ഓപൺ സർവകലാശാലയിൽ ഫീസ് മൂന്നിരട്ടിയിലധികം
ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം
സംസ്ഥാനത്തെ സർവകലാശാലകൾക്കു കീഴിലെ വിദൂരവിദ്യാഭ്യാസ വിഭാഗം നിർത്തലാക്കാൻ സർക്കാർ സമ്മർദം ശക്തമാക്കുമ്പോൾ പകരം സംവിധാനമായ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല ഈടാക്കുന്നത് മൂന്നിരട്ടി അധികം ഫീസ്. സ്വാശ്രയ കോളജുകളിലെ ഫീസിന് തുല്യമെന്ന രീതിയിലാണ് ഓപൺ സർവകലാശാലയിലെ ഫീസ് നിരക്കും.
ബി.ബി.എ, ബി.സി.എ കോഴ്‌സുകൾക്ക് ഈടാക്കുന്നത് 27230 രൂപയാണ്. ബി.എ, ബി.കോം കോഴ്‌സുകൾക്ക് ഫീസ് 17030 രൂപ. എം.എ, എം.കോം ഫീസ് നിരക്ക് 14770 രൂപ. മറ്റു സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ വഴിയുള്ള ബിരുദ കോഴ്‌സുകൾക്ക് ആറായിരം രൂപ മാത്രമാണ് ഈടാക്കുന്നത്.
ഓപൺ സർവകലാശാലയിൽ
ബിരുദ കോഴ്‌സുകളിൽ ഒരു സെമസ്റ്റർ സ്റ്റഡി മെറ്റീരിയൽ ഫീസ് 1800 രൂപയാണ്. ഇത്തരത്തിൽ ആറ് സെമസ്റ്ററിന്റെ സ്റ്റഡി മെറ്റീരിയൽ ഫീസ് മാത്രം 10,800 രൂപ വരും. മറ്റുസർവകലാശാലകളിൽ ഇതിന്റെ നാലിലൊന്നേ ഫീസ് വരൂ.
അയൽസംസ്ഥാനങ്ങളിൽ ഓപൺ സർവകലാശാലയ്‌ക്കൊപ്പം തന്നെ വിദൂര വിദ്യാഭ്യാസ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ എല്ലാ സർവകലാശാലകളിലേയും വിദൂരവിദ്യാഭ്യാസ വിഭാഗം നിർത്തലാക്കാനാണ് സർക്കാർ നീക്കം. ഓപൺ സർവകലാശാലയിലാകട്ടെ എല്ലാ കോഴ്‌സുകൾക്കും അംഗീകാരവും ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."