പ്രധാനാധ്യാപകര്‍ക്ക് അമിത ജോലിഭാരം താളംതെറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ പ്രവര്‍ത്തനം
പനമരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ അമിത ജോലിഭാരം കാരണം സ്‌കൂളുകളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റുന്നതായി ആക്ഷേപം. സ്‌കൂളിന്റെ മുഴുവന്‍ ചുമതലകളും വഹിക്കേണ്ട പ്രധാനാധ്യാപകന്‍ ആഴ്ചയില്‍ 24 പിരിയഡുകള്‍ വരെ പഠിപ്പിക്കേണ്ടിയും വരികയാണ്.
ഇത് സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കുന്നതിലേക്ക് വരെ എത്തിക്കുകയാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്യൂണ്‍, ക്ലര്‍ക്ക് പോസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ ഈ പണികളും പ്രധാനാധ്യാപകനാണ് ചെയ്യേണ്ടത്. ഇതിനിടയില്‍ ആഴ്ചയില്‍ 24 പിരിയഡുകള്‍ വരെ പലരും ക്ലാസെടുക്കേണ്ടതായും വരുന്നു. ഇവര്‍ക്ക് ജോലിക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് സാധാരണ രീതിയില്‍ ലഭിക്കുന്ന ഗ്രേഡ് വര്‍ധനവും പ്രിന്‍സിപ്പല്‍ എന്ന കാരണത്താല്‍ ഈ അധ്യാപകര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തിയറിക്ക് പുറമെ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ കൂടി കൈകാര്യം ചെയ്യേണ്ടതിനാല്‍ പ്രധാനാധ്യാപകന്‍ ചെയ്യേണ്ട ദൈനംദിന ജോലികള്‍ പലപ്പോഴും മുടങ്ങിപ്പോവുകയാണ്. സംസ്ഥാനത്ത് 1903 സ്‌കൂളുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പിന് കീഴിലുള്ളത്.
ഇതില്‍ 357 സ്‌കൂളുകളിലൊഴിച്ച് ബാക്കിയെല്ലായിടത്തും പ്രധാനാധ്യാപകരുണ്ട്. ഇവരെല്ലാം തങ്ങളുടെ സ്‌കൂളുകളിലെ ദൈനംദിന ജോലികള്‍ക്ക് പുറമെ കുട്ടികള്‍ക്ക് ക്ലാസുമെടുക്കുന്നുണ്ട്. സ്‌കൂളുകളില്‍ ക്ലീനിങ് സ്റ്റാഫ് ഇല്ലാത്തതിനാല്‍ പലപ്പോഴും ഇത്തരം പ്രവര്‍ത്തികളും തങ്ങള്‍ തന്നെ ചെയ്യേണ്ടി വരുന്നതായും അധ്യാപകര്‍ ആരോപിക്കുന്നു.
ശൗചാലയങ്ങള്‍ പോലും വൃത്തിയാക്കാറുണ്ട് പലപ്പോഴും. ഇത്തരത്തിലുള്ള ജോലി ഭാരത്താല്‍ പ്രിന്‍സിപ്പല്‍ ജോലി ഏറ്റെടുക്കാന്‍ പലരും മടിക്കുകയാണെന്നും അധ്യാപകര്‍ പറയുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ നിരവധി തവണ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിട്ടും യാതൊരു വിധ പ്രതികരണവും നാളിതുവരെയായി ഉണ്ടായിട്ടില്ല. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്യൂണ്‍, ക്ലര്‍ക്ക് പോസ്റ്റുകള്‍ സൃഷ്ടിക്കണമെന്നും സ്റ്റാഫിനെ നിയമിക്കണമെന്നും ശുപാര്‍ശ ചെയ്യുന്ന ലബ്ബ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും കടലാസില്‍ തന്നെ കിടക്കുകയാണ്.
ലബ്ബ കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കിയാല്‍ തന്നെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് അധ്യാപകര്‍ പറയുന്നത്. പുതിയ സര്‍ക്കാരെങ്കിലും അനുകൂല നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."