നീലഗിരി ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴിലാകുന്നു
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫിസുകള്‍ ഒരു കുടക്കീഴിലാകുന്നു. 32 വിഭാഗങ്ങളുടെ ഓഫിസുകളാണ് ഊട്ടി ഫിങ്കര്‍പോസ്റ്റിലെ കെട്ടിടത്തിലേക്ക് മാറുക. ഇതിനായി 27 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
രണ്ട് വര്‍ഷം മുന്‍പാണ് കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നത്. വാര്‍ധക്യ പെന്‍ഷന്‍, ബാക്ക് വേഡ് വെല്‍ഫയര്‍ ഓഫിസ്, മൈനോറിറ്റി ഓഫിസ്, റവന്യു ഓഫിസ്, താലൂക്ക് ഓഫിസ്, വികലാംഗ ഓഫിസ്, തൊഴില്‍ വകുപ്പ് ഓഫിസ്, സാമൂഹിക കുടുംബ ക്ഷേമം, ആദിവാസി ക്ഷേമവകുപ്പ്, വനിതാസ്വായശ്രയ സംഘം ഓഫിസ് തുടങ്ങിയ 32 വകുപ്പുകളുടെ ഓഫിസുകളാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.
നിലവില്‍ ജില്ലാ കലക്ടറേറ്റിലാണ് പ്രസ്തുത ഓഫിസുകള്‍ പ്രവൃത്തിക്കുന്നത്. അസൗകര്യം കാരണം ഓഫിസുകളുടെ പ്രവര്‍ത്തനം പ്രയാസത്തിലായിരുന്നു. ഓഫിസുകളുടെ സുഗമമായ നടത്തിപ്പിനും പൊതുജനങ്ങളുടെ സൗകര്യവും കണക്കിലെടുത്താണ് മുഖ്യമന്ത്രി ജയലളിത പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഉത്തരവിട്ടത്. പുതിയ കെട്ടിടത്തിലേക്ക് റോഡ്, നടപ്പാത,കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങി ആധുനിക സജീകരണങ്ങളോടെയാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. അതേസമയം കലക്ടറേറ്റ് നിലവിലെ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കും. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കെട്ടിടത്തിലാണ് കലക്ടറുടെ ഓഫിസ് പ്രവൃത്തിക്കുന്നത്. പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കലക്ടറേറ്റ് റോഡിലെ ഗതാഗതകുരുക്കിനും പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."