ്ങള്‍


ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായി 2010 നവംബറില്‍ 'യങ് ഇന്ത്യന്‍' എന്ന പേരില്‍ സ്വകാര്യ കമ്പനി രൂപവത്കരിച്ചത്. കമ്പനിയില്‍ ഡയരക്ടറാണെന്ന കാര്യം 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍നിന്ന് മറച്ചുവച്ചു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. 2010ല്‍ രൂപീകരിച്ച കമ്പനിയിലെ അംഗത്വം എങ്ങനെ 2009 ലെ രേഖകളില്‍ കാണിക്കും എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. പാര്‍ട്ടി ഫണ്ടില്‍നിന്ന് നല്‍കിയ 90 കോടി രൂപക്ക് പകരമായി കമ്പനിയുടെ ഓഹരികള്‍ യങ് ഇന്ത്യന്‍ എന്ന കമ്പനിക്ക് കൈമാറുകയാണ് ചെയ്തത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതും ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ലാഭം കൈപ്പറ്റരുത് എന്നുമാണ് കമ്പനിയുടെ ബൈലോയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഡയരക്ടര്‍ ബോര്‍ഡിലുള്ളവരും ഓഹരി ഉടമകളും തന്നെയാണ് യങ് ഇന്ത്യന്‍ കമ്പനിയിലുള്ളവരില്‍ ഭൂരിപക്ഷവും. 2011 ഫിബ്രവരി 26ന് നടന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ബോര്‍ഡ് യോഗത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വായ്പ്പ കൈപ്പറ്റിയതിനും ഓഹരികള്‍ കൈമാറിയതിനും അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.
അസോസിയേറ്റഡ് ജേണല്‍സിന്റെ 1600 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ നിസാര വിലക്ക് യങ് ഇന്ത്യന്‍ വാങ്ങി എന്ന സാങ്കേതികത്വമാണ് സുബ്രഹ്മണ്യം സ്വാമി ഉന്നയിക്കുന്നത്. പക്ഷേ ഇത്തരം കൊടുക്കല്‍ വാങ്ങലുകളും ലയനങ്ങളും സ്വാഭാവികമാണെന്നും അസോസിയേറ്റഡ് ജേണല്‍സിന്റെ ചരിത്രവും പൈതൃകവും കൈമോശം വരാതിരിക്കാനാണ് നോണ്‍ പ്രോഫിറ്റബിള്‍ കമ്പനി രൂപീകരിച്ച് ഒരു പൈസ പോലും ലാഭേച്ഛയില്ലാതെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടത് എന്നുമുള്ള സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് പ്രതികാരരാഷ്ട്രീയമാണ് മോദി ഭരണകൂടം ഇവിടെ പയറ്റുന്നത്. കഴമ്പില്ലെന്ന് കണ്ട് ഇ.ഡി തള്ളിക്കളഞ്ഞ കേസാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നത്. ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസിന്റെ ഉടമസ്ഥതയില്‍നിന്ന് യങ് ഇന്ത്യന്‍ കമ്പനിയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട് എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.


നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ ന്യായാന്യായങ്ങളിലേക്ക് വന്നാല്‍ വെറും സാങ്കേതികത്വങ്ങള്‍ മാത്രമുള്ള വിഷയത്തെ പര്‍വതീകരിച്ച് വലിയ എന്തോ സാമ്പത്തിക കുറ്റകൃത്യമായി അവതരിപ്പിക്കുകയാണ്. നെഹ്‌റു കുടുംബത്തിനെതിരേ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് ഇ.ഡിയെന്ന കടലാസുപുലിയെ ഇറക്കി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago