ഇല്ലായ്മയുടെ ഒറ്റമുറി വീട്ടില്‍ ഒന്നിച്ചുറങ്ങി വളര്‍ന്നവര്‍…അന്ത്യനിദ്രയും ഒന്നിച്ച്; കുന്നുമ്മല്‍ വീട്ടില്‍ തനിച്ചായി സിറാജും സൈതലവിയും
ഇല്ലായ്മയുടെ ഒറ്റമുറി വീട്ടില്‍ ഒന്നിച്ചുറങ്ങി വളര്‍ന്നവര്‍…അന്ത്യനിദ്രയും ഒന്നിച്ച്; കുന്നുമ്മല്‍ വീട്ടില്‍ ഇനി രണ്ട് ഉപ്പമാര്‍ മാത്രം
പരപ്പനങ്ങാടി: ഒച്ചയും ബഹളവും നിറഞ്ഞു കുന്നുമ്മലിലെ കൊച്ചു വീട്ടില്‍ ഇനി നിശബ്ദത മാത്രം. കിടന്നുറങ്ങാന്‍ സ്ഥലമില്ലെന്നും പറഞ്ഞ് ഇനി സൈതലവിക്കും സിറാജിനും അടുത്തുള്ള ബന്ധു വീട്ടിലേക്ക് പോവണ്ട. കാരണം ഇനിയാ വീട്ടിലെ കുഞ്ഞുമുറി കാലിയാണല്ലോ...അവിടെ പായവിരിച്ച് തിങ്ങി ഞെരുങ്ങിക്കിടന്നിരുന്നവര്‍ യാത്രയായിരുന്നു. വിധിയുടെ വിളിക്കുത്തരമേകി ഒന്നിച്ചൊരു യാത്ര. പുത്തന്‍ കടപ്പുറത്ത് മഹല്ല് കമ്മറ്റി ഒരുക്കിയ ഖബറില്‍ തൊട്ടടുത്തായി ഇനി ഇവര്‍ അന്തിയുറങ്ങും.
ഹൃദയംപൊട്ടി താലൂക്ക് ആശുപത്രി പരിസരം
ഞായറാഴ്ച താനൂരിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേരാണ് യാത്രയായത്. സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ അസ്‌ന (18), ശംന (16), ഷഹ് ല (13), ഫിദ ദില്‍ന (8), സൈതലവിയുടെ സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹ്‌റ (8), ഫാതിമ റിഷ്ദ (7), സൈറ ഫാതിമ (10 മാസം), സൈതലവിയുടെ സഹോദരി നുസ്‌റത്ത് (35), നുസ്‌റത്തിന്റെ മകള്‍ ആയിഷ മെഹ്ദി (ഒന്നര) എന്നിവരാണ് ഒരു കുടംബത്തില്‍നിന്ന് ഈ ദുരന്തത്തിനിരയായത്. അവധി ദിനത്തില്‍ കുടുംബം ഒന്നിച്ച് താനൂരിലെ തൂവല്‍ തീരത്ത് എത്തിയതായിരുന്നു.
രണ്ട് കുഞ്ഞുങ്ങളെ രക്ഷിച്ചു; എന്റെ കുഞ്ഞിനെ മാത്രം രക്ഷിക്കാനായില്ല; വേദനയായി നിഹാസ്.
വിനോദ യാത്രകളും ഉല്ലാസങ്ങളും പതിവില്ലാത്തതാണ്. പ്രാരാബ്ധങ്ങളുടെ പങ്കപ്പാടിനിടയില്‍ അതേകുറിച്ചൊന്നും ചിന്തിക്കാന്‍ പോലും നേരം കിട്ടാറില്ല. ആറ്റു നോറ്റ് കാത്തിരുന്നൊരു യാത്ര. അത് പക്ഷേ അവസാന യാത്രയായി. ഒറ്റമുറി വീടാണ് സൈതലവിയുടേത്. മക്കള്‍ വളര്‍ന്ന് വലുതായതോടെ കുന്നുമ്മല്‍ വീട്ടിലെ ഗൃഹനാഥന്മാരായ സെയ്തലവിയുടെയും സിറാജിന്റെയും അന്തിയുറക്കം തൊട്ടടുത്തുള്ള പിതൃ സഹോദരി പുത്രി നഫീസയുടെ വീട്ടിലായിരുന്നു. ഇത്തിരികൂടി സൗകര്യമുള്ളൊരു വീട് എന്ന വലിയൊരു കിനാവിന് തറ തീര്‍ത്തിട്ടുണ്ട് അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."